Kochi, Edappally,society,  Preetha Shaji ,mortgage, society, bank,  housewife, protest, petrol, police, court, real estate,
in , , ,

ഇല്ല, സമൂഹം അത്രമേൽ സ്വാർത്ഥമല്ല

സ്വാർത്ഥതതയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലും വെട്ടിനുറുക്കാൻ മടിക്കാത്തവരെന്നും മാതാപിതാക്കളെപ്പോലും നടുറോഡിൽ ഉപേക്ഷിക്കുന്നവരായി നാം അധഃപതിച്ചുവെന്നുമുള്ള ആക്ഷേപങ്ങൾ നിരന്തരം ഉയരുന്ന വേളയിൽ ഇതാ കൊച്ചിയിലെ ഇടപ്പള്ളിയിൽ നിന്നൊരു നല്ല വാർത്ത. സമൂഹത്തിൽ ( society ) സഹകരണ മനോഭാവം കുറയുന്നുവെന്ന പരാതികൾക്കിടയിൽ പരസ്പരം ആലംബമരുളിക്കൊണ്ട് ഒരു വീട്ടമ്മയുടെ രക്ഷയ്ക്ക് നാട്ടുകാർ ഒത്തൊരുമിക്കുന്ന കാഴ്ചയാണ് നാമിന്ന് കൊച്ചിയിൽ കണ്ടത്.

പെട്രോളും മണ്ണെണ്ണയുമായി നാട്ടുകാർ ജപ്തി നടപടി തടസ്സപ്പെടുത്തിയപ്പോൾ ഇടപ്പള്ളിയിലെ പ്രീത എന്ന വീട്ടമ്മ തിരിച്ചറിഞ്ഞു; അതെ, താൻ ഒറ്റയ്ക്കല്ല. തനിക്കൊപ്പം മനുഷ്യസ്നേഹികളായ കുറേയേറെ നാട്ടുകാരുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് ഒരാളെ വഴിയാധാരമാക്കുവാനുള്ള ശ്രമത്തെ നിർവികാരതയോടെ കൈയും കെട്ടി നോക്കി നില്ക്കാൻ തങ്ങൾക്കാകില്ലെന്നും ആ നാട്ടുകാർ തെളിയിച്ചിരിക്കുന്നു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് പഞ്ഞമില്ലാത്ത ഈ നാട്ടിൽ ഒരു വീട്ടമ്മയെ സഹായിക്കുവാനായി സ്വയം കത്തിച്ചാമ്പലാകാൻ പോലും മടികാട്ടാതെ നാട്ടുകാർ സംഘടിച്ചപ്പോൾ അധികൃതർ ജപ്തി നടപടി തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്.

പ്രതിഷേധം രൂക്ഷം

വീട്ടമ്മയുടെ കിടപ്പാടത്തിനായി പോരാടിയവർ സമരപ്പന്തൽ തീയിട്ടപ്പോൾ കൃത്യസമയത്തു തന്നെ ഫയർ ഫോഴ്‌സ് തീ അണച്ചതിനാലാണ് കൂടുതൽ അനിഷ്‌ട സംഭവം ഒഴിവായത്. പെട്രോളും മണ്ണെണ്ണയും പന്തങ്ങളുമായി പ്രതിഷേധക്കാർ പോലീസിനെ എതിർത്തതോടെ ജപ്തി നടപടികൾ മതിയാക്കി പോലീസ് സംഘം പിന്തിരിഞ്ഞു. ബഹളത്തിനിടെ ഒരു നാട്ടുകാരിക്ക് പരിക്കേറ്റു.

പിന്തുണയുമായി ജനപ്രതിനിധികൾ

പ്രദേശത്ത് സംഘർഷം ഉണ്ടായതിനെ തുടർന്ന് ജനപ്രതിനിധികളുടെ പ്രതികരണവും ശ്രദ്ധേയമായി. ആരുടെയും കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നിലപാടെന്ന് ധനമന്ത്രി അറിയിച്ചിരിക്കുന്നു. ജപ്തി നടപടി നിർത്തി വച്ച് ബാങ്ക് ഉൾപ്പെടെയുള്ളവർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഈ വിഷയത്തിൽ പ്രതീക്ഷ വീണ്ടും പുലരുകയാണ്.

സംഭവം തികച്ചും അന്യായമാണെന്നും കോടതിയുടെ വിധിയെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ  കോടതി മനുഷ്യത്വരഹിതമായ നടപടിയാണ് കൈക്കൊണ്ടിരിക്കുന്നതെന്ന പരാതിയാണ് തങ്ങൾക്കുള്ളതെന്നും  സമരപ്പന്തൽ സന്ദർശിക്കവെ പി ടി തോമസ് എം എൽ എ അഭിപ്രായപ്പെട്ടു

ഭൂമാഫിയക്കെതിരെ വീട്ടമ്മയും നാട്ടുകാരും

വിഷയത്തിൽ ഭൂമാഫിയയുടെ ശക്തമായ ഇടപെടലുണ്ടെന്ന് വീട്ടമ്മ ആരോപിച്ചു. ഏഴു മാസം മാത്രം പ്രായമുള്ള കുഞ്ഞു കൂടി ആ വീട്ടിലുണ്ടെന്നും ബാങ്കുകാർ ഭൂമാഫിയയ്ക്ക് കൂട്ട് നിൽക്കുകയാണെന്നുമാണ് പ്രീതയുടെ ആരോപണം.

മനുഷ്യത്വരഹിതമായ നടപടിയാണ് ബാങ്ക് കൈക്കൊണ്ടിരിക്കുന്നതെന്നും തങ്ങൾ ഈ നടപടിയെ ശക്തമായി എതിർക്കുമെന്നും വീട്ടമ്മയ്ക്ക് പിന്തുണയുമായെത്തിയ പ്രതിഷേധക്കാർ വ്യക്തമാക്കി.

സുഹൃത്തിന്റെ സഹായിച്ച വീട്ടമ്മയ്ക്ക് ജപ്തി ഭീഷണി!

കൊച്ചി ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജി എന്ന വീട്ടമ്മയ്ക്കാണ് സുഹൃത്തിനെ സഹായിച്ചതിന്റെ പേരില്‍ ഈ ദുര്യോഗമുണ്ടായിരിക്കുന്നത്.

സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ 1994-ല്‍ പ്രീത ഷാജി ജാമ്യം നിന്നിരുന്നു. 2.30 കോടി രൂപ കുടിശ്ശികയായെന്ന പേരിലാണ് പ്രീതയുടെ രണ്ടരക്കോടി രൂപ വില വരുന്ന സ്ഥലം ബാങ്ക് ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചത്.

50 ലക്ഷം രൂപ വരെ താന്‍ തിരിച്ചടക്കാന്‍ തയ്യാറാണ് എന്ന് പ്രീത ബാങ്കിനെ അറിയിച്ചുവെങ്കിലും ഒന്നരക്കോടി രൂപ വേണമെന്ന നിലപാടില്‍ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോവുകയായിരുന്നു.

കോടതി തീരുമാനം

ആവശ്യമെങ്കില്‍ ജപ്തിക്ക് വേണ്ടി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം കിടപ്പാടം ഏറ്റെടുക്കണം എന്നാണ് ജൂണ്‍ 18-ലെ കോടതി ഉത്തരവ്.

വീട്ടമ്മയുടെ പോരാട്ടം

Kochi, Edappally,society,  Preetha Shaji ,mortgage, society, bank,  housewife, protest, petrol, police, court, real estate,

ബാങ്കിന്റെ ജപ്തി നടപടികള്‍ക്കെതിരെ പ്രീത വീടിന് സമീപം ചിതയൊരുക്കി പ്രതിഷേധിച്ചത് ജനശ്രദ്ധ നേടിയിരുന്നു. 292 ദിവസത്തോളമാണ് ചിതയൊരുക്കി പ്രീത പ്രതിഷേധിച്ചത്. എന്നാൽ വീട്ടമ്മയുടെ പ്രതിഷേധം തുടരവെ ഹൈക്കോടതിയെ സമീപിച്ച ബാങ്ക് അനുകൂല ഉത്തരവ് നേടിയെടുക്കുകയായിരുന്നു.

സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ 

തുടര്‍ന്ന് ജപ്തി നടപടികള്‍ക്കായി അധികൃതര്‍ സ്ഥലത്ത് എത്താനിരിക്കെ സംഘടിച്ച നാട്ടുകാർ വന്‍ പ്രതിഷേധത്തിന് തുടക്കമിടുകയായിരുന്നു. ജപ്തി നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.

ഹൈക്കോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന്‍ രാവിലെ എത്തുമെന്ന വിവരത്തെ തുടര്‍ന്നാണ് നാട്ടുകാർ പ്രദേശത്ത് തമ്പടിച്ചത്. പോലീസ് ഗോബാക്ക് വിളികളാൽ ആ പ്രദേശം മുഖരിതമായി.

പ്രതിഷേധക്കാരുടെ ആത്മഹത്യാ ഭീഷണി

പ്രീതയ്ക്ക് പിന്തുണയുമായെത്തിയ നൂറുകണക്കിന് നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ അധികൃതർ ആശങ്കയിലായി.

നാട്ടുകാരില്‍ ചിലർ പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച്തോടെ പോലീസ് അങ്കലാപ്പിലാകുകയായിരുന്നു. ജപ്തി നടപടി ഉണ്ടായാല്‍ ദേഹത്ത് തീകൊളുത്തും എന്ന ഭീഷണിക്കിടെ കൂട്ടത്തില്‍ ചിലര്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.

ജീവന്‍ വെടിയുമെന്ന് പ്രീതയും

പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജപ്തി നടത്തിയാൽ താന്‍ ജീവന്‍ വെടിയുമെന്നാണ് പ്രീത ഷാജി വ്യക്തമാക്കിയിരിക്കുന്നത്.

കിടപ്പാടത്തിനു വേണ്ടിയുള്ള ഒരു വീട്ടമ്മയുടെ ന്യായമായ സമരത്തിന് വർദ്ധിച്ച ജനപിന്തുണ കൂടി ലഭിച്ചതോടെ ഈ വിഷയത്തിന് മറ്റൊരു തലം കൂടി കൈവന്നിരിക്കുകയാണ്. മനുഷ്യത്വപരമായ സമീപനവുമായി ഒരു നാടാകെ ഒന്നിച്ചപ്പോൾ ഒട്ടനേകം ചോദ്യങ്ങൾ ഉയരുകയാണ്.

പുതുതലമുറ ബാങ്കുകളുടെ കൊള്ളയടി

പ്രീതയുടെ ഭർത്താവ്​ ഷാജിയുടെ ഇടപ്പള്ളിയിലുള്ള കോടികൾ മൂല്യമുള്ള 17 സെന്റ് സ്​ഥലവും വീടും ബാങ്ക്​ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെയാണ്​ താൻ നിരാഹാര സമരം നടത്തുന്നതെന്നും നിരാഹാര വേളയിൽ പ്രീതി അറിയിച്ചിരുന്നു.

സുഹൃത്ത്​ വായ്​പയായെടുത്ത രണ്ട്​ ലക്ഷം രൂപയിലേറെ ഷാജി ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ടെന്നും പ്രീത നേരത്തെ അറിയിച്ചിരുന്നു. പ്രീത ഷാജിയെ സന്ദർശിച്ച സാമൂഹിക പ്രവർത്തകനും ദേശീയപാത ആക്ഷൻ കമ്മിറ്റി നേതാവുമായ ഹാഷിം ചേന്ദമ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എച്ച് ഡി എഫ് സി ബാങ്കും ഭൂമാഫിയയും ചേർന്ന് തട്ടിപ്പു നടത്തുകയാണെന്ന് ആരോപിച്ച് വീട്ടമ്മ നടത്തിയ സമരം ജനശ്രദ്ധ നേടിയത്.

കോടാനുകോടികൾ തട്ടിയെടുത്ത്​ കോർപ്പറേറ്റ്​ മുതലാളിമാർ സമൂഹത്തിൽ വിലസുമ്പോഴാണ് അവർക്കെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാതെ നിൽക്കുന്ന ബാങ്കുകൾ സാധാരണക്കാരുടെ കിടപ്പാടം പോലും തട്ടിയെടുത്ത് അവരെ വഴിയാധാരമാക്കാൻ കോപ്പുകൂട്ടുന്നത്.

തഴച്ചു വളരുന്ന ഭൂമാഫിയ

Kochi, Edappally,society,  Preetha Shaji ,mortgage, society, bank,  housewife, protest, petrol, police, court, real estate,

കേരളത്തിലങ്ങോളമിങ്ങോളം ഫ്ലാറ്റ് സമുച്ചയങ്ങൾ കൂണുകൾ പോലെ മുളച്ചുയരവെ അതിനു പിന്നിൽ നടക്കുന്ന അനീതികളെ കുറിച്ചുള്ള ഒട്ടേറെക്കഥകൾ അണിയറയിൽത്തന്നെ മറഞ്ഞിരിക്കുകയാണ്. വല്ലപ്പോഴും അതിനെതിരെയുള്ള ചില റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും അതെല്ലാം കാലക്രമേണ തേഞ്ഞു മാഞ്ഞു പോകുകയാണ് പതിവെന്ന് പരക്കെ ആക്ഷേപമുണ്ട്.

കോടികളുടെ മണിക്കിലുക്കമുള്ള ഈ ബിസിനസ്സിൽ നിശ്ശബ്ദരാക്കപ്പെടുന്നവർ അനേകരുണ്ടെങ്കിലും അവരുടെ നിലവിളികൾ പലപ്പോഴും പുറംലോകമറിയാറില്ല. അല്ലെങ്കിൽ അറിയിക്കാറില്ല. അറിഞ്ഞാലും പലപ്പോഴും നാം അതിനു പിന്നിൽ പോകാറില്ല. ഈ വേളയിലാണ് ഒരു വീട്ടമ്മയുടെ ന്യായമായ ആവശ്യത്തിന് കൂട്ടായി നാട്ടുകാർ സംഘടിച്ചിരിക്കുന്നത്.

ആളും അർത്ഥവുമുണ്ടെങ്കിൽ എന്തുമാകാമെന്ന ചിലരുടെ ധാർഷ്ട്യം ഒരു സ്ത്രീയെ നിരാലംബയാക്കുവാനായി ശ്രമിക്കുമ്പോൾ സംഘടിത ശക്തിയിലൂടെ ആ വനിതയെ സംരക്ഷിക്കാൻ തയ്യാറായ ആ സമൂഹം നല്ലൊരു കൈയ്യടി അർഹിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി ശൈലജ ടീച്ചര്‍ 

മോദിയുടെ 3 വർഷത്തെ ഭരണം: 36000 കർഷക ആത്മഹത്യകളെന്ന് വാർത്ത