m sukumaran, died ,pinarayi ,condolence, malayalam writer, films, stories,
in ,

എം സുകുമാരന്റെ വിയോഗം: മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

കൊച്ചി: സുപ്രസിദ്ധ സാഹിത്യകാരന്‍ എം സുകുമാരന്റെ ( M Sukumaran ) വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗമെന്ന് അദ്ദേഹം അനുസ്മരിച്ചു.

സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാന്‍ എം സുകുമാരന് സാധിച്ചിരുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും നിന്ന സാഹിത്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പൊതുവായ മാനവികമൂല്യങ്ങള്‍, സാമൂഹികപുരോഗതി തുടങ്ങിയവയുടെ കാര്യത്തിലുള്ള പ്രതിബദ്ധത അദ്ദേഹം എല്ലാ ഘട്ടത്തിലും ഉയര്‍ത്തിപ്പിടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിലായിരുന്നു പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ എം സുകുമാരൻ അന്തരിച്ചത്. 75 വയസ്സായിരുന്നു. പ്രമുഖ എഴുത്തുകാരനായ ഇദ്ദേഹം ഇടത് തൊഴിലാളി സംഘടനാരംഗത്തും സജീവമായിരുന്നു.

1976-ല്‍ ‘ജനിതക’ത്തിന് എം സുകുമാരൻ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. 2006-ല്‍ ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന ചെറുകഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അദ്ദേഹം അർഹനായി.

മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, എം.സുകുമാരന്റെ കഥകള്‍ തുടങ്ങിയവയാണ് എം സുകുമാരന്റെ പ്രധാനകൃതികള്‍. സംഘഗാനം, ശേഷക്രിയ, കഴകം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളുടെ കഥകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.

മുഖ്യമന്ത്രിയ്ക്ക് പുറമെ വിവിധ മേഖലകളിലുള്ള പ്രമുഖർ അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. അല്‍പ്പന്മാരുടേയും അവാര്‍ഡ് തരപ്പെടുത്തുന്നവരുടേയും സമ്മേളനങ്ങളില്‍ പങ്കെടുത്താത്ത മലയാള ചെറുകഥയിലെ ഒറ്റയാള്‍ പോരാളിയായിരുന്നു എം സുകുമാരനെന്ന് നടനും എഴുത്തുകാരനുമായ ജോയ് മാത്യു തന്റെ ഫെയ്സ്ബുക്കില്‍ അനുസ്മരിച്ചു.

മനുഷ്യന്റെ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിലൂടെ  മാത്രമേ  സാദ്ധ്യമാകൂ എന്ന് ചിന്തിച്ച്‌ അതിനു വേണ്ടി കൊടിയ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടും ഒറ്റുകാരനാകാതിരുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പും മദ്യ വിരുദ്ധ സമിതിയും രംഗത്ത്

നെൽപ്പാടങ്ങളിൽ കല വിളയുമൊരിടം