in

ലുലു സൈബര്‍ ടവര്‍ നവകേരള നിര്‍മിതിക്കുള്ള മികച്ച തുടക്കം: മുഖ്യമന്ത്രി

കൊച്ചി: പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച തുടക്കമാണ് ലുലു സൈബര്‍ ടവര്‍ പദ്ധതിയൂടെ ലുലു ഗ്രൂപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. 11,000 പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ലുലു സൈബര്‍ ടവര്‍ 2ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടമാണ് ലുലു സൈബര്‍ ടവര്‍. ഐ ടി മേഖലയെ ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളില്‍ സൈബര്‍ പാര്‍ക്കിന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഐ ടി മേഖലയില്‍ ലോകത്തെവിടെ ചെന്നാലും മലയാളികളുണ്ട്. അവരെ കേരളത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് ഇതുപോലുള്ള കൂടുതല്‍ സംരംഭങ്ങള്‍ ഉണ്ടാകണം.

ഇന്‍ഫോപാര്‍ക്കിന്റെ ശേഷിയില്‍ 14 ലക്ഷം ചതുരശ്ര അടി അടിയുടെ വര്‍ധനവാണ് ലുലു സൈബര്‍ ടവറിലൂടെ ഉണ്ടാകുന്നത്. തൊഴില്‍ തന്നെ സന്തോഷകരമായ അനുഭവമായി മാറുന്ന അന്തരീക്ഷമാണ് സൈബര്‍ ടവറില്‍ കാണാന്‍ കഴിയുന്നത്. പ്രകൃതിയോട് പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടും ഊര്‍ജക്ഷമത ഉറപ്പാക്കിക്കൊണ്ടുമുള്ള നിര്‍മിതി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

ലുലു സൈബര്‍ 2ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.

ഐ ടി സംരംഭങ്ങള്‍ എങ്ങനെ പ്രകൃതിക്കിണങ്ങിയ രീതിയില്‍ ആരംഭിക്കാം എന്നതിനുള്ള ഉദാഹരണവും പ്രചോദനവുമാണ് സൈബര്‍ ടവര്‍. കൈ വെച്ചതിലൊക്കെ വിജയിച്ച ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സോഫ്റ്റ് വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയണമെങ്കില്‍ വന്‍തോതില്‍ ഐ ടി നിക്ഷേപകരെ ആകര്‍ഷിക്കേണ്ടതുണ്ട്. അവര്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ക്കൊപ്പം തന്നെ സാമൂഹ്യ പശ്ചാത്തലവും ഉണ്ടാകണം. കേരളത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുമ്പോള്‍ അങ്ങോട്ട് പോകണോ എന്ന് സംശയിക്കുന്ന അവസ്ഥ മാറണമെങ്കില്‍ വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പു വരുത്തേണ്ടതുണ്ട്.

അതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനായി നിയമഭേദഗതികളടക്കം ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അപേക്ഷ നല്‍കിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സാധിച്ചിട്ടുണ്ട്.

സ്വപ്രയത്‌നം കൊണ്ട് സാമ്പത്തിക ശേഷി കൈവരിച്ച പ്രവാസി മലയാളികള്‍ അവര്‍ക്ക് കഴിയുന്ന രീതിയില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരണമെന്നും പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് ഇത്തരം പുതിയ സംരംഭങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപം നടത്തുന്നവര്‍ക്ക് ഭാവിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും സര്‍ക്കാരിന്റെ പൂര്‍ണ സംരക്ഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹരിക്കാന്‍ ഒരു തടസവുമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുകയാണ്. ഇക്കാര്യത്തില്‍ തന്നെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ പറയാം. കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ പലര്‍ക്കും മാനസികമായ ബ്ലോക്ക് ഉള്ളതായി കാണുന്നുണ്ട്. അത് മാറ്റി കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നിമിഷം പ്രതി നവീകരിക്കപ്പെട്ട് സൂപ്പര്‍ സോണിക് യുഗത്തിലൂടെ  മുന്നോട്ടു കുതിക്കുന്ന ഐ ടി മേഖലയില്‍ ഈ മാറ്റത്തിനൊപ്പം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ പിന്തള്ളപ്പെട്ടു പോകുമെന്ന് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞു. ലോകത്തെമ്പാടും ഐ ടി മേഖലയില്‍ ഉയര്‍ന്ന പദവികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ജോലിക്ക് പോകുന്നതിന് പകരം ഇവിടെ ജോലി ചെയ്യുക എന്ന കാഴ്ചപ്പാടിലേക്ക് ഐ ടി ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്കും വ്യവസായികള്‍ക്കും ബാങ്കര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെല്ലാം അവരുടേതായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ ടി സഹമന്ത്രി എസ് എസ് അലൂവാലിയ ആശംസാ സന്ദേശം നല്‍കി. യു എ ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, എം പിമാരായ പ്രൊഫ. കെ വി തോമസ്, വി മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എം എല്‍ എമാരായ പി ടി തോമസ്, വി കെ ഇബ്രാഹിം കുഞ്ഞ്, എല്‍ദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ എം ടി ഓമന, ഐ ടി പാര്‍ക്‌സ് സി ഇ ഒ ഹൃഷികേശ് നായര്‍, എന്നിവര്‍ ആശംസ നേര്‍ന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി നന്ദി പ്രകാശിപ്പിച്ചു. 

ലുലു സൈബര്‍ ടവര്‍ 2വിന്റെ സ്വിച്ചോണ്‍ കര്‍മം ഐ പാഡ് ഉപയോഗിച്ച് മുഖ്യമന്ത്രി നിര്‍വഹിക്കുന്നു.

ഐ ടി കമ്പനികളെ സ്വാഗതം ചെയ്ത് ലുലു സൈബര്‍ ടവര്‍ 2

കാക്കനാട് ഇന്‍ഫോപാര്‍ക്കിന്റെ ഹൃദയഭാഗത്ത് സ്ഥലത്ത് ലുലു സൈബര്‍ ടവര്‍ 1 ന് തൊട്ടടുത്ത്  20 നിലകളില്‍ ആരംഭിച്ചിരിക്കുന്ന സൈബര്‍ ടവര്‍ 2ല്‍ അമേരിക്കന്‍ ഐ ടി കമ്പനികളടക്കം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.  15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൈബര്‍ ടവര്‍ 2ലെ  1200ലധികം പേര്‍ക്ക് ജോലി ചെയ്യാവുന്ന ഓരോ ഫ്‌ളോറും ലോകോത്തര കമ്പനികള്‍ക്ക് ഏകോപിതമായി ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.

ഒരു ഫ്‌ളോറില്‍  ഇത്ര വിശാലമായ വര്‍ക്‌സ്‌പേസുള്ള ദക്ഷിണേന്ത്യയിലെ അത്യപൂര്‍വം സൈബര്‍ ടവറുകളിലൊന്നാണിത്. 400 കോടിയോളം രൂപയാണ് സൈബര്‍ ടവറിന്റെ നിര്‍മാണ ചെലവ്.

 8 ഫ്‌ളോറുളില്‍ 1400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയവും ട്രെയിനിംഗ് സെന്ററും 900 സീറ്റുള്ള അതിവിശാലമായ ഫുഡ് കോര്‍ട്ടും രണ്ട് ഡൈനിംഗ് റസ്‌റ്റോറന്റുകളും കോഫിഷോപ്പുകളും ബിസിനസ് സെന്ററും ഇ-ലോബികളും പ്രമുഖ ബാങ്കുകളുടെ ശാഖകളും എ ടി എമ്മുകളും മള്‍ടി സ്‌പെഷ്യാലിറ്റി ജിംനേഷ്യവും യോഗ-മെഡിറ്റേഷന്‍ സെന്ററും 16 ഹൈസ്പീഡ് പാസഞ്ചര്‍ എലവേറ്ററുകളും അകത്തേക്ക് ചൂട് കടത്തിവിടാത്ത പരിസ്ഥിതി സൗഹൃദ ഡബിള്‍ ഗ്ലേസ്ഡ് ഇന്‍സുലേറ്റിംഗ് ഗ്ലാസ് പാനലുകളും സൈബര്‍ ടവര്‍ 2 വിലെ സവിശേഷതളാണ്.

നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള സൈബര്‍ ടവര്‍ 1 ല്‍ 20 ഓളം പ്രമുഖ ഐ ടി കമ്പനികളിലായി 5,000 ഓളം ഐ ടി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു. സ്മാര്‍ട് സിറ്റിയില്‍ ലുലു ഗ്രൂപ്പിന്റെ ഇരട്ട ഐ ടി മന്ദിരങ്ങളുടെ നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുന്നതോടെ കൊച്ചിയിലെ ഐ ടി മേഖലയില്‍ ലുലു ഗ്രൂപ്പ് ഒരു വന്‍ശക്തിയായി മാറും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ കൊച്ചിയിൽ; ആവേശത്തോടെ നഗരം 

കൊച്ചി ബിനാലെ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പ്രളയ ദുരിത ബാധിതർക്ക് വീടുകള്‍