
ഒരു ലൈറ്റ് ഹൗസിനു (Lighthouse) മുകളിലിരുന്ന് കടൽക്കാറ്റേറ്റ് പുസ്തകം വായിച്ചും ചൂടുകാപ്പി മൊത്തിക്കുടിച്ചും സമയം ചിലവഴിക്കാൻ എപ്പോഴെങ്കിലും ആശിച്ചിട്ടുണ്ടോ? എങ്കിൽ അതിനുള്ള സുവർണ്ണാവസരം ഇതാ കൈവന്നിരിക്കുന്നു. അമേരിക്കയിലാണ് സംഭവം.
ഫെഡറൽ സർക്കാർ ആറോളം ലൈറ്റ് ഹൗസുകളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ലേലം ആരംഭിക്കുന്നത് 10,000 മുതൽ 15000 വരെ ഡോളറിലാണ്. അതല്പ്പം ഉയർന്നു പോയില്ലേ എന്ന് ശങ്കിക്കുന്നവരുണ്ടാകാം.
എന്തായാലും റെസ്റ്റോറന്റ് ഉടമകൾക്കും ചരിത്രാന്വേഷകർക്കും അടുത്തൂൺ പറ്റി അലസമായിരിക്കുമ്പോൾ സമയം കളയാൻ രസകരമായ മാർഗ്ഗങ്ങൾ തിരയുന്നവർക്കുമൊക്കെ അസുലഭമായ അവസരമാണ് ലഭിക്കാൻ പോകുന്നത്.
യക്ഷിക്കഥകളിൽ പറയുന്നതുപോലെ പ്രകാശമാനമായ ഒരാകാശ ഗോപുരം സ്വന്തമാക്കുക. സ്വന്തം ഭാവനയ്ക്കനുസരിച്ച് നവീകരിച്ചും മോടിപിടിപ്പിച്ചും അതിനെ ഉപയോഗിക്കുക. ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ മാത്രം കൈവരുന്ന അവസരം.
ജി പി എസ്സടക്കമുള്ള നാവിഗേഷൻ സങ്കേതങ്ങൾ വരുന്നതിനു മുൻപ് കടൽ യാത്രികർക്ക് ലൈറ്റ് ഹൗസുകളുടെ സേവനം സുപ്രധാനമായിരുന്നു.
മണൽത്തിട്ടകളും പാറക്കെട്ടുകളും പോലെ തുറമുഖങ്ങളിലോ തീരങ്ങളിലോ മറഞ്ഞിരിക്കുന്ന അപകടങ്ങളെ ലൈറ്റ് ഹൗസുകൾ ശ്രദ്ധയിൽ കൊണ്ടു വന്നു.
സാങ്കേതിക വിദ്യ പുരോഗമിക്കവെ കൃത്യതയും സുരക്ഷിതവും സുഗമവുമായ നാവിഗേഷൻ സങ്കേതങ്ങൾ വികസിച്ചു. അതോടെ ലൈറ്റ് ഹൗസുകൾ തീർത്തും പഴഞ്ചനായി മാറി. അപ്പോഴാണ് കോസ്റ്റ് ഗാർഡിന്റെയും ഫെഡറൽ ഏജൻസികളുടെയും തലയിൽ ഇങ്ങിനെയൊരു ബുദ്ധിയുദിക്കുന്നത്.
ലേലം കൊള്ളുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ലൈറ്റ് ഹൗസ് സ്വന്തമാക്കാമെങ്കിലും അതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനു തന്നെ ആയിരിക്കും എന്ന നിബന്ധനയുണ്ട്.