Kim-Trump, summit, meeting, US, North Korean, leaders, Singapore, 
in , ,

കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു

സിംഗപ്പൂര്‍ സിറ്റി: ഏതാനും മാസങ്ങൾക്ക് മുൻപ് പോലും തികച്ചും അസംഭവ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് ലോക രാഷ്ട്രത്തലവന്മാരുടെ ചർച്ചയ്ക്ക് സിംഗപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചു. ലോക സമാധാന ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ചർച്ചയിൽ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപും ( Kim-Trump ) സിംഗപ്പൂരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഒത്തുകൂടി.

ആറ് പതിറ്റാണ്ടിന് ശേഷമുള്ള ഇരു രാഷ്ട്രങ്ങളുടെ നേതാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുകയാണ്. നല്ല ബന്ധത്തിന്റെ തുടക്കമെന്നും പരസ്പരം മികച്ച ബന്ധമുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടപ്പോൾ സമാധാനത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് കിം വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ആരംഭമായത്. ലോക സമാധാനത്തിലേക്കുള്ള ചുവടു വയ്പ്പിനായി ആരംഭിച്ച ചർച്ചയിൽ പങ്കെടുക്കാൻ സിംഗപ്പൂര്‍ സമയം രാവിലെ ഒൻപത് മണിയോടെ കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും ഹോട്ടലിലെത്തി.

കൂടിക്കാഴ്ചയ്ക്ക് മുൻപ് ഇരുവരും സന്തോഷത്തോടെ പരസ്പരം കൈകൊടുത്ത ശേഷം മാധ്യമങ്ങളുമായി സംസാരിച്ചു. ചര്‍ച്ച വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും, ഉത്തരകൊറിയയുമായി നല്ല ബന്ധമാണെന്നും ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആണവ നിരായുധീകരണമാണ് ചർച്ചയിലെ പ്രധാന വിഷയം.

അതേസമയം, കിം-ട്രംപ് ഉച്ചകോടിയെക്കുറിച്ചുള്ള ചിന്തയില്‍ ഉറങ്ങാനായില്ലെന്നും ചർച്ച വിജയിക്കണമെന്ന് അത്യധികമായ ആഗ്രഹിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ അഭിപ്രായപ്പെട്ടു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണത്തിലേക്ക് ഇതു നയിക്കുമെന്നാണു പ്രതീക്ഷയെന്നും മൂണ്‍ ജെ ഇന്‍ പ്രതികരിച്ചു.

പഴയ കാര്യങ്ങളെല്ലാം അപ്രസക്തമാണെന്നായിരുന്നു കിം ജോങ് ഉന്നിന്റെ പ്രതികരണം. ധാരാളം പ്രതിസന്ധികളും തടസങ്ങളും മറികടന്നാണ് തങ്ങള്‍ ചർച്ചയ്‌ക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയ നിമിഷം തന്നെ പരസ്പരം ഹസ്തദാനം ചെയ്തതിനുശേഷമാണ് കൂടിക്കാഴ്ച ആരംഭിച്ചത്.

ആദ്യത്തെ വോണ്‍ ഓണ്‍ വണ്‍ ചര്‍ച്ച വളരെ മികച്ചതായിരുന്നു എന്നും ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും ട്രംപ് പ്രസ്താവിച്ചു. പഴയ കാലത്തുണ്ടായ മുന്‍വിധികളും വ്യവഹാരങ്ങളും തങ്ങള്‍ക്കു മുന്നില്‍ തടസ്സമായി നിന്നെന്ന് കിം പ്രതികരിച്ചു.

എന്നാൽ അവയൊക്കെ മറികടന്നാണ് ഇവിടെ കൂടിക്കാഴ്ചക്ക് എത്തിയതെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണ് വിശ്വാസമെന്നും കിം അഭിപ്രായപ്പെട്ടു.

ഇരുനേതാക്കളും പരിഭാഷകരും മാത്രമായി അടച്ചിട്ട മുറിയിലായിരുന്നു ആദ്യ ചര്‍ച്ച നടന്നത്. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ കടുത്ത ശത്രുതയിൽ തുടർന്ന ഇരുരാജ്യങ്ങളിലെയും മേധാവികളുടെയും ആദ്യ കൂടിക്കാഴ്ചയെ ചരിത്രപരമെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

1950-53 വര്‍ഷങ്ങളിലെ കൊറിയന്‍ യുദ്ധത്തിന് വിരാമമായെങ്കിലും സമാധാനക്കരാറില്‍ ഒപ്പു വച്ചിട്ടില്ലാത്തതിനാല്‍ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധാവസ്ഥയിലാണ്. ഉച്ചകോടിയില്‍ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കാര്യത്തില്‍ തീരുമാനമായേക്കും.

1950 ജൂണ്‍ മുതല്‍ 1953 ജൂലൈ വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തില്‍ 36,000 അമേരിക്കന്‍ സൈനികരടക്കം 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വണ്‍ ഓണ്‍ വണ്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച. നയതന്ത്രസംഘവും ഇരു രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം സിംഗപ്പൂരിലെത്തിയിട്ടുണ്ട്. ട്രംപ്-കിം സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷം നയതന്ത്രതലത്തിലുള്ള കൂടിക്കാഴ്ചയും നടക്കും.

വിദേശകാര്യ സെക്രട്ടറി പോംപയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണ് അമേരിക്കന്‍ സംഘത്തിലുള്ളത്.

ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റീ യോങ് ഹോ, കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹൂയ് എന്നിവര്‍ കിമ്മിനൊപ്പം എത്തിയിട്ടുണ്ട്.

ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ തന്നെയാകും കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. സിംഗപ്പൂരിലെ ചര്‍ച്ചയ്ക്ക് പിന്നാലെ ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്തുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.

ആണവ നിരായുധീകരണം നടപ്പിലാക്കുന്നതായുള്ള കിം ജോങ് ഉന്നിന്റെ പ്രസ്താവനയും അമേരിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തര്‍ക്കങ്ങളെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്.

ഇതിനു പുറമെ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കാനും, ഐക്യരാഷ്ട്രസഭ രക്ഷാസമിതി ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടക്കുമെന്നും റിപ്പോർട്ടുണ്ട്.

ഉത്തര കൊറിയയില്‍ 1,20,000 രാഷ്ട്രീയത്തടവുകാരുണ്ടെന്നാണ് സൂചന. ഇവരെ വിട്ടയ്ക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്ന് റിപ്പോർട്ടുണ്ട്. മാസങ്ങൾക്കു മുൻപ് വരെ പരസ്പരം വെല്ലുവിളിച്ചിരുന്ന നേതാക്കളാണ് ഇപ്പോൾ സ്വയം ചർച്ചയ്ക്കായി തയ്യാറായത്.

എന്തായാലും നാല് അമേരിക്കൻ പ്രസിഡന്റുമാര്‍ നേരത്തെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ഉത്തരകൊറിയയ്ക്കു മുന്നില്‍ ഒരു തരത്തിലും അടിയറവു പറയാതെ ഇപ്പോൾ ട്രംപ് നേടിയെടുത്തിരിക്കുന്നത്.

ലോകത്തിന് മുന്നിൽ തങ്ങൾക്കുള്ള വില്ലൻ പരിവേഷത്തിന് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യവും ഈ നേതാക്കന്മാർ ആഗ്രഹിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന സന്ദേശവുമായി സിസ്സ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു

immunity, tips, boost, health experts, immune system,  total health, simple diet, exercise, warn, sniffling, cold and fever, precautions, medicines, 

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ചില ലളിത മാർഗ്ഗങ്ങൾ