in ,

​​കളഞ്ഞുപോയ സിനിമ കണ്ടെത്തി; നാസിസം പ്രവചിച്ച ചിത്രം വീണ്ടും വെള്ളിത്തിരയിൽ

തിരിച്ചുകിട്ടാൻ ഇടയില്ലാത്ത വിധം നഷ്ടമായെന്ന് ചലച്ചിത്ര ലോകം കരുതിയിരുന്ന ഒരു സിനിമയുടെ പ്രിന്റ് ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം കണ്ടെടുക്കുക; അതും സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു ബസാറിൽ നിന്ന്. പുതിയ കാലത്ത് ആ  സിനിമ കാണുമ്പോൾ  അതിന്റെ പ്രവചനാത്മക സ്വഭാവംകൊണ്ടും രാഷ്ട്രീയ പ്രാധാന്യം കൊണ്ടും കാണികളെ വിസ്മയിപ്പിക്കുക. തുടർന്ന് സഹൃദയരെല്ലാം ഒത്തു ചേർന്ന് ഫണ്ട് റെയ്‌സിംഗ് നടത്തി ആ സിനിമ റീ റിലീസ് ചെയ്യുക…

എച്ച്.കെ.ബ്രെസ് ല്യോർ എന്ന  ഓസ്ത്രിയൻ സംവിധായകൻ ഏതാണ്ട് 100 കൊല്ലം മുൻപ് ചെയ്ത സംവിധാനം ചെയ്ത ജൂതന്മാരില്ലാത്ത നഗരത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 1924 ലാണ്  ബ്രെസ് ല്യോറിന്റെ “ജൂതന്മാരില്ലാത്ത നഗരം” എന്ന  സിനിമ റിലീസ് ചെയ്യുന്നത്.  പുറത്തിറങ്ങി  ഏതാനും വർഷങ്ങൾക്കുള്ളിൽ സിനിമ  നഷ്ടപ്പെടുകയും  ചെയ്തു. പ്രിന്റ് എങ്ങിനെയാണ് കാണാതായതെന്നതിനെപ്പറ്റി ഒരു വിവരവുമില്ല. എങ്ങിനെയോ നഷ്ടമായി.

The City Without Jews_3

പിന്നീടിപ്പോൾ  മൂന്നു വർഷം മുൻപ് 2015 ൽ പാരീസിലെ ഒരു സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് അത് കണ്ടെടുക്കുന്നത്.  ചിത്രത്തിന്റെ രാഷ്ട്രീയവും അതിന്റെ ചരിത്രപരമായ പ്രാധാന്യവും  തിരിച്ചറിഞ്ഞവർ  വലിയ തോതിൽ ഫണ്ട് റെയ്‌സിംഗ് നടത്തി, ഇപ്പോഴിതാ നിശബ്ദ കാലത്തെ ആ  ചലച്ചിത്രം  റീ റിലീസ് ചെയ്തിരിക്കുന്നു.

ഓസ്ത്രിയയിൽ ക്രിസ്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്നതോടെയാണ് സിനിമയുടെ തുടക്കം. പുതിയ ചാൻസലർ ഷ്വർട്ട് ഫിഗർ കടുത്ത  ജൂതവിരോധിയാണ്. തന്റെ രാജ്യത്തെ സകല കുഴപ്പങ്ങൾക്കും കാരണക്കാർ  ജൂതന്മാരാണ് എന്നാണ് അയാൾ കരുതുന്നത്. ജൂതന്മാർ  സകല അധികാരവും കയ്യടക്കിയിരിക്കുന്നു. അവരെ എങ്ങിനെ പുകച്ചു പുറത്തു ചാടിക്കാം എന്നാണ് ഭരണകൂടം ചിന്തിക്കുന്നത്. ജൂതന്മാർ എല്ലാവരും  ആ വർഷാന്ത്യത്തോടെ രാജ്യം വിട്ടുപോകണം എന്ന നിയമം തന്നെ  പാർലമെന്റ് പാസ്സാക്കുന്നു.

അവർ  നാടുവിട്ടു പോകുന്നു. ജൂതേതര സമൂഹം  അതിൽ  ആഹ്ളാദിക്കുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ജൂതന്മാരില്ലാത്ത രാജ്യം അതിന്റെ കടുത്ത  യാഥാർഥ്യങ്ങളിലേക്ക് ഉണരാൻ തുടങ്ങുകയാണ്. ജൂതന്മാരായ കലാപ്രവർത്തകരുടെ അഭാവത്തിൽ നഗരത്തിലെ  സാംസ്കാരിക ജീവിതം ദരിദ്രമായിത്തീർന്നു.

തിയ്യേറ്ററുകളിൽ ലുഡ്വിഗ് ഗാംഗോഫറിന്റെയും  ലുഡ്വിഗ് അൻസെൻ ഗ്രൂബറുടെയും നാടകങ്ങളേ കാണാനുള്ളൂ. കാണികൾക്ക് മടുപ്പും നിരാശയും  വിരസതയും തോന്നും  വിധം ഏകതാനമായ കലാപ്രകടനങ്ങൾ. കോഫി ഷോപ്പുകൾ മിക്കതും ആളില്ലാ ഇടങ്ങളും സോസേജ് വില്പനാ കേന്ദ്രങ്ങളുമായി. നഗരപ്രദേശത്തെ  കച്ചവട  കേന്ദ്രങ്ങളിൽ ആൾത്തിരക്കൊഴിഞ്ഞു. മിക്കതും വിജനമായി.

പ്രാഗും ബുഡാപെസ്റ്റും പോലെയുള്ള നഗരകേന്ദ്രങ്ങളിലേക്ക് വ്യാപാരം പറിച്ചു നടപ്പെട്ടു. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ തകരാൻ തുടങ്ങി. പണപ്പെരുപ്പം വർധിച്ചു. തൊഴിലില്ലായ്മ പെരുകി.

രാഷ്ട്രീയമായി ഒട്ടേറെ മാനങ്ങൾ ഉള്ള ചലച്ചിത്രമായിരുന്നു ബ്രെസ് ല്യോറിന്റെത്. പല കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തിൽ നിന്നും കണ്ടെടുത്തവരായിരുന്നു. എന്നാൽ സെൻസർഷിപ്പിന്റെ വെല്ലുവിളികളെ മറികടക്കാൻ സമർത്ഥമായ ചില മൂടുപടങ്ങൾ അണിഞ്ഞുകൊണ്ടായിരുന്നു അവതരണം. ഹോളോകോസ്റ്റിന് ഏതാണ്ട് രണ്ടു പതിറ്റാണ്ടു മുൻപെടുത്ത ചലച്ചിത്രത്തിൽ ഭരണകൂടത്തിന്റെ ജൂത വിരുദ്ധത സമൂഹത്തിലേക്ക് വ്യാപിക്കുന്നതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. ഒറ്റയും തെറ്റയുമായി വ്യക്തികളിൽ പ്രകടമാവുന്ന പെരുമാറ്റങ്ങളിൽ തുടങ്ങി ഒരു മാസ്സ് ഹിസ്റ്റീരിയയായി ജൂതവിരുദ്ധത  വ്യാപിക്കുന്നതിന്റെ ഭീകരത.

ഓസ്ത്രിയയിൽ നാസി പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയ കാലത്താണ് സിനിമയെടുത്തിരിക്കുന്നത്. ഹിറ്റ്ലർ അന്ന്  ജർമനിയിൽ ജയിലിലാണ്. പിൽക്കാലത്ത് കോളിളക്കം സൃഷ്ടിച്ച  മെയിൻ കാംഫ് എഴുതപ്പെടുന്ന സമയം. അന്തേവാസികളായ മുഴുവൻ ജൂതന്മാരെയും നാട് കടത്തുന്ന ഒരു നഗരത്തിന്റെ കഥയാണ് ഈ  ചിത്രം നമുക്ക് പറഞ്ഞു തന്നത്. ഓസ്ത്രിയൻ ജൂത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഹ്യുഗോ ബെറ്റ്വേറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

The City Without Jews_2

നോവൽ അതേപടി പകർത്തുകയല്ല ചെയ്തത്. അത് സാധ്യവുമല്ലായിരുന്നു. “1920 കളുടെ തുടക്കത്തിൽ ഒന്നാം  ഓസ്ത്രിയൻ റിപ്പബ്ലിക് രൂപം കൊള്ളുമ്പോൾ സെമിറ്റിക് വിരുദ്ധ വികാരങ്ങൾ രാജ്യത്ത് ശക്തമായിരുന്നു. രാജഭരണ കാലഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ  കൂടുതൽ ” -ഓസ്ത്രിയൻ ഫിലിം ആർക്കൈവിലെ നിക്കോളാസ് വൊസ്‌ട്രിയുടെ വാക്കുകളാണിത് .

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അഭയാർഥികളായിത്തീർന്ന ജൂതന്മാർ വിയന്നയിലേക്ക് ചേക്കേറുന്ന കാലം. വളർന്നു വരുന്ന ജൂതവിരുദ്ധ വികാരത്തെയും അസഹിഷ്ണുതകളെയും നേരിടാനുള്ള ശ്രമമായിരുന്നു  നോവലിസ്റ്റായ ബെറ്റ്വേറിന്റേത്. ജൂതന്മാരോട് മാത്രമല്ല സ്വവർഗാനുരാഗികൾ, രാഷ്ട്രീയ ജീവിതം നയിക്കുന്ന സ്ത്രീകൾ തുടങ്ങിയ  ജനവിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്ന് ബെറ്റ്വേർ കരുതി. എന്നാൽ അക്കാലത്ത് സാമൂഹ്യ ജീവിതത്തിൽ ആധിപത്യം ചെലുത്തിയിരുന്ന വലതുപക്ഷ ആശയക്കാർക്ക് ഇത് ഉൾക്കൊള്ളാനാവുമായിരുന്നില്ല. അത് സാമൂഹ്യമായ  സംഘർഷങ്ങളിലേക്ക് നയിച്ചു.

1924 ൽ വിയന്നയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്ശനം നടന്നത്. സിനിമ വിജയമായിരുന്നു. വിയന്നയിലെ അഞ്ചു വലിയ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. എന്നാൽ  വലതു പക്ഷത്തിന് ചിത്രത്തിന്റെ രാഷ്ട്രീയത്തെ ഉൾക്കൊള്ളാനായില്ല. ചിത്രം പുറത്തിറങ്ങി ഒരു വർഷം  തികയുന്നതിനു മുൻപേ  ഒട്ടോ റോത്ത് സ്റ്റോക്ക് എന്ന നാസി ഹ്യൂഗോ ബെറ്റ്വേറിനെ കൊലപ്പെടുത്തി. കൊല്ലപ്പെടുന്നതിന് ഏറെ മുൻപേ  ബെറ്റ്വേറിനെ ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമുള്ള  തീവ്രമായ പ്രചരണങ്ങൾ നടന്നിരുന്നു. അദ്ദേഹം താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള  വിശദ  വിവരങ്ങൾ പത്രങ്ങളിലൂടെ  പ്രസിദ്ധപ്പെടുത്തി. ബെറ്റ്വേറിനെപ്പോലെ സാമൂഹ്യ ദ്രോഹിക്ക്  ജീവിച്ചിരിക്കാൻ അവകാശമില്ലെന്ന് വരെ എഴുതി. മഹാനായ  ആ  എഴുത്തുകാരന്റെ  കൊലയാളിക്ക് വളരെ ചെറിയ ശിക്ഷയേ ലഭിച്ചുള്ളൂ.

ജൂതന്മാരെ ഒഴിപ്പിക്കുന്ന ചിത്രത്തിലെ  ദൃശ്യങ്ങൾ ഇന്ന് കാണുമ്പോൾ അവിശ്വസനീയമായിത്തോന്നും. അത്രമാത്രം പ്രവചനാത്മക സ്വഭാവം ആ ദൃശ്യങ്ങൾക്കുണ്ട്. ആ ദൃശ്യങ്ങളുടെ കൂടുതൽ ക്രൂരവും ദയാരഹിതവും ഭീകരവുമായ തനിയാവർത്തനങ്ങളായിരുന്നു പിന്നീടുള്ള ജൂതന്മാരുടെ ചരിത്രം എന്നത് അത്രയേറെ നമ്മെ വിസ്മയിപ്പിക്കും. ക്രിസ്തുമസിന് മുൻപേ നഗരം വിട്ടുപോകാനാണ് ജൂതന്മാരോട് കല്പിച്ചിട്ടുള്ളത്. നഗ്ന പാദരായാണ്‌ അവരിൽ കുറേപ്പേർ സഞ്ചരിക്കുന്നത്. ബയോനെറ്റുകൾ ഏന്തിയ പട്ടാളക്കാർ അവരെ അനുഗമിക്കുന്നു. കനത്ത മഞ്ഞു വീഴ്ചയുള്ള വിയന്നയിലെ തെരുവിലൂടെ  വരിവരിയായി നീങ്ങുന്ന ജൂതന്മാരുടെ നീണ്ട നിര. ക്രച്ചസുകളിൽ മുടന്തിയാണ് ചിലരെല്ലാം നീങ്ങുന്നത്. തീവണ്ടിയിൽ കുത്തി നിറച്ചു പോകുന്നവരുടെ ദൃശ്യങ്ങളുമുണ്ട്. അവരെ യാത്രയാക്കാൻ എത്തിയവ പ്രിയപ്പെട്ടവരുടെ  കൂട്ടം സ്റ്റേഷനിലെ  പ്ലാറ്റ് ഫോമുകളിൽ അവിടവിടെയായി ചിതറിക്കിടക്കുന്നു.

കെട്ടിപ്പുണർന്ന് തന്റെ കുഞ്ഞു  മകളെ യാത്രയാക്കുന്ന വൃദ്ധനായ ഒരു ജൂതനെ കാണാം. ക്രിസ്ത്യാനിയായ ഭാര്യക്കൊപ്പം നഗരത്തിൽ തന്നെ  തങ്ങാനാണ് അയാളുടെ ശ്രമം. ജൂതന്മാരില്ലാത്ത നഗരത്തിലെ കറുപ്പും വെളുപ്പും കലർന്ന  ദൃശ്യങ്ങൾ നമ്മെ ചരിത്രത്തിന്റെ  ഇരുണ്ട  പേജുകളിലേക്കു നയിക്കും. അറുപതു ലക്ഷം ജൂതന്മാരെയാണ് നാസികൾ കൂട്ടക്കൊല ചെയ്തത് എന്ന് ചരിത്രം പറയുന്നു. യൂറോപ്പിന്റെ തെരുവുകളിൽ ആ രക്തക്കറയുടെ  പാടുകൾ ഇന്നും മാഞ്ഞുപോയിട്ടില്ല. ദശലക്ഷങ്ങൾ ലോകത്തെമ്പാടുമായി  അഭയാർത്ഥികളാക്കപ്പെട്ടു.

ഓസ്ത്രിയൻ  സിനിമയിലെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ നടൻ ഹാൻസ് മൊസെർ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അദ്ദേഹം  ഒരു ജൂത സ്ത്രീയെയാണ് വിവാഹം ചെയ്തിരുന്നത്. 1938 ൽ നാസികൾ ജർമനിയിൽ അധികാരത്തിൽ  ഏറിയതോടെ കാര്യങ്ങൾ വളരെയേറെ അപകടകരമായി തീർന്നു. മാപ്പപേക്ഷിച്ചു കൊണ്ട് തന്റെ കടുത്ത ആരാധകനായ ഹിറ്റ്ലർക്ക്  അദ്ദേഹം കത്തെഴുതി. ഹാൻസ് മൊസെറുടെ ഭാര്യ പിന്നീട് ഹങ്കറിയിലേക്ക് കുടിയേറുകയും യുദ്ധാനന്തരം ഇരുവരും ഒന്നിക്കുകയും ചെയ്തു.

നിശബ്ദ സിനിമകളുടെ കാലഘട്ടം അവസാനിച്ചത് കൊണ്ടാവാം പിന്നീടൊരിക്കലും സിനിമ എവിടെയും പ്രദർശിപ്പിക്കുകയുണ്ടായില്ല. അവ പ്രദർശിപ്പിക്കാൻ പിന്നീടൊരു മാർഗവും ഇല്ലായിരുന്നു. ചിത്രം നശിപ്പിച്ച്  അതിലെ സിൽവറും പ്ലാസ്റ്റിക്കുമൊക്കെ വിറ്റു  കാശുണ്ടാക്കുക മാത്രമായിരുന്നു ഒരേയൊരു പോംവഴി. ലോകത്തെ 90 ശതമാനം നിശബ്ദ ചിത്രങ്ങളും നഷ്ടപ്പെട്ടത് അങ്ങിനെയുമാണ്.

1991 ൽ  ചിത്രത്തിന്റെ ഒരു പ്രിന്റ് കണ്ടെടുത്തെങ്കിലും അത് തീർത്തും ഉപയോഗശൂന്യമായിരുന്നു. പിന്നീട് 2005 ലാണ് പാരിസിലെ സെക്കന്റ് ഹാൻഡ് സാധനങ്ങൾ വിൽപ്പനക്ക് വച്ചിരിക്കുന്ന ഒരു കടയിൽ നിന്ന് ചിത്രത്തിന്റെ മറ്റൊരു  പ്രിന്റ് കണ്ടെടുക്കുന്നത്.

താരതമ്യേന മെച്ചപ്പെട്ട പ്രിന്റായിരുന്നു അത്. ചിത്രം വീണ്ടും കണ്ട  ഓസ്ത്രിയൻ ഫിലിം ആർകൈവ് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അങ്ങിനെയാണ് അതിനുവേണ്ടി ഒരു ക്രൗഡ് ഫണ്ടിംഗ് സംഘടിപ്പിക്കുന്നത്. 700ലേറെ ആളുകൾ പണം  സംഭാവനയായി  നൽകി. ഡിജിറ്റൽ രൂപത്തിൽ പുനഃസൃഷ്ടിച്ചുകൊണ്ട്  സിനിമ റീ റിലീസ് ചെയ്തിരിക്കുകയാണ്. വിയന്നയിൽ തന്നെയാണ് രണ്ടാം വരവിലും ചിത്രത്തിന്റെ  ആദ്യ പ്രദർശനങ്ങൾ സംഘടിപ്പിച്ചത്. ഓസ്ത്രിയക്കു ശേഷം യൂറോപ്പ്യൻ നഗരങ്ങളിൽ മിക്കയിടത്തും  പ്രദർശനങ്ങൾ സംഘടിപ്പിക്കാനാണ് ആലോചന. നിശബ്ദ സിനിമാ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ നാസി വിരുദ്ധ ചലച്ചിത്രമാണ് ജൂതന്മാരില്ലാത്ത നഗരമെന്ന് വൊസ്‌ട്രി പറയുന്നു.

ജൂതന്മാരുടെ പലായനത്തിന് ശേഷം നഗരത്തിൽ ആഘോഷങ്ങൾ അരങ്ങേറുന്നുണ്ട്. വെടിക്കെട്ട് പോലും നടക്കുന്നുണ്ട്. എന്നാൽ അതിവേഗമാണ് തിരിച്ചടികൾ നേരിടുന്നത്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ അപ്പാടെ തകർന്നടിയുന്നു. തിരിച്ചടികൾ നേരിട്ട ഭരണകൂടത്തിന് മറ്റു മാര്ഗങ്ങള് ഇല്ലാതെ വരുന്നു. ചാൻസലർ അവരെ രാജ്യത്തേക്ക്  തിരിച്ചു വിളിക്കുന്നു. പലായനം ചെയ്ത  ജൂതന്മാർ സ്വദേശത്തേക്ക്  മടങ്ങിവരുന്നു.

ചിത്രങ്ങൾ, വിഡിയോ കടപ്പാട്: ഫിലിം ആർക്കൈവ് ഓസ്ത്രിയ
ചിത്രങ്ങൾ, വിഡിയോ കടപ്പാട്: ഫിലിം ആർക്കൈവ് ഓസ്ത്രിയ

മതത്തിന്റെ  പേരിലും വംശത്തിന്റെ പേരിലും മനുഷ്യരെ വേട്ടയാടുന്നതിന് എതിരായ ശക്തമായ സന്ദേശമാണ് ചിത്രത്തിലുള്ളത്. ആ അർത്ഥത്തിൽ ജൂതന്മാരില്ലാത്ത നഗരം പഴയ ചിത്രമേയല്ല. പുതിയ കാലത്തെ ശരിയായി  ഉൾക്കൊള്ളുന്ന തികച്ചും പുതിയ സിനിമയാണ് എന്ന് പറയാം. മത-വംശീയ സംഘർഷങ്ങൾ സങ്കീർണമാവുകയും അസഹിഷ്ണുത അക്രമാസക്തമാംവിധം പെരുകുകയും ചെയ്യുന്ന കാലത്ത് ഈ വീണ്ടെടുപ്പ് പ്രസക്തമാണ്.

ജൂതന്മാരില്ലാത്ത നഗരം നമുക്ക് ഒന്നുകൂടി കണ്ടു നോക്കാം. പഴയ കാലത്തേ ഏതോ ഒരു നിശബ്ദ സിനിമയായല്ല. പുതിയ കാലത്തെ രാഷ്ട്രീയം ഉൾക്കൊണ്ട പുതിയ ചലച്ചിത്രമായി.

കടപ്പാട്: ബി ബി സി, വാഷിംഗ്ടൺ പോസ്റ്റ്  

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കതിരൂര്‍ മനോജ് വധം: പി ജയരാജന്‍റെ ഹര്‍ജി ഹൈക്കോടതി തളളി; യുഎപിഎ നിലനില്‍ക്കും

dead bodies , 38 Indians, Iraq , reached, Mosul, Minister of State for External Affairs, Vijay Kumar Singh , departed , mortal remains , 38 Indians,special flight, Amritsar International Airport , Monday , Baghdad, sushama swaraj,

ഇറാഖിൽ ഐഎസ്​ വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു