in

കോട്ടയം മെഡിക്കല്‍ കോളേജ് സമഗ്ര വികസന പാതയില്‍

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം ജനുവരി 17-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തും.

മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ അടക്കം 201 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്തീഷ്യ എന്നീ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായും പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.

കാര്‍ഡിയോളജി-കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ നിരവധി ഇടപെടലുകളും നടത്തി. 70 ലക്ഷം രൂപ മുടക്കി കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ മാത്രം നടത്താനായി പ്രത്യേക ശസ്ത്രക്രിയ തീയറ്റര്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ്, 128 സ്ലൈസ് സി.റ്റി സ്‌കാന്‍, നവീകരിച്ച ഇന്റേണല്‍ റോഡ്, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ആന്റ് ഓട്ടിസം സെന്റര്‍, റെറ്റിന യൂണിറ്റ്, ക്യാന്‍സര്‍ ശസ്ത്രക്രിയാവിഭാഗം, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം, നവീകരിച്ച വാര്‍ഡുകള്‍, ഗ്രീന്‍ പ്രോട്ടോകോള്‍, നെഫ്രോളജി വിഭാഗത്തിലെ സി.എ.പി.ഡി. ഐ.സി.യു., ഗാസ്‌ട്രോ എന്ററോളജി, അത്യാഹിത വിഭാഗത്തിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്രോസ്‌കോപ്പിക് മെഷീന്‍, ഇന്‍ സര്‍വ്വീസ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ്, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്‌സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം, സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡ് എന്നിവയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നു.

1. കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ്

5.5 കോടി രൂപ ചെലവഴിച്ചുകൊണ്ട് ഏറ്റവും അത്യാധുനികരീതിയിലുള്ള രണ്ടാമത്തെ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന കാര്‍ഡിയോളജി വിഭാഗത്തിന് ഈ കാത്ത്‌ലാബിന്റെ സേവനം വളരെ സഹായകരമാണ്.

2. 128 സ്ലൈസ് സി.റ്റി സ്‌കാന്‍

5.3 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന ഈ അത്യാധുനിക സി.റ്റി. സ്‌കാന്‍ അത്യാഹിതവിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. വളരെ സങ്കീര്‍ണമായ സി.റ്റി. കൊറോണറി ആന്‍ജിയോഗ്രാം, അയോര്‍ട്ടോഗ്രാം മുതലായ ചികിത്സാ സംവിധാനങ്ങള്‍ ഇതിലൂടെ സാധ്യമാകുന്നു.

3. നവീകരിച്ച ഇന്റേണല്‍ റോഡ്

5.9 കോടി രൂപ മുടക്കി ബി.എം.ബി.സി. രീതിയില്‍ വളരെ ഉയര്‍ന്ന നിലവാരത്തില്‍ പണിതീര്‍ത്ത റോഡുകളും ശരിയായ ദിശാസൂചികകളും പാര്‍ക്കിംഗ് ഏരിയകളും രോഗികള്‍ക്ക് വളരെ സഹായകരമാണ്. ഇതിനോടൊപ്പം നവീകരിച്ച ഓടകളും ഡക്റ്റുകളും വെള്ളം, കറന്റ്, ഓക്‌സിജന്‍ മുതലായവ കൃത്യമായി വിവിധ കെട്ടിടങ്ങളില്‍ എത്തിക്കുവാന്‍ സഹായകരമാകുന്നു.

4. ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് ഓട്ടിസം സെന്റര്‍

കുട്ടികളിലെ ബുദ്ധിവികാസ പ്രശ്‌നങ്ങളുടെ ചികിത്സക്കായി ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒപ്‌ടോമെട്രിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനവും ഓട്ടിസം ചികിത്സയ്ക്ക് പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടറുടെ സേവനവും കിടപ്പുരോഗികള്‍ക്കും വന്നുപോകുന്ന രോഗികള്‍ക്കും ലഭ്യമാണ്. കൂടാതെ പഠനവൈകല്യവും ബുദ്ധിക്ഷമതയും നിര്‍ണയിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

5. റെറ്റിന യൂണിറ്റ്

വിവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടി 1 കോടി രൂപ മുതല്‍മുടക്കില്‍ വളരെയധികം മികവുറ്റ രീതിയില്‍ റെറ്റിനയൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഫംഗസ് ഫോട്ടോഗ്രഫി, ഒ.സി.റ്റി സ്‌കാനിംഗ്, റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ് സര്‍ജറി, അള്‍ട്രാസൗണ്ട് മൈക്രോസ്‌കോപ്പി തുടങ്ങി നിരവധി നൂതന സാങ്കേതികവിദ്യകള്‍ റെറ്റിന യൂണിറ്റില്‍ ലഭ്യമാണ്.

6. ക്യാന്‍സര്‍ ശസ്ത്രക്രിയാവിഭാഗം

ഓങ്കോ സര്‍ജ്ജറി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പതോളജി എന്നീ വിഭാഗങ്ങളെല്ലാം ചേര്‍ന്ന് മിനി ആര്‍.സി.സി. മാതൃകയില്‍ നവീകരിക്കപ്പെടുന്ന ക്യാന്‍സര്‍ ചികിത്സാ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളിലായി 21 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇവയില്‍ ഓങ്കോസര്‍ജ്ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു.

7. കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം: നവീകരിച്ച ഐ.സി.യുവും അത്യാധുനിക എക്കോമെഷീനും

കുട്ടികളുടെ നവീകരിച്ച ഹൃദയശസ്ത്രക്രിയവിഭാഗം ഐ.സി.യു, 5 വെന്റിലേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു. 4 ഡി എക്കോ മെഷീന്‍, പീഡിയാട്രിക്ക് കാര്‍ഡിയോളജി, കാര്‍ഡിയാക് അനസ്‌ത്യേഷ്യ എന്നീ വിഭാഗങ്ങള്‍ ചേരുമ്പോള്‍ ഇത് കേരളത്തിലെ തന്നെ മികച്ച കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗമായി മാറുന്നു.

8. നവീകരിച്ച വാര്‍ഡുകള്‍

മുഖ്യമന്ത്രി കഴിഞ്ഞ മേയ് 27ന് ഉദ്ഘാടനം ചെയ്തതിനുശേഷം 7 മാസകാലയളവ് കൊണ്ട് ട്രോമ വാര്‍ഡ്, വാര്‍ഡ് 13, സൈക്യാട്രി വാര്‍ഡ്, ക്യാന്‍സര്‍ വാര്‍ഡ്, ന്യൂറോസര്‍ജറി ഐ.സി.യു. എന്നിവ നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കി.

9. ഗ്രീന്‍ പ്രോട്ടോകോള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന് ജില്ലാഭരണകൂടവും ജില്ലാ ശുചിത്വമിഷനും ഐ.ആര്‍.ടി.സി.യും ചേര്‍ന്ന് സമര്‍പ്പിച്ച പദ്ധതി പ്രകാശനം ചെയ്യുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു.

10. നെഫ്രോളജി വിഭാഗത്തിലെ സി.എ.പി.ഡി. ഐ.സി.യു.

സി.എ.പി.ഡി. പ്രവര്‍ത്തനത്തോടുകൂടി കൂടുതല്‍ വൃക്കരോഗികള്‍ക്ക് ആധുനിക ചികിത്സാരീതി നല്‍കുവാന്‍ കഴിയും വെന്റിലേറ്റര്‍, അള്‍ട്രാസൗണ്ട് തുടങ്ങിയ സൗകര്യങ്ങളോടെ 8 കിടക്കകളുള്ള ഐ.സി.യു ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മറ്റ് ആശുപത്രികളിലെ വൃക്കരോഗ ചികിത്സയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു പരിശീലന കേന്ദ്രമാവുകയും കൂടിയാണ് ഭാവിയിലേക്ക് ലക്ഷ്യമിടുന്നത്.

11. ഗാസ്‌ട്രോ എന്ററോളജി

31 ലക്ഷം രൂപ ചിലവഴിച്ച് ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ സിംഗിള്‍ ബലൂണ്‍ യൂണിറ്റ് എന്ററോസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നു. ഇത് രോഗീപരിചരണത്തിന് ഏറെ സഹായകമാവുന്നതാണ്.

12. അത്യാഹിത വിഭാഗത്തിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്രോസ്‌കോപ്പിക് മെഷീന്‍

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗത്തില്‍ ലാപ്രോസ്‌കോപ്പിക് മെഷീന്‍ സ്ഥാപിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നു. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍സിന്റെ സേവനം ലഭ്യമാണ്. ഇതുകൂടാതെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 17 പുതിയ തസ്തികകള്‍ അനുവദിച്ചിരിക്കുന്നു.

13. ഇന്‍ സര്‍വ്വീസ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ്

ഗവണ്‍മെന്റ് തലത്തില്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ക്കും മറ്റ് സഹായികളായ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി ട്രെയിനിംഗ് കൊടുക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. രോഗീപരിചരണത്തിന് വിദഗ്ധരായ ഡോക്ടര്‍മാരെപ്പോലെ തന്നെ വളരെ പ്രധാനമാണ് നഴ്‌സുമാര്‍. അവരുടെ അറിവും ആശയവിനിമയ ശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വെര്‍ച്വല്‍-ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ മികവിന്‍റെ കേന്ദ്രം കൊച്ചിയില്‍

പശുക്കുട്ടിയെ കൊന്ന കടുവയെ പിടിച്ചു