in

സാധാരണ ജീവിതം മെച്ചപ്പെടുത്താന്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍

കൊച്ചി: ടൈക്കോണ്‍ കേരള സമ്മേളനത്തിലെ പ്രദര്‍ശനത്തില്‍ ജനങ്ങളുടെ സാധാരണ ജീവിതത്തെ സ്വാധീനിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളുമായി വേറിട്ടു നില്‍ക്കുകയാണ് മേക്കര്‍ വില്ലേജ്. പശുവിന്‍റെ അസുഖവിവരങ്ങള്‍ നല്‍കുന്ന കറവ യന്ത്രം മുതല്‍ പ്രകൃതി ദുരന്തത്തില്‍ ഉപയോഗിക്കാന്‍ തക്കവിധമുള്ള ഉപകരണങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.

സാധാരണക്കാരുടെ ആവശ്യങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതാണ് മേക്കര്‍ വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. അത്യാധുനിക സാങ്കേതിക വിദ്യയായ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, നിര്‍മ്മതി ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് ഉപകരണങ്ങള്‍ മിക്കതും നിര്‍മ്മിച്ചിരിക്കുന്നത്.

കേരളം നേരിട്ടതു പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ വ്യാപകമായി ഉപയോഗപ്പെടുത്താവുന്നതാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ള മിക്ക ഉത്പന്നങ്ങളും. പ്രദേശങ്ങളുടെ മാപ്പിംഗും, റേഡിയോ തരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗത നിരീക്ഷണ സംവിധാനവുമെല്ലാം അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഗുണം ചെയ്യുന്നവയാണ്.

അത്യാഹിതമായി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സുകള്‍ക്ക് പ്രയോജനകരമായ ഉപകരണമാണ് ആക്സന്‍റ് സിറ്റി ടെകനോളജീസ് ഉണ്ടാക്കിയിട്ടുള്ളത്. യാത്ര ചെയ്യുമ്പോള്‍ തന്നെ സമീപത്തുള്ള ഏത് ആശുപത്രിയില്‍ എന്തൊക്കെ ചികിത്സാ സൗകര്യങ്ങളുണ്ട്, ഏതൊക്കെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ലഭ്യമാണ് എന്നുള്ള വിവരങ്ങള്‍ തരുന്ന ഉത്പന്നമാണിത്.

പശുവിനെ കറക്കുന്ന യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണത്തിലൂടെ പശുവിന്‍റെ രോഗലക്ഷണങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കുന്ന ഉപകരണം, രക്തബാഗുകളുടെ ഗുണമേډ പരിശോധിക്കുന്ന ഉത്പന്നവുമായ ബാഗ്മോ, ആശുപത്രികളില്‍ ഡ്രിപ്പ് ഇടുകയും മാറ്റുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം,കയ്യില്‍ കൊണ്ടു നടക്കാവുന്ന ഇസിജി നിരീക്ഷണ സംവിധാനം എന്നിവയെല്ലാം സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തെ സംബന്ധിക്കുന്ന ഉപകരണങ്ങളാണ്.

ഇലക്ട്രിക് സ്കൂട്ടറിന്‍റെ ചെലവ് കുറഞ്ഞ കണ്‍ട്രോള്‍ സംവിധാനം, ഇടിമിന്നലിനെ ചെറുക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്ന സ്റ്റെബിലൈസര്‍, വീടുകളിലും ഫ്ളാറ്റുകളിലും ഉപയോഗിക്കാവുന്ന മലിനജല ശുദ്ധീകരണ ഉപകരണം, തുറമുഖങ്ങളിലും കപ്പലുകളിലും മറ്റും ഉപയോഗിക്കാവുന്ന ഐറോവ് അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ എന്നിവയും മേക്കര്‍ വില്ലേജ് സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് സാങ്കേതിക വിദ്യയിലടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കവലിയര്‍ വയര്‍ലെസ്സ് വിപണിയിലെ വമ്പന്‍മാരുമായി കൈകോര്‍ക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വിജയഗാഥയ്ക്കായി മേക്കര്‍ വില്ലേജ് കാത്തിരിക്കുകയാണ്.

സമൂഹത്തിന്‍റെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്ക് ഉതകുന്ന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സാമൂഹികമായ സേവനം മാത്രമല്ല, വലിയൊരു വിപണി സാധ്യത കൂടി കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി. മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനികളില്‍ നല്ലൊരു ഭാഗം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു. ആശയം, മാതൃക നിര്‍മ്മാണം, വികസനം എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞ് മേക്കര്‍ വില്ലേജിലെ സംരംഭങ്ങള്‍ വിപണിയിലേക്ക് എത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആകെ 14 സ്റ്റാളുകളാണ് മേക്കര്‍ വില്ലേജ് ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്‍കുബേറ്റര്‍ സംവിധാനമാണ് കളമശ്ശേരിയിലുള്ള മേക്കര്‍ വില്ലേജ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാര്‍ഷിക രംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് 

മാതൃകാപരമായി ഇടപെടാന്‍ പോലീസ് സേനാംഗങ്ങള്‍ക്കാകണം: മുഖ്യമന്ത്രി