മൃണാളിനി മുഖര്‍ജിയ്ക്ക് ആദരമർപ്പിച്ച് കൊച്ചി-മുസിരിസ് ബിനാലെ

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ എറണാകുളത്തെ വേദിയായ ദര്‍ബാര്‍ ഹാളിലേക്ക് കയറുമ്പോള്‍ തന്നെ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് അന്തരിച്ച പ്രശസ്ത ആര്‍ട്ടിസ്റ്റ് മൃണാളിനി മുഖര്‍ജിയുടെ പ്രതിഷ്ഠാപനമാണ്. പെയിന്‍റിംഗിലും പ്രതിമകളിലും തീര്‍ത്ത ഈ സൃഷ്ടികള്‍ പല തലങ്ങളിലുള്ള സ്ത്രീത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്.

സ്ത്രീകളും ലൈംഗികതയുമാണ് മൃണാളിനിയുടെ ബിനാലെ സൃഷ്ടികളുടെ കാതല്‍. ചണത്തില്‍ തീര്‍ത്ത എല്ലാ ശില്‍പങ്ങളും സ്ത്രീകളുടെ ജനനേന്ദ്രിയത്തെ പ്രതീകവത്ക്കരിക്കുകയാണ്.  അതേസമയം വെങ്കലത്തില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് പ്രകൃതിയുമായാണ് സാമ്യം. മരങ്ങള്‍, നിലാവുള്ള രാത്രി, അസ്തമയം, മഴ, കൊടുങ്കാറ്റ് തുടങ്ങിയവ മൃണാളിനിയുടെ സൃഷ്ടിയില്‍ പ്രതീകങ്ങളാകുന്നു.

പശ്ചിമ ബംഗാളിലെ ശാന്തിനികേതനില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളായ ബെനോഡ് ബേഹരി, ലീല മുഖര്‍ജി ദമ്പതികളുടെ മകളായ മൃണാളിനി ബറോഡയിലെ എംഎസ് സര്‍വകലാശാലയില്‍ നിന്നാണ് കലാബിരുദം കരസ്ഥമാക്കിയത്. കെ ജി സുബ്രഹ്മണ്യന്‍റെ കീഴില്‍ ചുവര്‍ച്ചിത്രകല പഠിച്ചതിനു ശേഷമാണ്, പ്രതിമാനിര്‍മ്മാണത്തിലേക്ക് അവര്‍ കടന്നത്. വെങ്കലം, മെഴുക്, കളിമണ്‍ എന്നിവയായിരുന്നു മാധ്യമങ്ങള്‍.

ബറോഡ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ചണത്തിന്‍റെ കലാസാധ്യതകളെക്കുറിച്ച് മൃണാളിനി ശ്രദ്ധിക്കുന്നത്. മൃഗം, വള്ളിപ്പടര്‍പ്പുകള്‍, ലൈംഗികാവയങ്ങള്‍ എന്നിവ പോലെ തോന്നിക്കുന്നതാണ് ഈ സൃഷ്ടികള്‍. 1970-ല്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സ്കോളര്‍ഷിപ്പിനായി പരിശീലിക്കുന്നതു മുതല്‍ മൃണാളിനി പ്രകൃതിദത്ത നാരുകള്‍ അടിസ്ഥാനമാക്കിയുള്ള സൃഷ്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

നാഗദേവതയെപ്പോലെയാണ് മൃണാളിനിയുടെ സൃഷ്ടികള്‍ തോന്നിപ്പിക്കുന്നത്. വള്ളിപ്പടര്‍പ്പുകള്‍ കയറിയ വലിയൊരു മരത്തെ അവര്‍ ചണം കൊണ്ട് സൃഷ്ടിച്ചിട്ടുണ്ട്. ആത്മീയവും സാമൂഹ്യവുമായ ഘടകങ്ങള്‍ കൊണ്ട്പ്രാധാന്യമര്‍ഹിക്കുന്നവയാണവ.

വൈവിദ്ധ്യം കൊണ്ടും ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രത്യേകത കൊണ്ടും മൃണാളിനിയുടെ സൃഷ്ടികള്‍ വേറിട്ടു നില്‍ക്കുന്നുവെന്ന് ബിനാലെ ക്യൂറേറ്റര്‍ അനിത ദുബെ പറഞ്ഞു. ഇന്ത്യന്‍ കലാകാരന്മാരുടെ  വൈവിദ്ധ്യം വിളിച്ചോതുന്നതാണ് ദര്‍ബാര്‍ഹാളില്‍ വച്ചിരിക്കുന്ന പ്രദര്‍ശനങ്ങളെന്നും അവര്‍ പറഞ്ഞു. മൃണാളിനിയുടേത് കൂടാതെ ചിത്തൊപ്രൊശാദ്, കെ പി കൃഷ്ണകുമാര്‍ എന്നിവരുടെ സൃഷ്ടികളാണ് ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അഞ്ച് പതിറ്റാണ്ട് കാലം സമകാലീന കലാലോകത്ത് നിറഞ്ഞു നിന്ന മൃണാളിനി 65-ാം വയസ്സിലാണ് അന്തരിച്ചത്. 2015 ലായിരുന്നു അന്ത്യം. മോഡേണ്‍ ആര്‍ട്ട് ഓക്സ്ഫോര്‍ഡ്, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട്, ഡല്‍ഹി തുടങ്ങിയ ലോകപ്രശസ്ത ഗാലറികളില്‍ മൃണാളിനിയുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മാലിന്യം കത്തിക്കുന്നത് വന്ധ്യതാ സാധ്യത വര്‍ദ്ധിപ്പിക്കും

ബി ജെ പി സ്ഥാനാർഥി നിർണ്ണയം: കലഹം തുടരുന്നു