‘കെ.എസ്.ആര്‍.ടി.സി മേഖലാ വിഭജനം: ആശങ്ക അകറ്റണമെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം:   കെ.എസ്.ആര്‍.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളായി വിഭജിക്കുന്നത് സംബന്ധിച്ച് തൊഴിലാളികളുടേയും ജനങ്ങളുടേയും ആശങ്ക സര്‍ക്കാര്‍ അകറ്റണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കും. യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത അപ്രായോഗിക നിര്‍ദ്ദേശങ്ങളുടെ ഒരു അബദ്ധ പഞ്ചാംഗമാണ് സുശീല്‍ ഖന്ന റിപ്പോര്‍ട്ട്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് ഇത്തരമൊരു ആലോചന ഉണ്ടായപ്പോള്‍  കക്ഷി രാഷ്ട്രീയ ഭേദമന്വേ രാഷ്ട്രീയ യൂണിയനുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ വിഭജനം വേണ്ടെന്ന് വച്ചത്.

ഓപ്പറേഷന്‍, ഭരണം, ശിക്ഷണ നടപടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ സമ്പൂര്‍ണ്ണ സ്വതന്ത്രാധികാരമുള്ള മേഖലകളാണ് സുശീല്‍ ഖന്ന ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് ഫലത്തില്‍ മൂന്ന് കോര്‍പ്പറേഷന്‍ ആക്കുന്നതിന് തുല്യവും, കെ.എസ്.ആര്‍.ടി.സിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നതുമായ നടപടിയാണ്. താരതമ്യേന മെച്ചപ്പെട്ട കെ.എസ്.ആര്‍.ടി.സി. പ്രാതിനിധ്യമുള്ള തിരുവനന്തപുരം മേഖലമാത്രമായിരിക്കും രക്ഷപ്പെടുക.

കോഴിക്കോട് മേഖലയില്‍ കെ.എസ്.ആര്‍.ടി.സി. സാന്നിദ്ധ്യം പത്ത് ശതമാനവും എറണാകുളം മേഖലയില്‍ 22 ശതമാനവുമാണ്. ഈ രണ്ട് മേഖലയും സ്വാകാര്യ മേഖലയുമായി മത്സരിച്ച് നില്‍ക്കാനാവാതെ നശിക്കുന്ന സ്ഥിതിയും, ദേശീയവത്കരണ റൂട്ടിലുള്ള ജനങ്ങളുടെ യാത്രാ സൗകര്യം ഇല്ലാതാക്കുന്നതുമാണ്. സ്വതന്ത്ര ഓപ്പറേഷന്‍ അധികാരം വലിയൊരു അളവ് വരെ കടബാധ്യത വരുത്തും.

പരസ്പരം മേഖലകള്‍ തമ്മില്‍ കടന്നു പോകുന്ന നിരവധി സര്‍വ്വീസുകളുടെ കളക്ഷന്‍ പിടിച്ചെടുക്കാനുള്ള മത്സരത്തില്‍ വരുമാനം തകരും. ഷെഡ്യൂളുകളുടെ കാര്യത്തില്‍ കേന്ദ്രീകൃതമായ നിയന്ത്രണം അനിവാര്യമാണ്. അതാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകതയും. ഇതുവരെയുള്ള കടം ഏത് മേഖല തിരിച്ചടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. നിര്‍ദ്ദിഷ്ട ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മേഖലയാക്കിയാല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവ് വര്‍ദ്ധിക്കുകയും, കാര്യക്ഷമതയില്ലാത്തതും, പ്രായോഗിക പരിജ്ഞാനവുമില്ലാത്തതുമായ  പുതിയ അധികാര കേന്ദ്രം ഉണ്ടാകും.

ഇപ്പോള്‍ തന്നെ മാസം ഒന്നര ലക്ഷം രൂപ ശമ്പളം നല്‍കി താല്കാലിക മേധാവികളെ നിയമിച്ചു കഴിഞ്ഞു. ഇനിയും വേണ്ടപ്പെട്ടവര്‍ക്കുള്ള നിയമന നടപടികള്‍ അണിയറയില്‍ നടക്കുന്നു.

ശമ്പളപരിഷ്‌കരണം, ഡി.എ., തൊഴിലാളികളുടെ പെന്‍ഷന്‍ തുടങ്ങിയ പൊതുവായ ആവശ്യങ്ങളില്‍ മൂന്നൂ മേഖലകള്‍ സ്വതന്ത്ര ചുമതലയിലേക്കു കടന്നാല്‍ വ്യത്യസ്ത തീരുമാനങ്ങളാകും നടപ്പാക്കുക. രാജ്യത്തെ 54 ആര്‍.ടി.സികളില്‍ ഇങ്ങനെ വിഭജിച്ച ഒരു കോര്‍പ്പറേഷന്‍ പോലും ലാഭത്തില്‍ ആയില്ല. പലതും നശിക്കുകയും, അനിയന്ത്രിതമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയുമാണ് ചെയ്തത്. 93 ശതമാനം ആര്‍.ടി.സി. പ്രാതിനിധ്യമുള്ള ആന്ധ്രയില്‍ പോലും വിഭജനം നടത്തിയിട്ടില്ല.

കെ.എസ്.ആര്‍.ടി.സി. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവന മേഖലയാണ്. ലാഭ നഷ്ടം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് ബാധ്യതയുള്ള സ്ഥാപനമാണ്. അതുകൊണ്ടാണ് മാറി വരുന്ന സര്‍ക്കാരുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പിനായി ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്.

മേഖലകളായി തിരിക്കുന്നത് സ്വകാര്യ മേഖലയെ സഹായിക്കുന്നതിനും, കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ചയ്ക്കും കാരണമാകും. സ്വകാര്യ ബസ്സുടമകളില്‍ നിന്നും വാടകയ്ക്ക് വണ്ടിയെടുത്ത് അവരെ സഹായിക്കുകയെന്ന ദുരുദ്ദേശവും ഇതിനു പിന്നിലുണ്ട്.

സ്ഥലമാറ്റമാണ് മറ്റൊരു പ്രശ്‌നം. ചില മേഖലകളില്‍ അകപ്പെട്ടു പോയ തൊഴിലാളികള്‍ ജീവിതാവസാനം വരെ അവിടെ കഴിയേണ്ടി വരും ഇങ്ങനെ നിരവധി ആശങ്കകളാണ് മേല്‍ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കുന്നതിനും, സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ നശീകരണത്തില്‍ നിന്നും രക്ഷിക്കാനും വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഈ മേഖലയില്‍ പ്രാഗല്‍ഭ്യമുള്ളവരുടെയും ഒരു ഉന്നതതലയോഗം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും റ്റി.ഡി.എഫ് കത്തു നല്‍കിയെന്നും തമ്പാനൂര്‍ രവി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘കയർ കേരള’ കയർ മേഖലയ്ക്ക് പുത്തൻ ഉണർവു നൽകി: മന്ത്രി ജി. സുധാകരൻ

മഴക്കെടുതി: ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്രസംഘം