in ,

കെടിഡിസി ഹോസ്റ്റസ്: ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന ഹോട്ടല്‍

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി  സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി).

തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്‍റെ  സാന്നിധ്യത്തില്‍  ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബുധനാഴ്ച നിര്‍വ്വഹിക്കും. ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും.

വൈകിട്ട് 4.30ന് കെടിഡിഎഫ്സി കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എംഎല്‍എ, ടൂറിസം-സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് , വാര്‍ഡ് കൗണ്‍സിലര്‍ എംവി ജയലക്ഷ്മി, കെടിഡിസി എംഡി രാഹുല്‍ എന്നിവര്‍ പങ്കെടുക്കും.

രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരേയും സ്ത്രീകളേയും  ലക്ഷ്യമിടുന്ന  ഹോട്ടല്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും അടുത്താണെന്നത് എടുത്തു പറയത്തക്ക സവിശേഷതയാണെന്ന്  കെടിഡിസി എംഡി രാഹുല്‍ പറഞ്ഞു.

പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന  രണ്ടു  ഡോര്‍മിറ്ററികളും സജ്ജീകരിക്കും. ഒരു മുറിക്ക് പ്രതിദിനം  1500 രൂപയും ഡോര്‍മിറ്ററിയ്ക്ക് 5 മണിക്കൂറിലേയ്ക്ക്  500 രൂപയുമാണ് വാടക. ഇവര്‍ക്ക് പ്രഭാത ഭക്ഷണം സൗജന്യമായിരിക്കും. തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക്  സുരക്ഷിതമായി നിര്‍ഭയം താമസിക്കാന്‍ ‘ഹോസ്റ്റസ്’ പര്യാപ്തമായിരിക്കുമെന്ന് ശ്രീ രാഹുല്‍ ആര്‍ പറഞ്ഞു.

അസമയത്തും തമ്പാനൂര്‍ ബസ് ടെര്‍മിനലിലും റെയില്‍വെ സ്റ്റേഷനിലും ഒറ്റയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് ഏതാനും ചുവടുകള്‍ വച്ചാല്‍ ഹോസ്റ്റസിലെത്താനാവുമെന്നതുകൊണ്ടുതന്നെ രാത്രി സഞ്ചാരം വേണ്ടിവരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര വൈകിയും തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് താമസത്തിനും നല്ല ഭക്ഷണത്തിനും ആശ്രയിക്കാവുന്ന ഇടമായി ഹോസ്റ്റസ് മാറുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍- ചെക്ക് ഔട്ട് ഉള്‍പ്പെടെ നവീന സാങ്കേതികവിദ്യയിലൂന്നിയ അത്യാധുനികസൗകര്യങ്ങള്‍, ലോണ്‍ഡ്രി, ഫിറ്റ്നസ്, മൈക്രോവേവ് ഓവന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാര്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വധശിക്ഷ ഫലപ്രദമായ ശിക്ഷാരീതിയല്ല

ലോക റെക്കോഡ് സ്ഥാപിക്കാൻ ഓണനിലാവ് കാർഷികോത്സവം