Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,
in ,

മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധം

പ്രബുദ്ധ മലയാളി സമൂഹം വളരെ മുൻപേ തന്നെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ വീണ്ടെടുപ്പിനായി മലയാള ( Malayalam ) ഭാഷാപ്രേമികൾ നടത്തുന്ന പോരാട്ടം ശ്രദ്ധേയമായ ഈ വേളയിൽ, അറിയാതെ മനതാരിൽ ഈ വരികൾ അലയടിച്ചുയരുന്നു.

‘അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യമമ്മയെത്തന്നെ വിളിച്ച കുഞ്ഞേ, മറ്റൊരു മാതാവു കൂടിയുണ്ടെന്മകന്നുറ്റ വാത്സല്യമോടോമനിപ്പാൻ’ എന്ന മനോഹരമായ അക്ഷരപ്പൂക്കളാൽ മഹാകവി വള്ളത്തോൾ മലയാള ഭാഷയെ പ്രണമിച്ചതു മറന്ന മലയാളി സമൂഹം മാതൃഭാഷയെ നിരന്തരം അവഗണിക്കുന്നു.

‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ’

എന്നു ഓർമ്മിപ്പിച്ച കവി, എത്ര വിദേശ ഭാഷാഭിജ്ഞനാകിലും മർത്യന്നു തൻഭാഷയൊന്നു കൊണ്ടേ ശക്തിയുണ്ടായ് വരൂ, ശക്തിമത്താകിയ ഹൃദ്വികാരത്തെ വെളിപ്പെടുത്താൻ.’ എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ പ്രബുദ്ധമെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികൾ മാത്രമാകും ഒരു പക്ഷേ മാതൃഭാഷയെ ഇത്രയേറെ നിന്ദിക്കുന്ന ഒരേയൊരു സമൂഹം. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം മലയാള ഭാഷയുടെ മഹത്തായ പൈതൃകം കണക്കിലെടുത്ത് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു കൊണ്ട് ആദരിച്ചു. എന്നാൽ മലയാളി മക്കൾ പാശ്ചാത്യ ലോകത്തോടുള്ള അന്ധമായ ആരാധനയാൽ കാലം കഴിയുന്തോറും മാതൃഭാഷയെ കൂടുതൽക്കൂടുതൽ അവഹേളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരേയൊരു സമൂഹമായി നിലകൊള്ളുന്നു.

തദവസരത്തിൽ മലയാള ഭാഷയ്ക്കായി ശക്തമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ട് വർഷങ്ങളായി ‘ഐക്യമലയാള പ്രസ്ഥാനം’ പോരാടിക്കൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. എട്ടു വർഷമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശ്രീ ഹരിദാസൻ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ചിലത് ബി ലൈവ് ന്യൂസുമായി  പങ്കുവയ്ക്കുന്നു.

കവിത, നിരൂപണം, നോവൽ എന്നീ സാഹിത്യ ശാഖകളിൽ രചനകൾ നടത്തുന്ന ശ്രീ ഹരിദാസൻ മലയാള ഭാഷയുടെ പ്രൗഡി വീണ്ടെടുക്കുവാനായി ഭാഷാ പ്രേമികൾക്കൊപ്പം നടത്തുന്ന അനുഭവങ്ങൾ പങ്കു വയ്ക്കുകയാണിവിടെ.

2010 മുതൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം ശ്രീ. എം കെ ചന്ദ് രാജുമായി ചേർന്ന് ‘സ്വാതന്ത്ര്യക്കൂട്ടിൽ’, ‘ജീവിതം പ്രണയമെഴുതുന്നത് ‘, ‘ഇരകൾ എഴുതുന്നു’ എന്നീ നോവലുകളും ‘ശാസ്ത്രലോകത്തെ സൂപ്പർസ്റ്റാറുകൾ ‘ എന്ന ശാസ്ത്ര കൃതിയും രചിച്ചിട്ടുണ്ട്. കൂടാതെ, ദൂരദർശനും ആകാശവാണിക്കും വേണ്ടി സ്ക്രിപ്റ്റുകൾ എഴുതിയിട്ടുള്ള ഇദ്ദേഹം ‘ബാല ഗീതങ്ങൾ’ (രണ്ടു ഭാഗം), ‘വാക്കുകൾക്കൊരിടം’ എന്നീ കവിതാ സമാഹാരങ്ങളും ‘ഭാഷ രാഷ്ട്രീയം വികസനം’ എന്ന പേരിൽ ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള ഭാഷയുടെ അതിജീവനത്തിനു വേണ്ടി സംസാരിക്കാൻ ഒരു പ്രസ്ഥാനം ഉടലെടുക്കുവാനുണ്ടായ സാഹചര്യം എന്തായിരുന്നു?

1982-ൽ ദേശീയ സംപ്രക്ഷേപണം ആരംഭിച്ച ‘ദൂരദർശൻ’ സാംസ്കാരികപരമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചത്. ഭാഷാപരമായ നിലപാടിൽ മലയാളിക്കുണ്ടായ വ്യതിയാനം പ്രത്യക്ഷത്തിൽ പ്രകടമായ ആ കാലഘട്ടത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവ് കൂടുതൽ ശക്തമായത്.

പഠന ഭാഷയായി മലയാളത്തെ സ്വീകരിക്കുവാൻ കലാലയ വിദ്യാർത്ഥികൾ താൽപ്പര്യം കാട്ടുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞ ഞാനും സുഹൃത്തായ ചാന്ദ് രാജും ചേർന്ന് അതിനെ കുറിച്ച് ഒരു ലേഖനമെഴുതി.

‘മലയാളത്തെ ആര് രക്ഷിക്കും’ എന്ന പേരിൽ ‘കലാകൗമുദി’യിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ ലേഖനം ഗൾഫ് നാടുകളിൽ പോലും ചർച്ച ചെയ്യപ്പെട്ടു. മലയാള ഭാഷ നേരിടുന്ന ഭീഷണികൾ ബോധ്യമായതിനെ തുടർന്ന് 1989-ൽ ‘മലയാള സമിതി’ എന്ന പേരിൽ ഒരു പ്രസ്ഥാനം രൂപം കൊണ്ടു. മലയാള ഭാഷയുടെ സംരക്ഷണാർത്ഥം രൂപം കൊണ്ട ആദ്യ പ്രസ്ഥാനമായി ഇതിനെ വിശേഷിപ്പിക്കാം.

‘മലയാള സമിതി’യുടെ ആദ്യകാല ശ്രദ്ധേയപ്രവർത്തനങ്ങൾ?

‘തിരുവനന്തപുരം’ എന്ന സുന്ദരമായ മലയാള പദത്തെ വികലമാക്കിക്കൊണ്ട് ‘ട്രിവാൻഡ്രം’ എന്നും ‘കൊല്ല’ത്തെ ‘ക്വയിലോൺ’ എന്നും മറ്റും വ്യാപകമായി പ്രയോഗിക്കുന്നതിനെതിരെ ‘മലയാള സമിതി’ ശബ്ദമുയർത്തി. കൂടാതെ, മണിയോർഡറുകളിലും മറ്റും ഇംഗ്ലീഷും ഹിന്ദിയും മാത്രം പ്രയോഗത്തിലുണ്ടായിരുന്നതും ‘മലയാള സമിതി’യുടെ വിമർശനത്തിന് വിധേയമായി.

പ്രശസ്ത സാഹിത്യകാരന്മാരും ഗുരുക്കന്മാരുമായ ഒ എൻ വി കുറുപ്പ്, ഗുപ്തൻ നായർ എന്നിവരുടെ നേതൃത്വത്തിൽ 3000-ത്തിൽ പരം ആളുകൾ അക്കാലത്ത് ധർണ നടത്തി. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്ക് ഒരു നിവേദനം സമർപ്പിച്ചു.

Malayalam ,Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, എം.കെ. സാനു, ജോർജ് ഇരുമ്പയം എന്നിവരുടെ നേതൃത്വത്തിൽ എറണാകുളത്തെ ‘ഭാഷാ സംരക്ഷണ വേദി’യും ഡോക്ടർ പവിത്രൻ, ഭരതൻ എന്നിവർ നേതൃത്വം നൽകിയ ‘ഐക്യവേദി’യും മാതൃഭാഷയ്ക്കു വേണ്ടിയുള്ള മുന്നേറ്റങ്ങൾക്ക് ‘മലയാള സമിതി’യോടൊപ്പം അണിനിരന്നിരുന്നു.

ഐക്യമലയാള പ്രസ്ഥാനത്തിന്റെ രൂപീകരണത്തെ പറ്റി വ്യക്തമാക്കാമോ?

2010-ൽ ‘മലയാള സമിതി’ പുന:സംഘടിപ്പിക്കുകയും മലയാളത്തെ ഒന്നാം ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് നിവേദനം സമർപ്പിക്കുകയും ചെയ്തു. ‘മലയാള സമിതി’ പ്രവർത്തകരോടൊപ്പം കാനായി കുഞ്ഞിരാമൻ, വി.കെ.നാരായണൻ, ഡോ.എം.ചന്ദ്രശേഖരൻ നായർ, സുധക്കുട്ടി, ശരച്ചന്ദ്രലാൽ എന്നിവരും പങ്കെടുത്തു.

Malayalam ,Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

ഡോ. പി പവിത്രൻ, എം വി പ്രദീപൻ, കെ കെ സുബൈർ, കെ എം ഭരതൻ എന്നിവർ നേതൃത്വം നൽകുന്ന സംഘടനയാണ് ‘ മലയാള ഐക്യവേദി’. ‘മലയാള ഐക്യ വേദി’യും ‘ഭാഷ സംരക്ഷണ വേദി’യും ‘മലയാള സമിതി’യുമായി ചേർന്ന് ഭാഷാവകാശ പോരാട്ടങ്ങൾക്കായി ഒരു സംഘടന എന്ന നിലയിലാണ് ‘ഐക്യ മലയാള പ്രസ്ഥാന’ത്തിന് രൂപം നൽകിയത്.

കെ.കെ.സുബൈർ ചെയർമാൻ, ഹരിദാസൻ സെക്രട്ടറി, എം.വി.പ്രദീപൻ കൺവീനർ, ആർ.നന്ദകുമാർ ട്രഷറർ ഇതാണ് ‘ഐക്യ മലയാള പ്രസ്ഥാന’ത്തിന്റെ സംഘടനാ രൂപം. മാതൃഭാഷയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ഒരു സംഘടന എന്ന നിലക്ക് സമാനസ്വഭാവമുള്ള സംഘടനകൾ ഒരുമിച്ച് രൂപം കൊണ്ട ‘ഐക്യ മലയാള പ്രസ്ഥാനം’ ഇപ്പോഴും മാതൃഭാഷയ്ക്കായുള്ള പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

മലയാളത്തെ ഭരണ ഭാഷയായും പഠന ഭാഷയായും കോടതി ഭാഷയായും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2010-ൽ 100 പേർ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. കാനായിയുടെ നേതൃത്വത്തിൽ നടന്ന ആ സമരത്തെപ്പറ്റി കോൺഗ്രസ് എംഎൽഎ സി പി മുഹമ്മദ് നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഇതുവരെ മലയാളത്തെ ഒന്നാം ഭാഷയാക്കാത്തതിൽ തനിക്കു ലജ്ജ തോന്നുന്നു എന്നാണ് അന്നത്തെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

മലയാളത്തെ ഒന്നാം ഭാഷയാക്കുമെന്ന സർക്കാർ ഉറപ്പ് സൈമൺ ബ്രിട്ടോ എം എൽ എ നേരിട്ടെത്തി പ്രതിഷേധക്കാരെ അറിയിച്ചതോടെ വൈക്കം വിശ്വൻ നൽകിയ നാരങ്ങാനീര് കുടിച്ചു കൊണ്ട് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.

തുടർ നടപടികൾ എന്തെല്ലാമായിരുന്നു?

2011-ൽ ഒന്നാം ഉത്തരവ് നിലവിൽ വന്നെങ്കിലും അത് നടപ്പിലായില്ല. അക്കാര്യം അന്വേഷിക്കുവാനായി സെക്രട്ടേറിയറ്റിലെത്തിയ ഞങ്ങൾക്ക് ലഭിച്ച മറുപടി തികച്ചും നിരുത്തരവാദപരമായിരുന്നു. ഉത്തരവ് നടപ്പാക്കിയാൽ കാസർകോഡും ഇടുക്കിയിലുമുള്ള 3.4 ശതമാനത്തോളം വരുന്ന ഭാഷാ ന്യൂനപക്ഷം ശക്തമായ പ്രതിഷേധ നടപടികളുമായി രംഗത്തെത്തുമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.

No horn day, VJT Hall, Kerala, govt, sound pollution, campaign, students, transport minister, 

ഒന്നാം ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്ന് 2013-ൽ പ്രശസ്ത രചയിതാവായ കെ പി രാമനുണ്ണി ‘ഐക്യ മലയാള പ്രസ്ഥാന’ത്തിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റിക്കു മുന്നിലെ നടപ്പാതയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തി. അന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ഡോ. പി. പവിത്രൻ, ആർ.നന്ദകുമാർ, ഹരിദാസൻ എന്നീ ഐക്യമലയാള പ്രവർത്തകരോടൊപ്പം സാംസ്കാരിക കേരളത്തിന്റെ പ്രതിനിധികളായി ശ്രീ ഒ.എൻ.വി  കുറുപ്പ് , ശ്രീമതി സുഗതകുമാരി  എന്നിവർ പങ്കെടുത്തു.

ഭരണ- പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിച്ച ആ സമരത്തെപ്പറ്റി സംഘം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി. തങ്ങളും നിരാഹാര സമരം നടത്തുമെന്ന് അവർ സംയുക്തമായി അറിയിച്ചു. മലയാള ഭാഷയെ ഭരണ ഭാഷയാക്കുവാനുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

പിറ്റേന്ന്, അതു സംബന്ധിച്ച് അന്നത്തെ സാംസ്കാരിക വകുപ്പു മന്ത്രി കെ സി ജോസഫിന്റെ കത്ത് ലഭിച്ചെങ്കിലും അതിൽ അവ്യക്തയുണ്ടായിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഉറപ്പ് കത്തിലൂടെ ലഭിച്ചതിനെത്തുടർന്ന് നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു. ആ സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2015-ൽ നിയമം കൊണ്ടുവന്നു.

തുടർന്ന് എന്താണുണ്ടായത്?

17 മണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്കൊടുവിൽ പാസാക്കിയ നിയമം പ്രാവർത്തികമാകുമെന്നു കരുതിയവരെ വിഡ്ഢികളാക്കിക്കൊണ്ട് മറ്റൊരു നാടകം അണിയറയിൽ അരങ്ങേറി. പാസാക്കിയ നിയമത്തെ പ്രസിഡന്റിന് അയച്ചിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന മറുപടിയാണ് അതിനെപ്പറ്റി അന്വേഷിച്ച ഞങ്ങൾക്ക് ലഭിച്ചത്.

2017-ലെ മലയാള പഠന നിയമത്തെപ്പറ്റി താങ്കൾക്ക് എന്താണ് പറയാനുള്ളത്?

പ്രകടനപത്രികയിൽ സൂചിപ്പിച്ചിരുന്നതു പോലെ ഇടതുപക്ഷ സർക്കാർ 2017 ജൂൺ ഒന്നിന് മലയാള പഠന നിയമം പാസാക്കി. 2017-18 അധ്യയന വർഷത്തിൽ തന്നെ നിയമം പ്രാവർത്തികമാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പ്രാവർത്തികമായില്ല.

തുടർന്ന്, ഞങ്ങൾ അതിനെപ്പറ്റി അന്വേഷിച്ചു. നിയമം പോര, ചട്ടം വേണമെന്നായിരുന്നു ലഭിച്ച മറുപടി. നിയമവകുപ്പും വിദ്യാഭ്യാസ വകുപ്പും ചട്ട നിർമ്മാണത്തിനായി ഒരു വർഷം ചിലവാക്കിയെങ്കിലും 2018-ലും അത് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല എന്നതിൽ ഞങ്ങൾക്ക് കടുത്ത നിരാശയുണ്ട്.

വിവാദമായ ‘ഡിഎൽഇഡി’യെ പറ്റി ഒന്നു വ്യക്തമാക്കാമോ?

പത്താം തരം വരെ മലയാളം പഠിക്കാത്ത ഒരാൾ പ്രൈമറി ക്ലാസുകളിൽ അധ്യാപകനാകുമ്പോൾ ‘ഡിഎൽഇഡി’ എന്ന കുറുക്കുവഴിയിലൂടെ വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുവാനുള്ള യോഗ്യത നേടുന്ന ഈ പുതുസമ്പ്രദായത്തെ ഭാഷാപ്രേമികൾ ശക്തമായി എതിർക്കുന്നുുണ്ട്.

‘ഡിപിഐ’ ഈ വർഷം ജൂണിൽ ‘ഡിഎൽഇഡി’യെ സംബന്ധിച്ച ഉത്തരവിറക്കിയപ്പോൾ മുതൽ അതിനെതിരെ ഞങ്ങൾ ശക്തമായി പ്രതികരിച്ചിരുന്നു. ക്ലാസിക് ഭാഷയായ മലയാളം പകർന്നു നൽകാൻ അധ്യാപകർക്ക് ‘ഡിഎൽഇഡി’ മതിയെന്ന ‘ഡിപിഐ’യുടെ ‘എച്ച് സെക്ഷന്റെ’ നിരുത്തരവാദപരമായ നീക്കത്തെ ഭാഷാ സ്നേഹികൾ വച്ചു പൊറുപ്പിക്കില്ലെന്നത് സുവ്യക്തമാണ്.

അടുത്തിടെ ‘പിഎസ് സി’യിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെ പറ്റി സംസാരിക്കാമോ?

കേരളമൊഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം മാതൃഭാഷയിലും പരീക്ഷകളെഴുതിക്കൊണ്ട് മത്സരാർത്ഥികൾക്ക് സർക്കാർ ഉദ്യോഗം നേടുവാനുള്ള അവസരമുണ്ട്. എന്നാൽ കേരളത്തിൽ മാത്രം വിചിത്രമായ രീതിയാണ് നിലനിൽക്കുന്നത്. പത്താംതരം വരെ മാത്രം യോഗ്യത വേണ്ട പരീക്ഷകൾ മാത്രമാണ് കേരള പി എസ് സി മലയാളത്തിൽ നടത്തുന്നത്.

എന്നാൽ അന്യസംസ്ഥാനങ്ങളിലെ മത്സരപ്പരീക്ഷകളിൽ ഇംഗ്ലീഷിനൊപ്പം മാതൃഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. മാതൃഭാഷ മാത്രമേ വശമുള്ളൂ എങ്കിൽപ്പോലും ആർക്കുമവിടെ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നില്ല. മാതൃഭാഷയിലൂടെ ഡോക്ടർമാരോ ജഡ്ജിമാരോ ആകുന്നതിന് യാതൊരു തടസ്സവും അവിടെ നിലവിലില്ലെന്നിരിക്കെയാണ് പ്രബുദ്ധ കേരളത്തിൽ തികച്ചും അന്യായമായ രീതി അധികൃതർ പിന്തുടരുന്നത്.

മാതൃഭാഷ ഏതൊരു വ്യക്തിയുടെയും അവകാശമാണെന്നിരിക്കെ മലയാളിക്കു മാത്രം അത് നിഷേധിക്കപ്പെടുന്നതിന്റെ സാംഗത്യം ന്യായീകരിക്കാവുന്നതല്ല. ഒക്ടോബറിൽ പിഎസ് സി ആസ്ഥാനത്ത് കൂടുതൽ പ്രതിഷേധ സമരങ്ങൾ നടത്തുവാനാണ് ഭാഷാ സ്നേഹികളുടെ തീരുമാനം.

എന്താണ്  ‘മലയാളഭാഷാ നിയമം’ നടപ്പിലാക്കുവാനുള്ള പ്രധാന കടമ്പ? നിയമം അട്ടിമറിക്കുന്നത് ആര്?

കൊളോണിയൽ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ മനസ്സിൽ ആവാഹിച്ചിരിക്കുന്ന മലയാളികളായ ഐ എ എസുകാരും മറ്റ് ഉന്നത ഉദ്യോഗസ്ഥവൃന്ദവും ‘മലയാളഭാഷാ നിയമം’ നടപ്പിൽ വരുത്തുവാൻ പ്രത്യക്ഷത്തിൽ തന്നെ വിമുഖത കാട്ടുകയാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസ ലോബിയുടെ ചരടുവലിയും പലപ്പോഴും മറ നീക്കി പുറത്തു വരുന്നുണ്ട്.

കോടതി ഭാഷ മലയാളമാക്കുന്നതിനെ കുറിച്ച് ?

1985-ലെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ കോടതി ഭാഷ മലയാളമാക്കണമെന്ന് പറയുന്നുണ്ട്. നിലവിൽ മുൻസിഫ്, ജില്ലാ കോടതികളിൽപ്പോലും വിധി പ്രഖ്യാപിക്കുന്നത് ഇംഗ്ലീഷിലാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വാദിക്കും പ്രതിക്കും സാക്ഷിക്കും മനസിലാകും വിധം മാതൃഭാഷയാണ് കോടതികളിൽ സാധാരണയായി ഉപയോഗിക്കുന്നത്.

സാധാരണക്കാരനു പോലും മനസിലാക്കുവാൻ ഉതകുന്ന രീതിയിൽ കോടതി വ്യവഹാര ഭാഷ മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നേരത്തെ പല തവണ വ്യക്തമാക്കിയതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.

ഇതു സംബന്ധിച്ച് ‘ഐക്യമലയാള പ്രസ്ഥാന’ത്തിന്റെ പ്രധാന ആവശ്യങ്ങൾ എന്തൊക്കെയാണ് ? 

കോടതി നടപടികളെല്ലാം ജില്ല കോടതി തലം വരെ മലയാളത്തിലാക്കണം. പരിഭാഷകരെ നിയമിച്ചു കൊണ്ട് ഇംഗ്ലീഷ് വിധിയുടെ പകർപ്പ് മലയാളത്തിൽ തരാമെന്നുള്ള നിലപാട് നീതി നിഷേധമാണ്. ഭരണ- പഠന – കോടതി രംഗങ്ങളിൽ കേരളത്തിനകത്ത് എല്ലാ നടപടികളും മലയാളത്തിലാക്കണം എന്നിവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ.

‘ഐക്യമലയാള പ്രസ്ഥാന’ത്തിന്റെ നിലപാടുകൾ ചുരുക്കം ചില വാക്കുകളിലൂടെ ഒന്നു കൂടി വ്യക്തമാക്കാമോ ?

മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധമാണ്. മാതൃഭാഷ നാടിന്റെ വികസനത്തിന്റെ മാധ്യമമാണെന്ന തിരിച്ചറിവ് അധികാരികൾക്കുണ്ടാകണം. ‘മലയാളത്തിലൂടെ റോഡും പാലവും കെട്ടാനാകുമോ?’ എന്നു ചോദിക്കുന്ന ബുദ്ധിജീവികൾ നമുക്കുണ്ടെന്നത് ഖേദകരമാണ്. നമ്മുടെ നാട്ടറിവുകളും പരമ്പരാഗത കൃഷിരീതികളും ചെറുകിട വ്യവസായങ്ങളും കൈത്തൊഴിലുകളും മലയാളത്തിലൂടെ മാത്രമേ നമുക്ക് നിലനിർത്താനാവൂ.

മാതൃഭാഷയെ മൂലധന ശക്തിയാക്കി മാറ്റാൻ നമുക്കാകുന്നില്ല. തമിഴ്, കന്നടം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകളും അതതു നാടുകൾക്ക് മൂലധനശക്തിയാണ്. നാം നമ്മുടെ വിഭവങ്ങളൊന്നും തിരിച്ചറിഞ്ഞ് നമ്മുടെ വികസനത്തിന്റെ പാത കണ്ടെത്താൻ ശ്രമിക്കുന്നില്ല. ‘ഐക്യമലയാള പ്രസ്ഥാനം’ അതിനു വേണ്ടിയാണ് നിലകൊള്ളുന്നത്.

****

മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനും അതിന്റെ നിലനില്പിനും വേണ്ടി സ്വന്തം നാട്ടില്‍ സമരം ചെയ്യേണ്ടി വരിക എന്ന അതീവ ലജ്ജാകരമായ ഒരു അവസ്ഥ സംജാതമായതിനുള്ള പ്രധാന കാരണങ്ങൾ ഒരു പക്ഷെ നമ്മുടെ ദുരഭിമാനവും മിഥ്യാ ധാരണയും തന്നെയാകാം.

ആംഗലേയ ഭാഷാ പ്രയോഗം അത്ര മെച്ചമല്ലെങ്കിൽ കൂടിയും അത്തരക്കാരെ ബഹുമാനിച്ചാദരിക്കുന്നത് ധാരാളമായി നമുക്ക് കാണാനാകും. മാതൃഭാഷയായ മലയാളം അക്ഷരസ്ഫുടതയോടെ സംസാരിക്കാനാകാത്തത് ഒരു അഭിമാനമായി കരുതുന്ന ബഹുഭൂരിപക്ഷവും നമുക്കിടയിലുണ്ട്.

ആശയവിനിമയോപാധിക്കുപരിയായി ഒരു ജനതയുടെ സ്വത്വത്തിന്റെ, സംസ്‌കാരത്തിന്റെ, ജീവിതവ്യവഹാരത്തിന്റെ, ആത്മാവിഷ്‌കാരത്തിന്റെ മുഖ്യോപാധിയുമാണ് മാതൃഭാഷ. ഇന്ത്യയിൽ 19,569 മാതൃഭാഷകളുണ്ടെന്ന് സെൻസസ് അവലോകന റിപ്പോർട്ടിൽ പറയുന്നു.

ഭരണഘടനയുടെ എട്ടാം അനുബന്ധത്തിൽ പട്ടികപ്പെടുത്തിയ 22 ഭാഷകളും ഇതിൽപ്പെടും. ഈ 22 ഭാഷകളിൽ ഏതെങ്കിലും ഒന്നാണ് ജനസംഖ്യയുടെ 96.71 ശതമാനം ആളുകളുടെ മാതൃഭാഷ. കേവലം 3.29 ശതമാനം മാത്രമാണ് ഭരണഘടനയുടെ എട്ടാം അനുബന്ധത്തിൽ പട്ടികയിൽപ്പെടാത്ത മറ്റു ഭാഷകൾ സംസാരിക്കുന്നത്. അവരിലൂടെയാണ് ആ ഭാഷ ജീവിക്കുന്നത്. ഇതിൽ 121 ഭാഷകൾ കേവലം 10,000 ത്തോളം പേരെങ്കിലും സംസാരിക്കുന്നവയാണ്.

എന്നാൽ, 3 കോടിയിൽപ്പരം ജനസംഖ്യയുള്ള നമ്മുടെ മലയാളത്തിന് സംഭവിച്ച ദുർഗതിയോർക്കവെ ഭാഷാപ്രേമികളുടെ ആവലാതികൾ ഇനിയും അവഗണിക്കാനാകില്ലെന്ന നഗ്‌നസത്യം ഇടിവാളായി മുന്നിൽ നിൽക്കുന്നു. ക്ലാസിക്കല്‍ ഭാഷാ പദവി കൈവന്നിട്ടും സംസ്ഥാന ഭരണകൂടവും പണ്ഡിതരും ഭാഷാപ്രേമികളും അക്ഷീണം പരിശ്രമിച്ചിട്ടും മലയാള ഭാഷ വിദ്യാലയങ്ങളിൽ നിന്ന് നിഷ്കാസിതമാകുന്നു എന്നത് ദുഃഖകരമായ വാസ്തവമാണ്.

ഇതിനൊരു മാറ്റമുണ്ടാകുമെന്നും മലയാള ഭാഷ അതിന്റെ ഗതകാല പ്രൗഢി വീണ്ടെടുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അതിനായി നാം മലയാളികൾ ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുമെന്നും ആശിക്കാം. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനിലൂടെ പ്രയാണമാരംഭിച്ച ശുദ്ധ മലയാള ഭാഷ പ്രാചീന-ആധുനിക കവിത്രയങ്ങളിലൂടെയും തുടർന്ന് ഒട്ടേറെ പ്രതിഭാശാലികളിലൂടെയും നേടിയെടുത്ത പൈതൃകം കൈമോശം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

വിദേശിയായിട്ടു കൂടി മലയാള ഭാഷയ്ക്കു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമ്മൻ സ്വദേശിയായ ഭാഷാ പണ്ഡിതൻ ഹെർമൻ ഗുണ്ടർട്ടിനെ ഈ വേളയിൽ അനുസ്മരിച്ചു കൊണ്ട് നാം നമ്മുടെ മാതൃഭാഷയോട് ചെയ്‌തു കൊണ്ടിരിക്കുന്ന അനീതികൾ ഇനിയെങ്കിലും അവസാനിപ്പിക്കാം.

അഭിമുഖം തയ്യാറാക്കിയത്: ശാലിനി വിഎസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വാഹന പ്രചാരണ ക്യാംപയിന്‍

കലാലയങ്ങൾ കശാപ്പുശാലകളാകവെ