ലൈഫ് മിഷന്‍: മുടങ്ങിക്കിടന്ന 48,197 വീടുകള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: വിവിധ പദ്ധതികളില്‍ നിന്ന് വായ്പയെടുത്ത ശേഷം നിര്‍മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്‍റെ ഭാഗമായി പൂര്‍ത്തിയാക്കി. അപൂര്‍ണ ഭവനങ്ങളായി കണ്ടെത്തിയത് 54,036 വീടുകളാണ്. അതനുസരിച്ച് 89.2 ശതമാനം പൂര്‍ത്തിയായി. ബാക്കിയുളള 5,839 വീടുകള്‍ താമസിയാതെ പൂര്‍ത്തിയാക്കും. ലൈഫ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച അവലോകനം ചെയ്തു.

ഭൂമിയുളള ഭവനരഹിതരില്‍ 1,84,255 പേരാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ക്ക് നാലുലക്ഷം രൂപയാണ് അനുവദിക്കുക. ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ച് ധനസഹായത്തിന് അര്‍ഹത നേടിയുണ്ട്. ഇതില്‍ 59,600 വീടുകളുടെ നിര്‍മാണം ആരംഭിച്ചു.

ബാക്കിയുളളവര്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കും. തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തടനിയമം എന്നിവയനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. 2019 മെയ് മാസത്തോടെ ബാക്കിയുളള വീടുകളും പൂര്‍ത്തിയാക്കാന്‍ കഴിയും.

ഭൂരഹിത ഭവനരഹിതര്‍ക്കുളള ഭവനസമുച്ചയങ്ങള്‍ പണിയുന്നതിന് 580 ഏക്ര സ്ഥലം വിവിധ ജില്ലകളില്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്‍റെ നിര്‍മാണം 2019 ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ കഴിയും. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക.

അവലോകന യോഗത്തില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ പുരോഗതി വിശദീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം. മണി, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍, ആസുത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുളള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആര്‍ദ്രം:  155 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ത്തിയായി

ഐ ആം ഫോര്‍ ആലപ്പി: ‘സ്നേഹസ്പര്‍ശ’വുമായി കേരള ഫീഡ്സ്