പ്രളയ മേഖലകളിൽ കൈത്താങ്ങായി തിരുവനന്തപുരത്തിന്റെ ലെയ്‌സൺ ഓഫിസർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു കൈത്താങ്ങായി തിരുവനന്തപുരത്തുനിന്നുള്ള ലെയ്‌സൺ ഓഫിസർമാർ.

പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടത്തോടൊപ്പം കഴിഞ്ഞ നാലു ദിവസമായി രാപകലില്ലാതെ ഇവർ അധ്വാനിക്കുകയാണ്.

തിരുവനന്തപുരത്തെ കളക്ഷൻ കേന്ദ്രങ്ങളിൽനിന്ന് അയക്കുന്നതും മറ്റു ജില്ലകളിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നതുമടക്കം നിരവധി അവശ്യവസ്തുക്കളാണു പ്രളയബാധിത ജില്ലകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇവ കൃത്യമായി തരംതിരിച്ചു ക്യാമ്പുകളിലേക്ക് എത്തിക്കുകയെന്നതാണ് ഈ ദിവസങ്ങളിൽ ഇവർ ചെയ്ത ശ്രമകരമായ ദൗത്യം. ക്യാമ്പുകളുടെ പൂർണ സ്ഥിതി സർക്കാരിലേക്കും അതതു ജില്ലാ ഭരണകൂടങ്ങൾക്കും നൽകുകയെന്നതും ഇവർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ ചുമതലയായിരുന്നു.

ചെങ്ങന്നൂരിൽ സെന്റ് തോമസ് എൻജിനീയറിങ് കോളജിലാണ് ഏറ്റവും വലിയ ഗോഡൗൺ പ്രവർത്തിക്കുന്നത്. ജില്ലയിൽനിന്ന് ഇവിടെ സാധനങ്ങൾ തീരുന്ന മുറയ്ക്ക് തിരുവനന്തപുത്തും മറ്റു സ്ഥലങ്ങളിലും വിവരമറിയിച്ച് കൂടുതൽ ലോഡുകൾ എത്തിച്ച് സാധനങ്ങൾ ആവശ്യക്കാരിലെത്തിക്കും.

ക്യാമ്പുകളിൽനിന്നു മടങ്ങുന്നവർക്കുള്ള കിറ്റുകളും ഇവരുടെ നേതൃത്വത്തിൽ തയാറാക്കി നൽകുന്നുണ്ട്. ജില്ലാ പ്ലാനിങ് ഓഫിസർ ബിജു, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഹുമയൂൺ, ഹരിത കേരളം മിഷനിലെ രാജഗോപാൽ എന്നിവരാണു തിരുവനന്തപുരത്തുനിന്നു ചെങ്ങന്നൂരിലേക്കു നിയോഗിച്ച ലെയ്‌സൺ ഓഫിസർമാർ.

വെള്ളനാട് ബി.ഡി.ഒ. വിക്രമൻ ആശാരി, വർക്കല ബി.ഡി.ഒ. സന്തോഷ് ജീവ് എന്നിവരായിരുന്നു കോട്ടയത്തെ ലെയ്‌സൺ ഓഫിസർമാർ. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്ത നിവാരണത്തിനു സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ ഓഫിസറുടേയും നിർദേശങ്ങളനുസരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിന് ഇവർ നേതൃത്വം നൽകി. എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജില്ലയിലെ ഏറ്റവും വലിയ ഗോഡൗൺ പ്രവർത്തിക്കുന്നത്.

പത്തനംതിട്ടയിൽ ആറു കേന്ദ്രങ്ങളിലേക്കാണ് അവശ്യസാധനങ്ങളെത്തുന്നത്. ഇവിടെയും ജില്ലയിൽനിന്നുള്ള ലെയ്‌സൺ ഓഫിസർമാരുടെ സേവനം ശ്രദ്ധേയമായി. കിളിമാനൂർ ബി.ഡി.ഒ. പ്രസാദ്, നേമം ബി.ഡി.ഒ. അജികുമാർ എന്നിവരെയാണ് ഇവിടെ ലെയ്‌സൺ ഓഫിസർമാരായി നിയോഗിച്ചിരുന്നത്.

ആലപ്പുഴയിൽ ലെയ്‌സൺ ഓഫിസർമാരായി നിയോഗിച്ചിരുന്നവർ അവശ്യസാധന വിതരണം ഏകോപിപ്പിക്കുന്നതിനു പുറമേ ക്യാമ്പുകളുടെ സുരക്ഷാ ചുമതലയിൽ ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിനും വൊളന്റിയർമാർക്കു തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുമുള്ള ജോലികളിൽ വ്യാപൃതരായിരുന്നു.

ജില്ലാ കളക്ടറേറ്റും ആലപ്പുഴ എസ്.ഡി. കോളജിലെ പ്രധാന ഗോഡൗണും കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഇവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഡോ. ബി.ആര്‍. ഷെട്ടി 4 കോടി രൂപ സംഭാവന ചെയ്തു

തിരുവനന്തപുരത്തിന്റെ യുവജനം രചിക്കുന്നു, സഹായത്തിന്റെയും മനുഷ്യത്വത്തിന്റെയും പുതുചരിത്രം