ബിനാലെയ്ക്ക് ഒരുങ്ങി കൊച്ചി; ഡിസംബർ 12ന് തുടക്കമാകും 

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമാമാങ്കത്തിന് കൊടിയേറാന്‍ ഇനി 30 ദിവസം കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കും.

ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി ബിനാലെ നാലാം ലക്കം 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29 നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പ്രധാനവേദികള്‍. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ടായിരിക്കും ബിനാലെ അരങ്ങേറുന്നത്.

ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്താണ് അനിത ദുബെ കൊച്ചി ബിനാലെയ്ക്കായുള്ള പ്രതിഷ്ഠാപനങ്ങള്‍ കണ്ടെത്തിയത്. ലോകത്തിലെ സൂപ്പര്‍ പവര്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം മന:പൂര്‍വം കുറച്ച് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പൂര്‍വ്വേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയാണ് അനിത ബിനാലെയ്ക്കായി തെരഞ്ഞെടുത്തത്. ഇക്കുറി ബിനാലെയില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും നാലാം ലക്കത്തിനുണ്ട്.

ബറോഡയിലെ മഹാരാജ സായാജിറാവു സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ അനിത ദുബെ ‘അന്യത്വത്തില്‍ നിന്ന് അന്യോന്യതയിലേക്ക്’ എന്ന തന്‍റെ ക്യൂററ്റോറിയല്‍ പ്രമേയത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയാണ് തെരഞ്ഞെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. ജനങ്ങളുടെ പിന്തുണയാണ് കൊച്ചി ബിനാലെയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അനിത ദുബെ ചൂണ്ടിക്കാട്ടുന്നു.

സന്ദര്‍ശകന് കേള്‍ക്കാനും കാണാനും, പങ്കുവയ്ക്കാനും കഴിയുന്ന പ്രതിഷ്ഠാപനങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമമെന്നും അനിത ദുബെ പറഞ്ഞു.

ചിന്തിക്കുന്ന കലാകാരി എന്നാണ് അനിത ദുബെയെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി വിശേഷിപ്പിക്കുന്നത്. താന്‍ പരിചയിക്കുന്ന ഇടം, വസ്തുക്കള്‍, കരവിരുത്, എന്നിവയുമായെല്ലാം സംവേദക ശീലമായ ബന്ധം അനിത കൈവരിക്കുന്നു. സമകാലീനമായ ശ്രദ്ധയോടെ വിജ്ഞാനപ്രദമായും നൈപുണ്യത്തോടെയും തനിക്കു പറയാനുള്ളത് അവതരിപ്പിക്കുകയെന്നതാണ് അനിതയുടെ ക്യൂറേഷന്‍റെ ശീലമെന്നും ബോസ് പറയുന്നു.

കൊച്ചി -മുസിരിസ് ബിനാലെയുടെ ആദ്യ വനിത ക്യൂറേറ്റര്‍ കൂടിയാണ് അനിത. ബിനാലെ പവലിയനെ വിജ്ഞാനത്തിന്‍റെ പരീക്ഷണശാലയാക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അനിത ദുബെ പറഞ്ഞു.

ബിനാലെ പ്രദര്‍ശനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചു നല്‍കുന്നതിനു വേണ്ടി 20 ആര്‍ട്ട് മീഡിയേറ്റര്‍മാരെ ബിനാലെ ഫൗണ്ടേഷന്‍ തയ്യാറാക്കുന്നുണ്ട്. ഫൗണ്ടേഷന്‍റെ പരിശീലന പരിപാടിയിലൂടെ ബിനാലെ പ്രദര്‍ശനങ്ങളിലൂടെ സൗജന്യമായി ഗൈഡഡ് ടൂറുകല്‍ സംഘടിപ്പിക്കുന്നതിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

ആസ്പിന്‍വാള്‍ ഹൗസ്, ഡര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ് (ബിനാലെ പവലിയന്‍), ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, ഉരു ആര്‍ട്ട് ഹാര്‍ബര്‍, ഡച്ച് വെയര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ് എന്നിവയാണ് ബിനാലെ നാലാം ലക്കത്തിന്‍റെ 9 വേദികള്‍.

കൊച്ചി-മുസിരിസ് ബിനാലെയിലെ അനുബന്ധപരിപാടികള്‍ ആസ്വാദകര്‍ക്ക് ആവേശമുണര്‍ത്തുന്നതാകും. ലെറ്റ്സ് ടോക്ക് സംഭാഷണ പരമ്പരകള്‍, ആര്‍ട്ടിസ്റ്റ്സ് സിനിമ, ത്രീ സീസ് പ്രൊജക്ട്, ടിഎം കൃഷ്ണ, ഇംഫാല്‍ ടാക്കീസ്, ഇന്‍സറക്ഷന്‍സ് എന്‍സംബിള്‍ എന്നിവരുടെ സമകാലീന സംഗീത വിരുന്ന് എന്നിവയെല്ലാം ബിനാലെയ്ക്ക് മിഴിവേറ്റും.

പെപ്പര്‍ ഹൗസ് റെസിഡന്‍സിയുടെ ഭാഗമായുള്ള ഗ്രാഫിറ്റി പരിപാടി കഴിഞ്ഞ ഒരു മാസമായി തുടര്‍ന്നു വരികയാണ്. ഡിസംബര്‍ 15 ന് ഇതവസാനിക്കും.  കൊച്ചിയുടെ സാംസ്കാരികവും പൈതൃകവും സാമൂഹികവുമായ പ്രത്യേകതകളെ റെസിഡന്‍സി പരിപാടിയിലൂടെ എത്തുന്ന കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടിയിലേക്ക് സ്വാംശീകരിക്കുന്ന പ്രദര്‍ശനം ബിനാലെയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

ഗറില്ല ഗേള്‍സ്, ബ്രാച്ച എറ്റിംഗര്‍, ഓട്ടോലിത്ത് ഗ്രൂപ്പ്, എന്നീ കലാകാരന്മാരുടെ പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും ബിനാലെയുടെ ആദ്യ വാരത്തിലുണ്ടാകും. ഇതോടൊപ്പം സിനിമ പ്രദര്‍ശനം, സംഗീതം തുടങ്ങിയവ വെബ്സൈറ്റില്‍ ലഭിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊച്ചി ബിനാലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പ്രളയ ദുരിത ബാധിതർക്ക് വീടുകള്‍ 

ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക സംവിധാനം