സാഹിത്യം സഞ്ചരിച്ച ചലച്ചിത്രവഴികൾ

പ്രശാന്ത് എസ് കുമാർ 

പ്രതീക്ഷകൾക്ക്  മങ്ങലേൽപ്പിക്കാതെയാവണം വായനക്കാരുടെ മനസ്സിൽ ഇടംനേടിയ സാഹിത്യ കൃതികൾ ചലച്ചിത്രങ്ങളാകേണ്ടത്. മൂലകൃതിയോട്  പൂർണ്ണമായും നീതി പുലർത്തി പ്രേക്ഷകപ്രീതി നേടിയ  ചിത്രങ്ങൾക്കും ചലച്ചിത്രഭാഷ സംസാരിച്ചപ്പോൾ  സ്വത്വം നഷ്‌ടമായവയ്ക്കും ലോക സിനിമയിൽ  തന്നെ ഉദാഹരണങ്ങൾ ഏറെയാണ്.

സാഹിത്യകൃതികളെ  ചലച്ചിത്രമാക്കുന്നതിൽ മലയാള സിനിമയ്ക്ക് മഹത്തായ പാരമ്പര്യമുണ്ട്. കാലത്തെ അതിജീവിക്കുന്ന മികച്ച  ചലച്ചിത്രങ്ങളായി അവയെ രൂപപ്പെടുത്തിയത് പ്രതിഭാധനരായ സംവിധായകരാണ്.

മതിലുകൾ

ബഷീറിന്റെ സംഭാവനകൾ പരിഗണിക്കാതെ  മലയാള സാഹിത്യം അപൂർണമാകും എന്ന് നിസ്സംശയം പറയാം. ബഷീറിന്റെ മതിലുകൾ എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരം മലയാള ചലച്ചിത്ര ലോകത്തെ വിലപ്പെട്ട ഒരു പാഠപുസ്തകം തന്നെയാണ്. ഒരു മതിലിന്റെ  ഇരു വശങ്ങളിൽ നിന്നുകൊണ്ട് ശബ്ദം കൊണ്ട് മാത്രം പ്രണയ സാന്നിധ്യമറിയിക്കുന്ന ജയിൽപുള്ളികളുടെ കഥ അഭ്രപാളിയിലേക്ക് പകർത്തിയത് മലയാള സിനിമയെ  അന്താരാഷ്ട്ര തലത്തിലേക്ക് പിടിച്ചുയർത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. നിസ്സഹായതയും ജീവിതത്തിന്റെ ലാളിത്യവും ഒരേസമയമവതരിപ്പിച്ച ‘ മതിലുകൾ ‘ നാല്  ദേശീയ പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയത്. മലയാളത്തിന്റെ മഹാനടൻ  മമ്മൂട്ടി ബഷീർ എന്ന ജയിൽപുള്ളിയുടെ വേഷമിടുന്നു. ചിത്രത്തിൽ താരത്തിന്റെ പ്രകടനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. അക്കൊല്ലത്തെ  വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഈ മലയാള ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭ്യമായത്.

ചെമ്മീൻ 

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ കാവ്യം ഏതെന്ന് ചോദ്യത്തിന് മിക്കവാറും  പ്രേക്ഷകർക്കും ഒരുത്തരമേ ഉണ്ടാകുകയുള്ളു; ചെമ്മീൻ. തകഴിയുടെ നോവലിനെ ആധാരമാക്കിയാണ്  ഈ  പ്രണയ ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്കെത്തിച്ച  ആദ്യ ചിത്രമെന്ന ഖ്യാതിയും  ചെമ്മീനുണ്ട്. ആദ്യമായി കളറിൽ ചിത്രീകരിച്ച മലയാള ചിത്രം കൂടിയാണ് 1965ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ. മത്സ്യ തൊഴിലാളികളുടെ ജീവിതവും സംസ്കാരവും നേരിട്ടറിഞ്ഞതിന് ശേഷമാണ് എഴുത്തുകാരൻ ഇത്തരമൊരു കൃതി രചിച്ചത്.

അനുഭവങ്ങൾ പാളിച്ചകൾ

തൊഴിലാളി സംഘടനാ നേതാവായ ചെല്ലപ്പൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ കഥയാണ് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത  ചിത്രം പറയുന്നത്. ഇതേ  പേരിൽ തകഴി രചിച്ച നോവലാണ് ചിത്രത്തിന്റെ ആധാരം.   തോപ്പിൽ ഭാസിയാണ് തിരക്കഥയൊരുക്കിയത്. പട്ടിണിയോട്  പൊരുതുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത്തിന്റെ നേർക്കാഴ്ചയായിരുന്നു ‘ അനുഭവങ്ങൾ പാളിച്ചകൾ’. സത്യൻ, പ്രേംനസീർ, അടൂർ ഭാസി, ഷീല എന്നിവർ മുഖ്യ വേഷങ്ങളിലെത്തി.  മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അനുഭവങ്ങൾ പാളിച്ചകൾ .

തൂവാനത്തുമ്പികൾ 

തിയേറ്ററുകളിൽ പരാജയമായിരുന്നു പത്മരാജന്റെ തൂവാനത്തുമ്പികൾ എന്നത്  മലയാളികൾക്ക് ഇന്ന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭയായിരുന്നു   പദ്മരാജന്റേത് . മനുഷ്യ മനസ്സിലെ സങ്കീർണതകളും  ചലച്ചിത്രഭാഷക്ക് വഴങ്ങും എന്ന   തിരിച്ചറിവിലേക്കെത്താൻ  കാലമേറെ വേണ്ടി വന്നു . ഇന്നത്തെ തലമുറ തൂവാനത്തുമ്പികൾ കാണുന്നത് ഒരു  ക്ലാസ്സിക്ക് ചലച്ചിത്രമായാണ്. പദ്മരാജന്റെ തന്നെ ഉദകപ്പോള എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ക്ലാരയെന്ന എക്കാലത്തെയും പ്രിയപ്പെട്ട നായികയെ മലയാളികൾക്ക് സമ്മാനിച്ച തൂവാനത്തുമ്പികൾ.  രചയിതാവ് തന്നെ ചലച്ചിത്രാവിഷ്കാരം നടത്തിയതിന്റെ  സൗന്ദര്യം ഓരോ ഫ്രെയിമി ലും പ്രകടമാണ്. എക്കാലത്തെയും മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനമാണ് ഐ ബി എൻ ലൈവ് തൂവാനത്തുമ്പികൾക്ക് നൽകിയിരിക്കുന്നത്.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 

പ്രണയിക്കുന്നവരും  പ്രണയിക്കാൻ  ആഗ്രഹിക്കുന്നവരും  ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന് തുടങ്ങുന്ന സംഭാഷണം. അസാധാരണമെന്നു കരുതാവുന്ന ഒരു  പ്രണയകഥയുടെ സത്യസന്ധമായ ആവിഷ്കാരമായിരുന്നു മുന്തിരിത്തോപ്പുകൾ. സ്വന്തം സാഹിത്യ സൃഷ്ടിയെത്തന്നെ സംവിധായകൻ അഭ്രപാളിയിലേക്ക് പകർത്തിവെച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച പ്രണയ ചിത്രമാണ്. തിലകന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർമിക്കപെടുന്ന ഒരു കഥാപാത്രമാണ് സോഫിയയുടെ ക്രൂരനായ രണ്ടാനച്ഛൻ.  മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ശാരിക്ക് ലഭിച്ചപ്പോൾ  ഛായാഗ്രാഹകനായ വേണുവിനെത്തേടി ദേശീയ അംഗീകാരമാണെത്തിയത്. 

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ 

അറുപതുകളിൽ നടന്ന ഒരു കൊലപാതകത്തിന്റെ ചുവടുപിടിച്ചുള്ള അന്വേഷണവും യാത്രയുമാണ്  ടി പി രാജീവൻ  ഇതേ പേരിൽ രചിച്ച നോവൽ. നോൺ ലീനിയർ രീതിയിൽ ചെയ്ത ചിത്രത്തിന്റെ കരുത്ത്  സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ  തിരക്കഥതന്നെ . വ്യത്യസ്തമായ മൂന്ന് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടി  മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി.  ഡോക്യുമെന്ററി,  ഫീച്ചർ രീതികൾ പരീക്ഷണാത്മകമായി സമന്വയിപ്പിച്ചുള്ള    ശൈലിയിലാണ്  ചിത്രം ഒരുക്കിയിട്ടുള്ളത് . നോവലിന്റെ  വിശ്വാസ്യത ഒരു തരി പോലും ചോർന്നു പോകാതെയാണ് പാലേരി മാണിക്യം പ്രേക്ഷകനിലേക്കെത്തിയത്.

അകം 

പ്രശസ്ത മലയാളി എഴുത്തുകാരനായ മലയാറ്റൂർ രാമകൃഷ്ണന്റെ ‘യക്ഷി’  എന്ന നോവലിനെ ആസ്പദമാക്കി  ശാലിനി ഉഷ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അകം. ഫഹദ് ഫാസിൽ, അനുമോൾ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഭാര്യ ഒരു ഭൂതാവിഷ്ടയാണെന്നു  സംശയിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം  പറയുന്നത്.  1986 ൽ  യക്ഷി എന്ന പേരിൽ തന്നെ കെ എസ് സേതുമാധവൻ ഈ സിനിമ ചെയ്തിട്ടുണ്ട്. തോപ്പിൽ ഭാസിയാണ് തിരക്കഥ രചിച്ചത്.

തന്മാത്ര 

മലയാളത്തിലെ നിരവധി സംവിധായകർക്ക് പ്രചോദനം നൽകിയ ചലച്ചിത്രകാരനാണ് പദ്മരാജൻ എന്നതിൽ  സംശയമില്ല. പദ്മരാജന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കിയ ചിത്രമാണ് തന്മാത്ര. അൽഷിമേഴ്‌സ് ബാധിച്ച ഒരു വ്യക്തിയുടെ വൈകാരികമായ സഞ്ചാരത്തിലൂടെയാണ് ഈ മോഹൻലാൽ ചിത്രം കടന്നു പോയത്. സൂപ്പർ സ്റ്റാർ പദവിക്കിടയിൽ എവിടെയോ നഷ്ടമായെന്ന് കരുതിയ  ലാലിലെ നടനെ മലയാളിക്ക് മടക്കി നൽകിയ ചിത്രം കൂടിയായിരുന്നു തന്മാത്ര. മികച്ച നടനുള്ള അവാർഡിന് പുറമെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലും തന്മാത്ര സംസ്ഥാന പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വ്യാജ പ്രചാരണം: കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

നാസ സ്പേസ് ആപ് ചാലഞ്ച്: തിരുവനന്തപുരത്തെ ടീമുകള്‍ ആദ്യ സ്ഥാനങ്ങളില്‍