നുണകൾക്ക് മീതേ സത്യം ഉയർന്നു കേട്ടേ മതിയാകൂ

സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾക്ക് കേരളത്തിൽ ഇപ്പോൾ ആവൃത്തിയും ആക്കവും കൂടിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നത് നുണയാണെന്ന് അറിഞ്ഞ് തന്നെയാണവരത് ചെയ്യുന്നത്. സോഷ്യൽ മീഡിയാക്കാലത്ത് മിന്നൽ വേഗത്തിലാണത് പ്രചരിക്കുന്നത്. ചെറിയ ജാഗ്രതയൊന്നും പോരാ അതിനെ ചെറുക്കാൻ. ശബരിമല വിഷയം ഹിന്ദു തീവ്രവാദികൾക്ക് വീണു കിട്ടിയ അവസരമാണ്. അവരതിനുമേൽ എന്തു വില കൊടുത്തും പണിയെടുക്കും. അതിന് എല്ലാത്തരം മാധ്യമങ്ങളേയും അവരുപയോഗിക്കുന്നുണ്ട്.

നുണ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന സംഘപരിവാർ ശക്തികൾ ഉത്തരേന്ത്യൻ പരീക്ഷണങ്ങൾ കേരളത്തിലും ആവർത്തിക്കുന്നതിനെപ്പറ്റി മനിലാ സി മോഹന്റെ ഫേസ് ബുക്ക് പോസ്റ്റ് .


ഗോധ്ര സംഭവത്തിന്റെ പിറ്റേ ദിവസം പ്രാദേശിക ഭാഷാ പത്രമായ സന്ദേശിൽ ഒരു വാർത്ത വന്നിരുന്നു, വലിയ പ്രാധാധ്യത്തോടെ. പത്തോളം ഹിന്ദു യുവതികളുടെ ‘മാനഭംഗം’ ചെയ്യപ്പെട്ട രീതിയിലുള്ള മൃതദേഹങ്ങൾ ഗോധ്രയിലെ നദീതീരത്തു നിന്ന് കണ്ടെടുത്തു എന്നായിരുന്നു വാർത്ത. ആ വാർത്ത വ്യാജമായിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലായിരുന്നു. സന്ദേശ് വാർത്ത, പൊട്ടിത്തെറിക്കാൻ കാത്തിരുന്ന ജനങ്ങൾക്കിടയിൽ വളരെ വേഗം പ്രചരിച്ചു. 

മുൻപൊരിക്കലുമില്ലാത്ത വിധം 2002 ലെ വംശഹത്യാക്കാലത്ത് സ്ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടാൻ കാരണം ഇതായിരുന്നു. പതിനഞ്ച് ദിവസങ്ങൾക്കു ശേഷം പത്രം, വാർത്ത പിൻവലിച്ചു. പക്ഷേ ആ ദിവസങ്ങളിൽ മനുഷ്യർ ക്രൂരമായി കൊല്ലപ്പെട്ടുകൊണ്ടേയിരുന്നു. പ്രാദേശിക ചാനലുകളേയും പത്രങ്ങളേയും വംശഹത്യാ കാലത്ത് തെറ്റായി ഉപയോഗപ്പെടുത്തിയതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിലും പറയുന്നുണ്ട്. 

വർഗ്ഗീയ കലാപങ്ങളുടെ നാട് തന്നെയായിരുന്നു എക്കാലവും ഗുജറാത്ത്. പക്ഷേ ആ ഒരൊറ്റ വ്യാജവാർത്ത 2002 ലെ വംശഹത്യയ്ക്ക് ഉൾപ്രേരകമായി മാറി. കൃത്യമായ ആസൂത്രണങ്ങൾ നടത്തി, പാകപ്പെടുത്തി, ഒരുക്കിയിട്ട് കാത്തിരുന്ന കൊലക്കളത്തിലേക്ക് കത്തിച്ചിട്ട തിരിയായിരുന്നു ആ വ്യാജവാർത്ത.

കുമ്മനം രാജശേഖരന്റെ വ്യാജട്വിറ്റർ ദൃശ്യങ്ങൾക്കും സന്ദേശ് വാർത്തയുടെ ഭൗത്യം തന്നെയാണ് ഉണ്ടായിരുന്നത്. അത് സംഘപരിവാറിന്റെ ദേശീയ നയപരിപാടിയാണ്. തൽക്കാലം ഉദ്ദേശ്യം നടന്നില്ല എന്ന് മാത്രം. പക്ഷേ പല രൂപത്തിലും ഭാവത്തിലും അവസരം കിട്ടുന്ന എല്ലാ പഴുതുകളിലും വൈകാരികതയുടെ കത്തിച്ചു പിടിച്ച തിരികൾ തിരുകി വെയ്ക്കാൻ ശ്രമിക്കുന്നുണ്ട് സംഘപരിവാർ. 

ശോഭാ സുരേന്ദ്രൻ വൈധവ്യത്തെക്കുറിച്ച് ഉച്ചത്തിൽ വികാരഭരിതയാവുന്നത് ഈ ഉദ്ദേശ്യത്തോടെയാണ്. വർഗ്ഗീയ കലാപങ്ങളുടെ മാത്രമല്ല രാഷ്ട്രീയ കലാപങ്ങളുടെയും ചെറുതല്ലാത്ത ചരിത്രമുണ്ട് കേരളത്തിന്. പുരോഗമന നാട്യങ്ങൾ കൊണ്ട് മറച്ചു പിടിച്ചാൽ മറയുന്നതല്ല ആ ചരിത്രം. 

എളുപ്പം മുറിവേൽക്കുന്ന, ദുർബലമായ വൈകാരികത. ഒന്ന് പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ള വൈകാരികത. ക്രൂരമായ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘപരിവാറിന് ഈ പ്രകോപനമാണ് രാഷ്ട്രീയ പ്രവർത്തനം. (കണ്ണൂരിൽ സംഘപരിവാർ നടത്തിയ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ 2017 മെയ് 17 ന് എഴുതിയ പോസ്റ്റിലെ ഭാഗങ്ങൾ).

സംഘപരിവാറിന്റെ നുണപ്രചാരണങ്ങൾക്ക് കേരളത്തിൽ ആവൃത്തിയും ആക്കവും കൂടിയിട്ടുണ്ട് ഇപ്പോൾ. പ്രചരിപ്പിക്കുന്നത് നുണയാണെന്ന് അറിഞ്ഞ് തന്നെയാണവരത് ചെയ്യുന്നത്. സോഷ്യൽ മീഡിയാക്കാലത്ത് മിന്നൽ വേഗത്തിലാണത് പ്രചരിക്കുന്നത്. ചെറിയ ജാഗ്രതയൊന്നും പോരാ അതിനെ ചെറുക്കാൻ. ശബരിമല വിഷയം ഹിന്ദു തീവ്രവാദികൾക്ക് വീണു കിട്ടിയ അവസരമാണ്. അവരതിനുമേൽ എന്തു വില കൊടുത്തും പണിയെടുക്കും. അതിന് എല്ലാത്തരം മാധ്യമങ്ങളേയും അവരുപയോഗിക്കുന്നുണ്ട്.

നിയമപരമായ, ഭരണപരമായ ജാഗ്രതയ്ക്കൊപ്പം നമ്മൾ സത്യം പറഞ്ഞു കൊണ്ടേയിരുന്നേ മതിയാവൂ. അവരുടെ നുണയൊച്ചകൾക്കും മീതെ സത്യത്തിന്റെ ശബ്ദം ഉയർന്നു കേൾപ്പിച്ചേ മതിയാവൂ. അതിനുള്ള എല്ലാ അവസരങ്ങളും നമ്മളുപയോഗിക്കണം. ഏറ്റവും ജാഗ്രതയോടെ.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തുലാവർഷമെത്തി; ഇനി 6 ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ 

ബന്ധു നിയമനം: ജലീലിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല