കെടിഡിസിയും ഇന്‍റര്‍സൈറ്റും സംയുക്തമായി കേരള ഓണ്‍ വീല്‍സ് ആരംഭിച്ചു

കൊച്ചി: കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പുത്തന്‍ പദ്ധതിയായ കേരള ഓണ്‍ വീല്‍സിനു കൊച്ചിയില്‍ തുടക്കമായി. കേരള ട്രാവല്‍ മാര്‍ട്ടില്‍  നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറാണ് സംരംഭത്തിന് തുടക്കം കുറിച്ചത്.

 കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോര്‍ജ്, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍  രാഹുല്‍ ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംയുക്തമായി രൂപം കൊടുത്ത സംരംഭമാണിത്. 

കെടിഡിസിക്കു കീഴില്‍ വരുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം സഞ്ചാരികള്‍ക്ക് തടസ്സരഹിതമായി യാത്ര ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.  ഈ പാക്കേജ് പൂര്‍ത്തിയാക്കുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് കേരളത്തെക്കുറിച്ചുള്ള പ്രതിഛായ വര്‍ദ്ധിക്കുമെന്ന് കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ പറഞ്ഞു.

പാക്കേജുകളിലൂടെ കടന്നു പോകുന്നവര്‍ക്ക് കേരളത്തിന്‍റെ ഹരിതാഭയും മഞ്ഞുമൂടിയ തേയിലക്കുന്നുകളുടെ മനോഹാരിതയും പച്ചപ്പട്ടു വിരിച്ച പാടങ്ങളും ഓളം തല്ലുന്ന കായലോളവും ബീച്ചും ഒക്കെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ടു തരം പാക്കേജുകളാണ് ഈ സംരംഭത്തിലുള്ളത്. കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം/ആലപ്പുഴ എന്നിവിടങ്ങളാണ് ആദ്യ പാക്കേജിലുള്ളത്.  കൊച്ചി, മൂന്നാര്‍, തേക്കടി, കുമരകം/ആലപ്പുഴ, കോവളം എന്നിവയാണ് രണ്ടാം പാക്കേജിലുള്ളത്.

 പ്രളയദുരന്തത്തില്‍പ്പെട്ട് തകര്‍ന്നുപോയ വിനോദ സഞ്ചാര മേഖലയെക്കുറിച്ച് പരിതപിക്കുന്നതിനു പകരം ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് വേണ്ടതെന്ന് കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍ പറഞ്ഞു. പ്രളയദുരന്തം കാരണം വിനോദ സഞ്ചാരികളുടെ വരവില്‍ കുറവു സംഭവിച്ചിരുന്നു. പല ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വന്നു.   അതില്‍ നിന്നൊക്കെ ഉയര്‍ത്തെഴുന്നേല്‍ക്കുക എന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പാക്കേജുമായി കെടിഡിസി എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലുടനീളം സഞ്ചരിക്കാവുന്ന തരത്തില്‍ മിതമായ നിരക്കിലാണെങ്കിലും ആഡംബര  രീതിയിലാണ് പാക്കേജുകള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന്  ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എബ്രഹാം ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളെയെല്ലാം കോര്‍ത്തിണക്കിയ പാക്കേജുകള്‍ ആയതിനാല്‍ ആശങ്ക കൂടാതെ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുന്നിമണി കമ്മല്‍: വയനാടന്‍ യാത്രാനുഭവങ്ങളുടെ സ്മരണിക

സൈന നെഹ്‌വാളായി ശ്രദ്ധ: ഫസ്റ്റ് ലുക്ക്  ശ്രദ്ധേയം