in ,

കൊച്ചി ബിനാലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പ്രളയ ദുരിത ബാധിതർക്ക് വീടുകള്‍ 

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ പവിലിയന്‍ പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍  ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.

ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് ബിനാലെ പവലിയന്‍ ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി.

കൊച്ചിയില്‍ ബിനാലെ ഫൗണ്ടേഷന്‍ ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെയുമായി ഒരുക്കിയ മീറ്റ് ദി ക്യൂറേറ്റര്‍ പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ കലാസൃഷ്ടികളുടെ ലേലം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ബിനാലെയ്ക്ക് ശേഷം പവിലിയന്‍ പൊളിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി.

നാല്പതില്‍ പരം കലാകാരന്മാരുടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍, പ്രതിമകള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയാണ് ലേലത്തിന് വയ്ക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുള്ളത്. ബിനാലെ നാലാം ലക്കത്തിന്‍റെ കാലയളവില്‍ 2019 ജനുവരി 18-ാം തിയതിയാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്.

കേരളത്തിനെ ബാധിച്ച പ്രളയത്തെ തുടര്‍ന്ന് ബിനാലെയോടുള്ള തന്‍റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. സൃഷ്ടികളുടെ പുതിയ സാധ്യതകളിലേക്കും പ്രമേയങ്ങളിലേക്കും എത്താന്‍ ഇത് കാരണമായി. പല കലാകാരന്മാരും തങ്ങളുടെ സൃഷ്ടികളില്‍ തന്നെ പ്രളയം പ്രമേയമായി കൊണ്ടു വരാന്‍ തയ്യാറായി. ഇതെല്ലാം നവകേരളത്തോടുള്ള ഐക്യദാര്‍ഢ്യമാണെന്നും അവര്‍ പറഞ്ഞു.

ബിനാലെ നാലാം ലക്കത്തെ രണ്ടായി തിരിക്കാം. പ്രദര്‍ശനവും പവിലിയനും. പവിലിയനില്‍ ആര്‍ക്കും ക്യൂറേറ്ററാകാമെന്ന് അനിത ദുബെ ചൂണ്ടിക്കാട്ടി. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവിടെ അവതരിപ്പിക്കാനാകും.

സഹവര്‍ത്തിത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അടങ്ങാത്ത ആഗ്രഹമായിരിക്കും ബിനാലെ നാലാം ലക്കത്തിന്‍റെ പ്രമേയം. ആടിയും പാടിയും ഒന്നിച്ച് ഭക്ഷണം കഴിച്ചും ഈ സ്വപ്നം ആഘോഷിക്കണമെന്നും അവര്‍ പറഞ്ഞു.

ഇത്രയധികം ബന്ധപ്പെട്ടു കിടക്കുന്ന ജീവിതത്തിലും ജനങ്ങള്‍ അന്യവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതു നമ്മെ വലതുപക്ഷ ക്ഷുദ്രരാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ അപകടത്തിലേക്ക് നയിക്കുന്നു. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം മാര്‍ക്സിസ്റ്റ് ബിനാലെ ആയിരിക്കുമോയെന്ന ചോദ്യത്തിന് കലാപ്രദര്‍ശനത്തെ മുദ്രാവാക്യങ്ങളിലൂടെ രാഷ്ട്രീയവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷെ ആശയസംവാദത്തിനു തടസമില്ലെന്നും അവര്‍ പറഞ്ഞു.

ജനങ്ങളുടെ കൂടി താത്പര്യാര്‍ത്ഥമാണ് പ്രളയക്കെടുതിയ്ക്ക് ശേഷവും ബിനാലെ പ്രദര്‍ശനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി വി സുനില്‍ പറഞ്ഞു. പ്രത്യേകിച്ചും ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലെ ജനങ്ങള്‍ ബിനാലെ നടന്നു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ജനങ്ങളില്‍ പ്രതീക്ഷ, ഊര്‍ജ്ജം, ശുഭാപ്തി വിശ്വാസം എന്നിവ വളര്‍ത്താനും ബിനാലെ പ്രദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ഫൗണ്ടേഷന്‍ ഉറച്ചു വിശ്വസിച്ചു. രക്ഷാധികാരികളുടെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബിനാലെ പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഫൗണ്ടേഷന്‍ സമകാലീന കലാരംഗത്ത്  നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോസ് കൃഷ്ണമാചാരി സംസാരിച്ചു. സ്റ്റുഡന്‍റ്സ് ബിനാലെ, ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടി, ആര്‍ട്ട് ബൈ ചില്‍ഡ്രണ്‍, പെപ്പര്‍ ഹൗസ് റെസിഡന്‍സി, മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോസ്, ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍, വീഡിയോ ലാബ് പരിപാടികള്‍ എല്ലാം വര്‍ഷം മുഴുവനുമുള്ള പരിപാടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് നടക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലുലു സൈബര്‍ ടവര്‍ നവകേരള നിര്‍മിതിക്കുള്ള മികച്ച തുടക്കം: മുഖ്യമന്ത്രി

ബിനാലെയ്ക്ക് ഒരുങ്ങി കൊച്ചി; ഡിസംബർ 12ന് തുടക്കമാകും