ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ കോടതി കയറുന്നു

ന്യൂഡൽഹി: പൊതു പ്രവർത്തകരെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയുമായി ബോളിവുഡ് ചിത്രം ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ കോടതി കയറുന്നു. സംവിധായകൻ വിജയ് ആർ ഗുട്ട, നിർമാതാക്കളായ  സുനിൽ ബോറ, ധവാൽ ഗഡ, നായക വേഷം ചെയ്ത  അനുപം ഖേർ എന്നിവരെ കൂടാതെ  സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുടെ വേഷങ്ങൾ ചെയ്ത നടീനടന്മാർക്കെതിരെയും കേസുണ്ട്.

ബീഹാർ മുസാഫർപൂരിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി  മുൻപാകെയാണ് പരാതി ഫയൽ ചെയ്തിട്ടുള്ളത്. അഡ്വ. സുധീർ കുമാർ ഓജയാണ് പരാതിക്കാരൻ. ജനുവരി 8 ന് കേസ് പരിഗണിക്കും.

അനുപം ഖേർ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ അക്ഷയ് ഖന്ന അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാറുവിന്റെ വേഷമണിയുന്നു. സഞ്ജയ് ബാറു എഴുതിയ ഇതേ പേരിലുള്ള കൃതിയാണ് ചിത്രത്തിന്റെ ആധാരം. 

ടി വി ചാനലുകളിലും യു ട്യൂബിലും വന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ദൃശ്യങ്ങൾ തന്നെ വേദനിപ്പിച്ചതായി പരാതിക്കാരൻ പറയുന്നു. രാജ്യത്തെയും രാജ്യത്തെ പ്രമുഖരും ആദരണീയരുമായ രാഷ്ട്രീയ നേതാക്കളെയും മോശക്കാരായാണ് ചിത്രീകരിക്കുന്നത്. 

ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, ബി എസ് പി നേതാവ് മായാവതി, മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയ്, ബി ജെ പി നേതാവ് അദ്വാനി എന്നിവരെ ചിത്രം മോശക്കാരാക്കുന്നു – പരാതിയിൽ പറയുന്നു. 

വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, അശ്ളീല ഉൽപ്പന്നത്തിന്റെ വില്പന, ക്രമ സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ , ക്രിമിനൽ ഗൂഢാലോചന തുടങ്ങി നിരവധി ആരോപണങ്ങളാണ് പരാതിയിയിലുള്ളത്.  ഐ പി സി 295 , 153 , 153 a , 293 ,504 ,120 b എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്തത്. മൻമോഹൻ സിങ്ങും ഈ വിഷയത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

2004 മുതൽ 2014 വരെയുള്ള യു പി എ ഭരണ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ ഔദ്യോഗിക ജീവിത കാലമാണ് ചിത്രത്തിലുള്ളത്. 

ബീഹാറിൽ  ബി ജെ പിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷം നേതാവും എം എൽ എ യുമായ രത്നാകർ ഗുട്ടെയുടെ മകനാണ് ചിത്രത്തിന്റെ സംവിധായകൻ വിജയ് ഗുട്ടെ. കഴിഞ്ഞ ഓഗസ്റ്റിൽ 34 കോടി രൂപയുടെ ജി എസ് ടി തട്ടിപ്പു കേസിൽ ഡയറക്റ്റർ ജനറൽ ഓഫ് ജി എസ് ടി ഇന്റലിജൻസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 

പഞ്ചസാര കർഷകരുടെ പേരിൽ അവരറിയാതെ മുന്നൂറു കോടി രൂപ ബാങ്ക് വായ്പ കൈക്കലാക്കി ഗുട്ടെ കുടുംബം  അത് സിനിമാ രംഗത്തേക്ക് തിരിച്ചു വിട്ടു എന്ന ആരോപണവും  നേരത്തെ കോൺഗ്രസ് ഉന്നയിച്ചിരുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രാജ്യത്തെ നിയമങ്ങൾ  തന്ത്രിക്കും മന്ത്രിക്കും ഒരുപോലെ ബാധകം 

കുടുകുടെ ചിരിപ്പിക്കാൻ  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍