ആയതിനാൽ, ഞാനിന്ന് കോഴിമുട്ടകളെക്കുറിച്ച്‌ സംസാരിക്കാൻ ആഗ്രഹിക്കുന്നു…  

നിങ്ങളോർത്തു നോക്കൂ, അവസാനം വരേയും തനിക്ക്‌ ഒരു റോളുമില്ലാത്ത ഒരു കറിയിലേക്കാണ്‌ വിളമ്പുന്നതിന്‌ തൊട്ടു മുൻപുള്ള ഒരു നിമിഷത്തിൽ മുട്ടകൾ ചേർക്കപ്പെടുന്നത്‌. എന്നാലോ ആ നിമിഷം മുതൽ അത്‌ മുട്ടക്കറിയാണ്‌. പിന്നെയെല്ലാം അവന്റെ പേരിലാണ്‌, ‘കണ്ടോ എന്നെ’ എന്നങ്ങനെ ഞെളിഞ്ഞൊരു നിൽപ്പാണ്‌. മുട്ടക്കറി അസലായി എന്നാണ്‌..മുട്ടക്കറി പഴയപോലെ അത്ര നന്നായില്ല എന്നാണ്‌…മുട്ടക്കറിയിൽ എരിവൽപം ജാസ്തിയാണ്‌ എന്നാണ്‌…ശരിക്കും അവനതിൽ എന്ത്‌ റോളാണുള്ളത്‌? ഒരുമിച്ച്‌ എണ്ണയിൽ വഴന്നതും വെന്തതും മറ്റാരൊക്കെയോ ആണ്‌. ഉള്ളിയും മുളകും തക്കാളിയും കറിവേപ്പിലയും അണ്ടിപ്പരിപ്പും…ഓരോരോ ഷെഫിന്റേയും രീതിയനുസരിച്ച്‌ അങ്ങനെയെന്തൊക്കെയോ…? മുട്ടയൊഴിച്ച്‌ അവരെല്ലാവരുമാണ്‌ അതുവരെ കറിയിൽ. എന്നാൽ അവസാന നിമിഷത്തിൽ ആ പുഴുങ്ങിയ മുട്ടകൾ ചേർക്കപ്പെടുന്നതുവരെ അതു വരേയും അത്‌ മറ്റൊന്നാണ്‌. പക്ഷേ അവ വന്നു ചേർന്നാൽ അത്‌ പിന്നെ മുട്ടക്കറിയാണ്‌…

ശൈലജ വെജിറ്റേറിയനാണ്‌ എന്ന കാരണത്താൽ യാത്രകൾക്കിടയിലെ ഭക്ഷണത്തിൽ എന്റെ പരമാവധി ലക്ഷ്വറി മുട്ടക്കറിയാണ്‌. മുട്ട മസാല, മുട്ട റോസ്റ്റ്‌ എന്നിങ്ങനെയുള്ള പലവിധ മുട്ടക്കറികളിൽ തുടങ്ങി മുട്ട ബിരിയാണിവരെ നീണ്ടേക്കാവുന്ന ഒന്നാണ്‌ മേൽപ്പറഞ്ഞ മുട്ട എപ്പിസോഡ്‌.

യാത്രയിൽ വളരെക്കുറച്ച്‌ മാത്രം ഭക്ഷണം കഴിക്കുന്ന ശീലമുള്ളതിനാലും ഇടത്തരം ഹോട്ടലുകളിൽ വിളമ്പുന്ന ഒരു കറി തന്നെ രണ്ട്‌ പേർക്ക്‌ ധാരാളമാണ്‌ എന്നുള്ളതിനാലുമാണ്‌ ഭക്ഷണത്തിന്റേയും പണത്തിന്റേയും ന്യായമായ ഒരു ഉപയോഗ രീതി എന്ന നിലയിൽ‌ ഞങ്ങൾ രണ്ടുപേർ മാത്രമുള്ള സന്ദർഭങ്ങളിൽ ഒരു കറിയുടെ ഷെയറിംഗ്‌ എന്ന സംഗതി പിൻതുടർന്ന് പോരാറുള്ളത്‌.

‘മുട്ടവരെ ആവാം…’എന്ന നിലയിലേക്ക്‌ ശൈലജ ഉയരുകയും ‘മുട്ടയായാലും മതി…’എന്ന രീതിയിലേക്ക്‌ ഞാൻ താഴുകയും ചെയ്യുന്ന ഒരു സഹകരണരീതിയാണത്‌.

നാലുമണിക്കൂറിന്റെ ഇടവേളയിൽ പട്ടാമ്പിയിലെ നക്ഷത്രയിൽ നിന്നും ബത്തേരിയിലെ വിൽട്ടണിൽ നിന്നും രണ്ടു തരം മുട്ടക്കറികൾ കഴിക്കേണ്ടി വന്ന അങ്ങനെയുള്ള ഒരു ദിവസമാകുന്നു ഇന്ന്. ആയതിനാൽ തന്നെ, ഞാനിന്ന് കോഴിമുട്ടകളെക്കുറിച്ച്‌ സംസാരിക്കാൻ ആഗ്രഹിക്കുന്നു.

വെറും കോഴിമുട്ടകളെക്കുറിച്ചല്ല, മുട്ടക്കറികളിലെ കോഴിമുട്ടകളെക്കുറിച്ച്, ആ കോഴിമുട്ടകൾ പോലുള്ള ചില മനുഷ്യരെക്കുറിച്ച്‌. മുട്ടക്കറികളിലെ മുട്ടകളേക്കാൾ അൽപന്മാരായവർ മറ്റാരുണ്ട്‌ ഈ ഭൂമിയിൽ?

അതുവരെ തന്റേതേ അല്ലായിരുന്ന ഒരിടത്തിലേക്ക്‌ അവസാന നിമിഷത്തിൽ ഇടിച്ചു കയറി ഞാനാണ്‌ എല്ലാം എന്ന മട്ടിലുള്ള ഒരു ഇളിച്ചു നിൽപ്പുണ്ട്‌ അവന്‌. നിങ്ങളോർത്തു നോക്കൂ, അവസാനം വരേയും തനിക്ക്‌ ഒരു റോളുമില്ലാത്ത ഒരു കറിയിലേക്കാണ്‌, വിളമ്പുന്നതിന്‌ തൊട്ടു മുൻപുള്ള ഒരു നിമിഷത്തിൽ മുട്ടകൾ ചേർക്കപ്പെടുന്നത്‌.

എന്നാലോ ആ നിമിഷം മുതൽ അത്‌ മുട്ടക്കറിയാണ്‌… പിന്നെയെല്ലാം അവന്റെ പേരിലാണ്‌… ‘കണ്ടോ എന്നെ ‘എന്നങ്ങനെ ഞെളിഞ്ഞൊരു നിൽപ്പാണ്‌… മുട്ടക്കറി അസലായി എന്നാണ്‌…മുട്ടക്കറി പഴയപോലെ അത്ര നന്നായില്ല എന്നാണ്‌… മുട്ടക്കറിയിൽ എരിവൽപം ജാസ്തിയാണ്‌ എന്നാണ്‌…

ശരിക്കും അവനതിൽ എന്ത്‌ റോളാണുള്ളത്‌? ഒരുമിച്ച്‌ എണ്ണയിൽ വഴന്നതും വെന്തതും മറ്റാരൊക്കെയോ ആണ്‌. ഉള്ളിയും മുളകും തക്കാളിയും കറിവേപ്പിലയും അണ്ടിപ്പരിപ്പും ഓരോരോ ഷെഫിന്റേയും രീതിയനുസരിച്ച്‌ അങ്ങനെയെന്തൊക്കെയോ…?

മുട്ടയൊഴിച്ച്‌ അവരെല്ലാവരുമാണ്‌ അതുവരെ കറിയിൽ. അതുവരെ എന്നാൽ, അവസാന നിമിഷത്തിൽ ആ പുഴുങ്ങിയ മുട്ടകൾ ചേർക്കപ്പെടുന്നതുവരെ. അതു വരേയും അത്‌ മറ്റൊന്നാണ്‌.  പക്ഷേ അവ വന്നു ചേർന്നാൽ അത്‌ പിന്നെ മുട്ടക്കറിയാണ്‌.

താജ്മഹൽ പണി കഴിപ്പിച്ചത്‌ ഷാജഹാനാണ്‌…രാജാവിന്റെ മകൻ ഒരു കിടു മോഹൻലാൽ ചിത്രമാണ്‌… അത്‌ ബീനാകണ്ണന്റെ വസ്ത്ര ശാലയാണ്‌… അംബികാ പിള്ളയുടെ മുടിവെട്ട്‌ പീടിക സൂപ്പറാണ്‌…

ഹോ…ആ ഉദാഹരണങ്ങൾ പോലും അത്രകണ്ട്‌ ചേരുന്നില്ല മുട്ടക്കറിയിലെ മുട്ടയോടൊപ്പം. കാരണം, മോഹൻലാൽ ആ സിനിമയിൽ ആദ്യം മുതലേ അഭിനയിക്കുന്നുണ്ട്‌. ബീനാ കണ്ണൻ ഇടയ്ക്കെങ്കിലും നടക്കുന്നുണ്ട്‌, കാഞ്ചീപുരത്തെ നെയ്ത്തുകാർക്കിടയിൽ. ഇടക്കെങ്കിലുമൊക്കെ മുടി വെട്ടുന്നുണ്ട്‌ അംബികാ പിള്ള.

മുട്ടക്കറിയിലെ മുട്ട അതിനൊക്കെയും മേലെയാണ്‌. വെള്ളിവിളക്കുകൾ തെളിഞ്ഞതിനു ശേഷം മാത്രം രംഗത്ത്‌ വരുന്ന വിശിഷ്ട വേഷധാരിയാണ്‌ അയാൾ. അങ്ങനെയുള്ള ചില മനുഷ്യർ തീർച്ചയായും ഉണ്ട്‌. മുട്ടക്കറിയിലെ മുട്ട പോലെ മിടുക്കരായ ചില മനുഷ്യർ. നമ്മുടെ ജീവിതത്തിലെ എത്രയോ സന്ദർഭങ്ങളിൽ കടന്നു വന്നിട്ടുള്ളവർ. നമ്മുടെ വേവുകളെയൊക്കെ ഒരു നിമിഷം കൊണ്ട്‌ ഇല്ലായ്മ ചെയ്ത്‌ അരങ്ങ്‌ കീഴടക്കിയവർ… മറ്റുള്ളവരെയൊക്കെ തള്ളിമാറ്റി ‘ഇതാ ഞാൻ…’ ഇതാ ഞാൻ ‘ എന്ന് സ്വയം പ്രസിദ്ധം ചെയ്തവർ…

പണിയെടുത്ത്‌ തളർന്നു പോയ നിങ്ങൾ അവിടെ നിൽക്കുമ്പോൾ തന്നെ അതു കാണാതെ ‘അതാ അയാൾ… അതാ അയാൾ ‘ എന്ന് ആൾക്കൂട്ടം ഘോഷിക്കുന്ന മനുഷ്യർ. അവരെക്കുറിച്ച്‌ ഓർക്കുവാനുള്ളതാകട്ടെ ഈ രാത്രി. കാഴ്ചകളിൽ നിന്നും ആരവങ്ങളിൽ നിന്നും മാറി നിൽക്കുക എന്നതും സുഖമുള്ള ഒരേർപ്പോടാണ്‌ ഒന്നോർത്താൽ. ജീവിതമെന്നാൽ ഇതൊക്കെ ചേർന്ന വലിയൊരു പൊട്ടൻ കളിയാണ്‌ എന്ന് മനസിലാക്കിയാൽ പ്രത്യേകിച്ചും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമഗ്രമായ റെസിപ്പിയായിരുന്നു ആ സിനിമകളുടേത്

ശബരിമലയിലെ സ്ത്രീ പ്രവേശനം: നിത്യ ചൈതന്യയതി പണ്ടേ പറഞ്ഞത്