തൊഴില്‍ പ്രശ്നപരിഹാരത്തിനായുള്ള കാള്‍ സെന്റര്‍ ജനപ്രിയമാകുന്നു    

തിരുവനന്തപുരം: തൊഴില്‍ പ്രശ്നങ്ങളോ തൊഴില്‍ സംബന്ധിയായ വിവരങ്ങളോ എന്തുമാകട്ടെ നിങ്ങള്‍ക്കറിയേണ്ടതോ പരിഹാരം കാണേണ്ടതോ ആയ തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട  ഏത് പ്രശ്നത്തിനും 180042555214 ഈ നമ്പര്‍ ഒന്നമര്‍ത്തുകയേ വേണ്ടു. പരിഹാരം സമയബന്ധിതമായി നിങ്ങളുടെ മുന്നിലെത്തിയിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ട് വിളിച്ച് പ്രശ്നങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പരിഹാരം കണ്ടെത്തി തിരികെ വീണ്ടും നിങ്ങളിലെത്തുന്ന തൊഴില്‍ വകുപ്പിന്റെ ഈ കാള്‍ സെന്റര്‍ നമ്പര്‍  ഇതിനോടകം ജനപ്രിയമായികഴിഞ്ഞു.

തിരുവനന്തപുരത്തെ തൊഴില്‍ ഭവനിലെ ലേബര്‍ കമ്മിഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കാള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തൊഴിലന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. അവധി ദിനങ്ങളിലുള്‍പ്പെടെ ഇതിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. നൂറുകണക്കിന് പരാതികള്‍ക്കാണ് ഇവിടെ അടിയന്തിര പരിഹാരങ്ങള്‍ ലഭ്യമാക്കാനാകുന്നത്.

വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി, ആവാസ്, വേതനസുരക്ഷാപദ്ധതി, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും കൃത്യമായ മറുപടിയും മാര്‍ഗ നിര്‍ദ്ദേശവും പരിഹാരവും നല്‍കാന്‍ സന്നദ്ധരായ ഉദ്യോഗസ്ഥരാണ് ഈ വിജയത്തിന് പിന്നില്‍ . കാള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം  രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ്്.ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട്് അഞ്ചുവരെ സെന്റര്‍ സേവനം ലഭ്യമാണ്. 

ഇതുവരെ ലഭിച്ച പരാതികളില്‍ 87 ശതമാനത്തിനും കൃത്യമായ പരിഹാരം കണ്ടെത്താനായി. വിവിധ വിവരങ്ങള്‍ക്കായി കാള്‍ സെന്ററിനെ സമീപിച്ച മുഴുവന്‍ പേര്‍ക്കും തൃപ്തികരമായ വിവരങ്ങള്‍ നല്‍കാനായതും കാള്‍സെന്ററിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതിന് സഹായകരമായി.

2015 ഓഗസ്റ്റ് 26ന് പ്രവര്‍ത്തനം ആരംഭിച്ച കാള്‍സെന്ററില്‍ ഇതിനോടകം 14086 അന്വേഷണങ്ങളും പരാതികളുമാണ് ലഭിച്ചത്. തൊഴില്‍ സംബന്ധിയായ വിവിധ അന്വേഷണങ്ങള്‍ക്കാണ് കൂടുതല്‍ ആളുകളും കാള്‍സെന്ററിനെ ആശ്രയിക്കുന്നത്. സെപ്തംബര്‍ അവസാനം വരെ 12767  അന്വേഷണങ്ങളും 1319 പരാതികളും ലഭിച്ചു.

നൂറ് ശതമാനം  അന്വേഷണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാനും പരാതികളില്‍ 1145 എണ്ണത്തിനും പരിഹാരം കണ്ടെത്താനുമായി. തൊഴില്‍നിഷേധവുമായി ബന്ധപ്പെട്ട് 328 പരാതികളും മിനിമം വേജസ്  നല്‍കാത്തതിന് 311 പരാതികളും ലഭിച്ചു.

കയറ്റിറക്ക് (169), പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, മറ്റ് യോഗ്യതാരേഖകള്‍ നല്‍കുന്നുത് സംബന്ധിച്ച ്( 52), ഗ്രാറ്റിയുവിറ്റി നിഷേധം(35),അവധി നിഷേധം(34), മറ്റുള്ളവ(390) എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച പരാതികള്‍. ലഭിച്ച 87 ശതമാനം പരാതികള്‍ക്കും തൃപ്തികരമായ പരിഹാരം കണ്ടെത്താനായതും കാള്‍സെന്ററിന്റെ വിജയത്തിന് മാറ്റു കൂട്ടുന്നു.

ഏതൊരാള്‍ക്കും കാള്‍സെന്ററിലേക്ക് വിളിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ് വെയറില്‍ പാരാതി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതോടെ  ഒരു ടോക്കണ്‍ നമ്പറും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗിക നമ്പറും വിവരങ്ങളും പരാതിക്കാരന് എസ് എം എസായി ലഭിക്കും. ഇതൊടൊപ്പം കാള്‍ സെന്ററില്‍ നിന്നും  ബന്ധപ്പെട്ട ഉദ്യോഗസ്ഥനും പരാതിക്കാരുടെ വിവരങ്ങളും ഫോണ്‍നമ്പറും എസ് എം എസായി നല്‍കും.

തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പരാതിക്കാരനെ നേരിട്ട് വിളിച്ച് പ്രശ്നങ്ങള്‍ കൂടുതല്‍ വിശദമായി മനസ്സിലാക്കുകയും പരാതിക്ക് പരിഹാരം കാണുകയും ചെയ്യുന്നു. പരിഹാരം കണ്ടയുടന്‍ സോഫ്റ്റ് വെയറില്‍ അത് രേഖപ്പെടുത്തുകയും പരാതിക്കാരെ അറിയിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മികവ് പാരതിക്കാരുടെ കൂടെ ഫീഡ് ബാക്കിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മികവിന് പ്രചോദനകരമാം വിധം രേഖപ്പെടുത്താനും നടപടിക്രമങ്ങള്‍ പരാതിക്കാരന് അതത് സമയം അറിയാനും സഹായകമാകുന്ന തരത്തില്‍ ഇതിന് അനുബന്ധമായി ഒരു മൊബൈല്‍ ആപ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ വകുപ്പ്.

പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതരത്തിലാണ് അന്വേഷണ നടപടികള്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗൗരവമുള്ള ഓരോ നോവലും പാർശ്വവത്കരിക്കപ്പെട്ടു പോയ ഒരു സഹോദരനെ അന്വേഷിക്കുന്നുണ്ട്  

 ഇ എസ് ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ മാനദണ്ഡങ്ങളില്‍ ഇളവ്