Movie prime

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?

താരങ്ങളുടെ പഴയകാല ജീവിതത്തെപ്പറ്റി അറിയുമോ? അതായത് പഠിച്ച് ജോലി സമ്പാദിച്ച് മറ്റാരെയുംപോലെ സാധാരണ ജീവിതം നയിക്കാൻ തുടങ്ങിയ അവരുടെ ആദ്യകാലത്തെപ്പറ്റി? പ്രേം നസീറിനെയും സത്യനെയും പോലെ ആകാൻ കൊതിച്ചു നടന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി? ലാലിനെയും മമ്മൂക്കയെയും സ്വപ്നം കണ്ടു നടന്നിരുന്ന നിവിൻ പോളിയെപ്പറ്റി? ഇവരാരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയവരല്ല. അഭിനയ പൂർവ കാലത്ത് ഇവരൊക്കെ സാധാരണ മനുഷ്യരായിരുന്നു. ഒട്ടും താരപ്രഭയില്ലാത്തവർ. വക്കീലും ഡോക്ടറും ബാങ്ക് ഉദ്യോഗസ്ഥനും അധ്യാപകനുമെല്ലാമായി ജീവിതം സാധാരണ മട്ടിൽ നയിച്ചവർ. More
 
നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?

താരങ്ങളുടെ പഴയകാല ജീവിതത്തെപ്പറ്റി അറിയുമോ? അതായത് പഠിച്ച് ജോലി സമ്പാദിച്ച് മറ്റാരെയുംപോലെ സാധാരണ ജീവിതം നയിക്കാൻ തുടങ്ങിയ അവരുടെ ആദ്യകാലത്തെപ്പറ്റി? പ്രേം നസീറിനെയും സത്യനെയും പോലെ ആകാൻ കൊതിച്ചു നടന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി? ലാലിനെയും മമ്മൂക്കയെയും സ്വപ്നം കണ്ടു നടന്നിരുന്ന നിവിൻ പോളിയെപ്പറ്റി? ഇവരാരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയവരല്ല. അഭിനയ പൂർവ കാലത്ത് ഇവരൊക്കെ സാധാരണ മനുഷ്യരായിരുന്നു. ഒട്ടും താരപ്രഭയില്ലാത്തവർ. വക്കീലും ഡോക്ടറും ബാങ്ക് ഉദ്യോഗസ്ഥനും അധ്യാപകനുമെല്ലാമായി ജീവിതം സാധാരണ മട്ടിൽ നയിച്ചവർ.

സിനിമയുമായി ഒരു ബന്ധവും ഇല്ലാതിരുന്ന മേഖലകളിൽ നിന്നാണ് മിക്കവരും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത്. എറണാകുളം ലോകോളേജിൽ നിന്ന് എൽ എൽ ബിയെടുത്ത് രണ്ടുവർഷത്തോളം മഞ്ചേരി കോടതിയിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ട് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിലൊന്ന് മുഖം കാണിക്കാൻ അവസരം തേടി മുഹമ്മദ് കുട്ടി എന്ന ആ മെല്ലിച്ച ചെറുപ്പക്കാരൻ എത്രയെത്ര സംവിധായകരുടെ അടുത്താണ് പോയിട്ടുള്ളത്. ജനനപ്രകാരം ആലപ്പുഴക്കാരനാണ് മമ്മൂട്ടി. എന്നാൽ വളർന്നത് വൈക്കത്തും ഉപരിപഠനം എറണാകുളത്തുമായിരുന്നു. സിനിമാക്കാരുടെ ശ്രദ്ധയിൽ പെടാനായി ‘അഭിനയ മോഹമുള്ള യുവാവ് അവസരങ്ങൾ തേടുന്നു’ എന്ന് മമ്മൂട്ടി തന്നെ അക്കാലത്ത് പത്രങ്ങളിൽ കൊടുത്ത ഒരു പരസ്യം ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

സത്യനും നസീറും തകർത്തഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി മുഖം കാണിക്കുന്നത്. 1980 ൽ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലെ കൊച്ചു റോളിലൂടെ കുറേക്കൂടി ശ്രദ്ധേയനായി. എം ടിയുടെ രചനയിൽ ആസാദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സുകുമാരൻ, സുധീർ, ശ്രീവിദ്യ, ബഹദൂർ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ പിന്നീട് സംഭവിച്ചതെല്ലാം നമുക്കറിയാവുന്ന ചരിത്രം.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
നിവിൻ പോളി

ഇൻഫോസിസിലായിരുന്നു ആലുവക്കാരൻ നിവിൻ പോളിക്ക് ജോലി. ബംഗളൂരുവിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് വിജയകരമായി പഠനം പൂർത്തിയാക്കിയ നിവിന് കാമ്പസ്സ് പ്ലേസ്‌മെന്റിലൂടെയാണ് ഇൻഫോസിസിൽ ജോലി കിട്ടുന്നത്. മൂന്നു വർഷക്കാലം അവിടെ ജോലി ചെയ്തു. അഭിനയ മോഹം തലക്കുപിടിച്ച ആ സോഫ്റ്റ് വെയർ എൻജിനീയർ ജോലി രാജിവെച്ചു. കൂട്ടുകാരുമൊത്ത് പഠിച്ച കോളെജിന്റെ പശ്ചാത്തലത്തിൽ ചില ഹ്രസ്വ ചിത്രങ്ങൾ ഒരുക്കി. പിന്നീടാണ് വിനീത് ശ്രീനിവാസൻ സംവിധായകനായ മലർവാടി ആർട്സ് ക്ലബ്ബിൽ അഭിനയിക്കാൻ അവസരം ഒത്തുവരുന്നത്.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
പാർവതി തിരുവോത്ത്

മലയാളത്തിൽ രണ്ടേ രണ്ടു ലേഡി സൂപ്പർസ്റ്റാറുകളെ ഉള്ളൂ എന്നാണ് പറയുക. ഒന്ന് മഞ്ജു വാര്യർ തന്നെ. രണ്ടാമത്തേത് മറ്റാരുമല്ല, അഭിനയ മികവിലൂടെയും സ്വതന്ത്രവും ധീരവുമായ നിലപാടുകളിലൂടെയും ശ്രദ്ധേയയായ പാർവതി തിരുവോത്ത് തന്നെ. കോഴിക്കോടാണ് പാർവതിയുടെ സ്വദേശം. പഠന കാലം തിരുവനന്തപുരത്ത് കഴിഞ്ഞു. അച്ഛനുമമ്മയും വക്കീലന്മാർ. രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച അഭിനേത്രിക്കുള്ള അവാർഡ് നേടിയിട്ടുള്ള പാർവതി ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി മികച്ച നടിക്കുള്ള പുരസ്കാരം മലയാളത്തിന് നേടിത്തന്നു. നിലപാടുകൾ തുറന്നു പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആക്രമണത്തിന് വിധേയയായ നടിയാണ് പാർവതി തിരുവോത്ത്. കിരൺ ടി വി യിൽ ഒരു മ്യൂസിക്കൽ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തെ തുടക്കം. ഔട്ട് ഓഫ് സിലബസ് എന്ന ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്കിലെ കഥാപാത്രം പാർവതിയെ ശ്രദ്ധേയയാക്കി.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
ദുൽക്കർ സൽമാൻ

ഉപ്പയും ഉമ്മയും കരുതിയതേയില്ല ദുൽക്കറിൽ ഒരു സിനിമാ നടനുണ്ടെന്ന്. അമേരിക്കയിൽ പോയി എം ബി എ ചെയ്ത് ദുബൈയിൽ ജോലി ചെയ്തു തുടങ്ങിയതാണ്. പക്ഷേ 22 വയസുള്ളപ്പോൾ ആരും കൈവെക്കാതിരുന്ന ഒരു മേഖലയിലാണ് ദുൽക്കർ പരീക്ഷണം നടത്തിയത്. ഒരു വെബ് പോർട്ടൽ, അതും കാറുകളെക്കുറിച്ചുള്ളത്. അതിൽ പണമിറക്കിയെങ്കിലും സംഗതി ക്ലച്ച് പിടിച്ചില്ല. ഡെന്റൽ ക്ലിനിക്കുകളുടെ ശൃംഖലയിലും നിക്ഷേപമിറക്കി. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് പരീക്ഷണം നടത്തിയ ദുൽക്കറിനെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

പളുങ്കിൽ ബാലതാരമായി വന്നതാണ് നസ്രിയ നസീം. പിന്നീട് ഏഷ്യാനെറ്റിൽ പണികിട്ടി. ചാനലിനുവേണ്ടി പല പോപ്പുലർ റിയാലിറ്റി ഷോകളും ആങ്കർ ചെയ്തു. ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡെയ്‌സ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നസ്രിയ ഇന്ന് പങ്കാളിയായ ഫഹദ് ഫാസിലിനൊപ്പം നിർമാണ മേഖലയിലും സജീവമാണ്.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
ഇന്ദ്രജിത്ത് സുകുമാരൻ

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്നതിന് മുൻപ് ചെന്നൈയിലെ ഒരു ഓഫ് ഷോർ ഡെവലപ്മെന്റ് സെന്ററിലിരുന്ന് നെക്‌സേജ് ടെക്‌നോളജീസ് എന്ന അമേരിക്കൻ കമ്പനിക്കുവേണ്ടി പണിയെടുത്തിട്ടുണ്ട് ഇന്ദ്രജിത്ത് സുകുമാരൻ. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇന്ദ്രജിത്തിന്റെ തലവര മാറുന്നത് മീശ മാധവനിലെ വില്ലൻ വേഷത്തിലൂടെയാണ്. ലാൽ ജോസിന്റെ ദിലീപ് ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റായി തിയേറ്ററുകൾ നിറഞ്ഞോടി. ഇന്ദ്രജിത്തിന്റെ തലവരയും തെളിഞ്ഞു. ബാബ കല്യാണിയിലെ വില്ലൻ വേഷം നിരൂപക പ്രശംസ നേടി. ലാൽ ജോസിന്റെ തന്നെ അറബിക്കഥയിലെയും ക്‌ളാസ് മേറ്റ്സിലെയും ശ്രദ്ധേയമായ അഭിനയവും ഇന്ദ്രജിത്തിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തി.

മലയാളത്തിൽ പ്രണയകഥ പറയുന്ന രീതിയിൽ വ്യത്യസ്തത കൊണ്ടുവന്ന ചിത്രമായിരുന്നു അനുരാഗ കരിക്കിൻ വെള്ളം. നായികയായി വന്നത് കോഴിക്കോട് പേരാമ്പ്ര സ്വദേശി രജീഷ വിജയൻ. നോയ്‌ഡ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയതിനുശേഷമാണ് സൂര്യയിലും മഴവിൽ മനോരമയിലും രജീഷ ജോലി ചെയ്യുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സർക്കാരിന്റേതുൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങൾ നേടി. മികച്ച നടിയാണ് രജീഷ, എന്നാൽ മികച്ച കഥാപാത്രങ്ങൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. ജൂണിലെ ജൂൺ എന്ന ധീരയായ കൗമാരക്കാരിയുടെ വേഷം ആ ദിശയിൽ വഴിത്തിരിവുണ്ടാക്കും എന്ന് കരുതാം.

സിനിമയുടെ ക്രെഡിറ്റ്സ് എഴുതിക്കാണിക്കുമ്പോൾ തന്നെ കയ്യടികൾ കിട്ടുന്നത് തിരക്കഥാകൃത്തുക്കളെ സംബന്ധിച്ച് അപൂർവമായ ഭാഗ്യമാണ്. നോട്ട് ബൂക്കിലൂടെ തുടങ്ങിയതാണ് ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ വിജയഗാഥകൾ. കോട്ടയം സ്വദേശികളായ ഇരുവരും പ്രശസ്ത നടൻ ജോസ് പ്രകാശിന്റെ സഹോദരൻ പ്രേം പ്രകാശിന്റെ മക്കളാണ് . മൂത്തയാൾ ബോബി ഒരു പ്രാക്ടീസിങ് ഡോക്ടറാണ്. ചെറുപ്പം മുതലേ സിനിമയാണ് ഇരുവരുടെയും ഇഷ്ട മേഖല. ടെലിവിഷൻ പരമ്പരകൾക്ക് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടാണ് ഇരുവരുടെയും ഈ രംഗത്തേക്കുള്ള പ്രവേശം.

കൈരളിയിൽ ആങ്കറിങ് നടത്തിയിരുന്ന രമ്യ നമ്പീശന്റെ സിനിമയിലേക്കുള്ള വരവ് ബാലതാരമായിട്ടാണ്. ചോറ്റാനിക്കര സ്വദേശിയായ രമ്യയുടെ വിദ്യാഭ്യാസം എറണാകുളം സെന്റ് തെരേസാസിലായിരുന്നു . സായാഹ്നം, നരേന്ദ്രൻ മകൻ ജയകാന്തൻ വക തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി രമ്യ തിളങ്ങി. പരിശീലനം സിദ്ധിച്ച ക്‌ളാസിക്കൽ നർത്തകി കൂടിയായ രമ്യ ഗായിക കൂടിയാണ്. തട്ടത്തിൻ മറയത്തിലെ “മുത്തുച്ചിപ്പി പോലൊരു…” എന്ന രമ്യയുടെ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും അഭിനയിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
പത്മപ്രിയ

ഫിനാൻസിൽ എം ബി എ, പരിസ്ഥിതി നിയമത്തിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ, പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. നിസ്സാരയല്ല, പത്മപ്രിയ. ജി ഇ കാപിറ്റലിൽ റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്തിട്ടുള്ള പത്മപ്രിയ മിസ് ആന്ധ്രാപ്രദേശ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചലച്ചിത്രമേഖലയിൽ എത്തിപ്പെടുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുഗ് റീമേക്കിലാണ് ആദ്യമായി അഭിനയിക്കുന്നത്. ബ്ലെസ്സിയുടെ കാഴ്ചയോടെ പത്മപ്രിയയെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

രണ്ടാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് ചെറുവിളക്കത്ത് വീട്ടിൽ മാനുവൽ സത്യനേശൻ നാടാർ. മലയാള ചലച്ചിത്രലോകം സത്യൻ അഥവാ സത്യൻ മാസ്റ്റർ എന്ന് ആദരവോടെഅടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യ മികച്ച നടന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം അങ്ങിനെയാണ്. പിന്നീട് അദ്ദേഹം തിരുവിതാംകൂർ സ്റ്റേറ്റ് പോലീസിൽ ചേർന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരിക്കുമ്പോഴാണ് ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം നടക്കുന്നത്. അമേച്വർ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ സത്യന്റെ ആദ്യചിത്രം ത്യാഗസീമ വെളിച്ചം കണ്ടില്ല. നീലക്കുയിൽ ആണ് ആദ്യത്തെ വിജയചിത്രം. മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം മലയാളത്തിൽ ആദ്യമായി നേടുന്നത് സത്യനാണ്; 1969 ൽ കടൽപ്പാലത്തിലൂടെ. പിന്നീട് രണ്ടു വർഷത്തിന് ശേഷം കരകാണാക്കടൽ എന്ന ചിത്രത്തിലൂടെ രണ്ടാമതൊരു തവണ കൂടി സത്യനെത്തേടി അതെ അംഗീകാരമെത്തി.

ചങ്ങനാശ്ശേരിക്കാരൻ രഘു ഭീമൻ രഘുവാകുന്നത് 1982 ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ്. തടാകവും ഇത്തിരി നേരം ഒത്തിരി കാര്യവും, പിന്നെയും പൂക്കുന്ന കാടും, ഉൾപ്പെടെ അഞ്ചോ ആറോ ചിത്രങ്ങളിൽ അതിനുമുമ്പും മുഖം കാണിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയനാവുന്നത് ഭീമനിലൂടെ. ആലപ്പുഴ എസ് ഡി കോളെജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ച രഘു തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. സിനിമയിൽ എത്തുന്നതിനു മുൻപ് രഘു പൊലീസിലായിരുന്നു. അഭിനയ ജീവിതത്തിൽ നാനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട രഘുവിന്റേത് ഒട്ടുമിക്കതും വില്ലൻ കഥാപാത്രങ്ങൾ തന്നെ.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
മോഹൻരാജ്

മോഹൻരാജ് എന്ന നടനെ അറിയുമോ ? ചോദിച്ചുനോക്കൂ. അറിയില്ല എന്നാവും മിക്കവാറും ഉത്തരം. എന്നാൽ കീരിക്കാടൻ ജോസ് എന്ന് പറഞ്ഞു നോക്കൂ. അറിയാത്തവരുണ്ടാവില്ല. തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളെജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ മോഹൻരാജ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്നു. അല്പകാലം സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലും, കേരള പൊലീസിലും ജോലിചെയ്തിട്ടുണ്ട്. പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ചേർന്ന അദ്ദേഹം നിലവിൽ മധുരൈ ഡിവിഷനിൽ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ്.

ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ജഗദീഷ് എം ജി യൂണിവേഴ്സിറ്റി എം കോം റാങ്ക് ഹോൾഡറാണ്. അല്പകാലം എടപ്പാൾ കനറാ ബാങ്കിൽ ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് എം ജി കോളെജിൽ ലക്‌ചററായി. ജിജോ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ ആദ്യ ത്രീ ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. ആദ്യ നാളുകളിൽ ലീവെടുത്തായിരുന്നു സിനിമയിൽ അഭിനയിച്ചിരുന്നത്. എന്നാൽ സിനിമയിൽ തിരക്കേറിയതോടെ ജോലിയിൽ നിന്ന് രാജിവെച്ചു. മുഴുവൻ സമയ സിനിമാക്കാരനായി.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
നരേന്ദ്രപ്രസാദ്

പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളെജിലും തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളെജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു വില്ലൻ വേഷങ്ങൾക്കും ക്യാരക്ടർ റോളുകൾക്കും പുതിയ മാനങ്ങൾ പകർന്നു നൽകിയ മലയാളത്തിന്റെ പ്രിയ നടൻ നരേന്ദ്രപ്രസാദ്. 1989 ൽ യൂണിവേഴ്സിറ്റി കോളെജിൽ അധ്യാപകനായിരിക്കുമ്പോഴാണ് കോട്ടയം എം ജി യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടർ സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നത്. മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1993 ൽ ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ അദ്ദേഹം സ്ഥാപിച്ച നാട്യഗൃഹം തിയേറ്റർ ഗ്രൂപ് നാടകരംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. നാട്യഗൃഹത്തിന്റെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തിയവരാണ് ഭരത് മുരളിയും എം ആർ ഗോപകുമാറും അലിയാരും മറ്റും.1983 ൽ അദ്ദേഹം എഴുതി സംവിധാനം ചെയ്ത സൗപർണിക എന്ന നാടകം കേരളം സംഗീതനാടക അക്കാദമി അവാർഡും കേരളം സാഹിത്യ അക്കാദമി അവാർഡും നേടുകയുണ്ടായി.

ശൈലീകൃതമായ അഭിനയത്തിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടനായിരുന്നു സുകുമാരൻ. എഴുപതുകളിലും എൺപതുകളിലും ജ്വലിച്ചു നിന്ന സുകുമാരൻ, എം ജി സോമൻ, ജയൻ എന്നീ മൂവർ സംഘം ഒട്ടേറെ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. എം ടി യുടെ രചനയിൽ പുറത്തുവന്ന ബന്ധനം എന്ന ചിത്രത്തിലൂടെ 1978 ൽ അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി. എൺപതുകളിലും തൊണ്ണൂറുകളിലും സുകുമാരനെ തേടിയെത്തിയത് മിക്കവാറും വില്ലൻ വേഷങ്ങളാണ്. മലപ്പുറം എടപ്പാൾ സ്വദേശിയായ സുകുമാരൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വിദ്യാർഥിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കാസർകോട് ഗവണ്മെന്റ് കോളെജിലും നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളെജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. നാഗർകോവിലിൽ അധ്യാപകനായിരിക്കുമ്പോഴാണ് എം ടി യുടെ നിർമാല്യത്തിൽ അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തുന്നത്.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
എം ജി സോമൻ

തിരുവല്ലക്കാരൻ എം ജി സോമൻ എയർ ഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായരുടെ മുൻകൈയിൽ രൂപം കൊണ്ട ജയശ്രീ എന്ന നാടക ട്രൂപ്പിലൂടെയാണ് സോമൻ അഭിനയരംഗത്തെത്തുന്നത്. കെ പി എ സി യുടെ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1973 ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഗായത്രിയിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. 1976 മുതൽ 1983 വരെയുള്ള കാലയളവിൽ സോമൻ നായകവേഷങ്ങൾ മാത്രമാണ് ചെയ്തിരുന്നത്. പിന്നീടാണ് സഹനടനും വില്ലനും ഉൾപ്പെടെയുള്ള വേഷങ്ങൾ ചെയ്തുതുടങ്ങിയത്. 1978 ൽ സോമൻ നായകവേഷം ചെയ്ത ചിത്രങ്ങളുടെ എണ്ണം കേട്ടാൽ ന്യൂ ജെൻ തലമുറ നായകന്മാരുടെ കണ്ണുതള്ളിപ്പോകും. 42 ! സോമന്റെ ഈ റെക്കോർഡ് തകർക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. ഹരി പോത്തൻ നിർമിച്ച് ഐ വി ശശി സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഇതാ ഇവിടെവരെ സോമനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. മധുവും ശാരദയും സോമനും ജയഭാരതിയുമായിരുന്നു ചിത്രത്തിലെ മുഖ്യവേഷങ്ങൾ ചെയ്തത്. 1997 ൽ വന്ന ജോഷിയുടെ ലേലമാണ് സോമന്റെ അവസാനചിത്രം. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന ശക്തനായ കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് അദ്ദേഹം സിനിമയുടെയും ജീവിതത്തിന്റെയും അരങ്ങൊഴിയുന്നത്.

പതിനാറു കൊല്ലക്കാലം ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു ജയൻ എന്ന പേരിൽ പിൽക്കാലത്ത് മലയാള ചലച്ചിത്ര ലോകത്ത് പ്രശസ്തനായ കൃഷ്ണൻ നായർ. മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോ ജയനെ സിനിമാലോകത്തേക്ക് കൊണ്ടുവരുന്നത് ബന്ധുവായ ജയഭാരതിയാണ്. കൊല്ലം ഗവണ്മെന്റ് സ്‌കൂളിൽ നിന്ന് പത്താം തരം പാസായ ജയൻ തുടർന്ന് പഠിച്ചില്ല. നേവി ജീവിത കാലത്തെ വാർഷികം ഉൾപ്പെടെയുള്ള വിവിധ ആഘോഷവേളകളിൽ കൃഷ്ണൻ നായരുടെ കലാപ്രകടനങ്ങൾ പതിവായിരുന്നു. തന്റെ പ്രകടനങ്ങളെല്ലാം ആളുകൾ ആസ്വദിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് സിനിമയിൽ ഭാഗ്യപരീക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ശാപ മോക്ഷം സിനിമയുടെ സെറ്റിൽവെച്ച് നടൻ ജോസ് പ്രകാശാണ് കൃഷ്ണൻ നായരെ ജയനാക്കി മാറ്റുന്നത്. 1979 ൽ പുറത്തിറങ്ങിയ ശരപഞ്ചരത്തിലെ ആന്റി ഹീറോ ജയനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തി. എൽവിസ് ബെൽ ബോട്ടം പാന്റ്സും ടൈറ്റ് ഷർട്ടുമിട്ട് വെള്ളിത്തിരയിൽ നിറഞ്ഞാടിയ ജയൻ അക്കാലത്തെ യുവതീയുവാക്കളുടെ ന്യൂ ജെൻ ഹീറോ ആയിരുന്നു. അരോഗദൃഢഗാത്രനായ അഭിനേതാവ് സംഘട്ടന രംഗങ്ങളിലൂടെ കാണികളെ കൈയിലെടുത്തു. ഡ്യൂപ്പില്ലാതെ അതീവ അപകടകരമായ ആക്ഷൻ രംഗങ്ങൾ ചെയ്യാനുള്ള ജയന്റെ ആത്മാർത്ഥത കലർന്ന ‘പിടിവാശി’ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. 1980 നവംബർ പതിനാറിന് തമിഴ്‌നാട്ടിലെ ഷോലാവരത്ത് പി എൻ സുന്ദരം സംവിധാനം ചെയ്ത കോളിളക്കത്തിന്റെ ഷൂട്ടിനിടയിൽ സംഭവിച്ച അത്യാഹിതത്തിലാണ് ജയൻ നമ്മെ വിട്ടുപിരിയുന്നത്. ഒറ്റ ടേക്കിൽ സംവിധായകൻ ഓക്കേ പറഞ്ഞ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്നുള്ള ആക്ഷൻ രംഗം ജയന് തൃപ്തി വന്നിരുന്നില്ല. വീണ്ടും വീണ്ടും അതേ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് മരണത്തിലേക്ക് കൊണ്ടുപോയ അപകടം സംഭവിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത ഭരതത്തിലെ ലാലിൻറെ കഥാപാത്രത്തോട് ചെറിയ രീതിയിലെങ്കിലും സമാനമാണ് എം ജി ശ്രീകുമാറിന്റെ ജീവിതകഥ എന്ന് സിനിമക്കാർക്കിടയിൽ കളിയായി പറയാറുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ശ്രീകുമാർ ജ്യേഷ്ഠൻ എം ജി രാധാകൃഷ്ണനൊപ്പം കച്ചേരികൾക്ക് സഹായിയായി പോകുമായിരുന്നു. സുഹൃത്ത് കൂടിയായ പ്രിയദർശനാണ് ശ്രീകുമാറിനെ സിനിമാലോകത്ത് എത്തിക്കുന്നത്.

ദുബൈയിൽ മാനേജ്മെന്റ് ട്രെയ്നറായി ജോലി ചെയ്തിരുന്ന വയനാട് കമ്പളക്കാട് സ്വദേശി മിഥുൻ മാനുവൽ തോമസ് ഒരു ഗൾഫുകാരനായി ജീവിച്ചു തീരാതിരിക്കാനാണ് ലോങ്ങ് ലീവെടുത്ത് നാട്ടിൽ തിരിച്ചെത്തുന്നത്. സുഹൃത്ത് കൂടിയായ നടൻ അജു വർഗീസ് ജൂഡ് ആന്റണിയെ പരിചയപ്പെടുത്തി. ഓം ശാന്തി ഓശാനയുടെ സ്ക്രിപ്റ്റിൽ ഹരിശ്രീ കുറിച്ച മിഥുൻ ആട് ഒരു ഭീകരജീവിയിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനായി.

ഹൈദരാബാദിൽ ഏഷ്യാനെറ്റിന്റെയും സിത്താര ടി വിയുടേയും ചീഫ് ഓപറേറ്റിങ് ഓഫീസറായിരുന്നു വിജയ് ബാബു. സൂര്യ ടി വിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നതിനിടയിലാണ് സാന്ദ്ര തോമസുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൌസിന് വിജയ് ബാബു തുടക്കം കുറിക്കുന്നത്. അങ്കമാലി ഡയറീസാണ് ഒറ്റയ്ക്ക് നിർമിച്ച ആദ്യ ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, സക്കറിയയുടെ ഗർഭിണികൾ, അടി കപ്യാരേ കൂട്ടമണി, മുദുഗവു, ജൂൺ തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. നടനായും നിർമാതാവായും വിജയ് ബാബു എന്ന കൊല്ലംകാരൻ സിനിമാരംഗത്ത് സജീവമാണ്.

നിങ്ങളറിയുമോ ഈ താരപ്പകിട്ടിനു പിന്നിലെ മിന്നും കഥകൾ?
മുരളി ഗോപി

ജേണലിസം പഠിച്ചിറങ്ങിയതിനു ശേഷം ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ സബ് എഡിറ്റർ- റിപ്പോർട്ടർ തസ്തികയിൽ ജോലി ചെയ്താണ് വി ജി മുരളീകൃഷ്ണൻ എന്ന മുരളി ഗോപിയുടെ തുടക്കം. യു എ ഇ യിൽ ഒരു സ്പോർട്സ് മാഗസിനുവേണ്ടിയും പ്രവർത്തിച്ചു. ഹിന്ദുവിലും ജോലി ചെയ്തിട്ടുണ്ട് . 2012 ൽ ജോലി രാജിവെച്ച് സിനിമയിൽ സജീവമായി. ബ്ലെസി സംവിധാനം ചെയ്ത ഭ്രമരമാണ് അഭിനേതാവെന്ന നിലയിലുള്ള ആദ്യചിത്രം. ഈ അടുത്ത കാലത്ത്,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ടിയാൻ, കമ്മാര സംഭവം, ലൂസിഫർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തുമായി.

തിരുവനന്തപുരം ലോ കോളേജിൽനിന്ന് എൽ എൽ ബി ക്ക് ഒന്നാം റാങ്കു നേടിയിട്ടുണ്ട് അനൂപ് മേനോൻ. കൈരളിയിലും സൂര്യയിലും ആങ്കറായി ജോലി ചെയ്തിട്ടുള്ള അനൂപിന്റെ സിനിമ രംഗത്തേക്കുള്ള പ്രവേശം വിനയന്റെ കാട്ടുചെമ്പകത്തിലൂടെയാണ്. മോഹൻലാൽ അഭിനയിച്ച പകൽ നക്ഷത്രങ്ങളിലൂടെ തിരക്കഥാകൃത്തുമായി. രഞ്ജിത്തിന്റെ തിരക്കഥയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട് അനൂപ്. കോക് ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തുമായി.

കടപ്പാട്: ദ ന്യൂസ് മിനിട്ട്