
ചിക്കാഗോ: പുരുഷ ഗർഭ നിരോധന ഗുളികകൾ ( Male contraceptive pills ) എന്ന് കേൾക്കുമ്പോൾ കൗതുകകരമായി തോന്നാമെങ്കിലും അതിനായുള്ള തീവ്ര പരിശ്രമങ്ങളിലാണ് വൈദ്യശാസ്ത്രം. പുരുഷന്മാർക്കുള്ള ഗർഭ നിരോധന ഗുളികകൾ വികസിപ്പിച്ചെടുക്കുന്നതിനായി ലോകത്തിലെ പല ഭാഗങ്ങളിലായി വിവിധ പരീക്ഷണങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
അസ്‌ത്രത്തിന്റെ അഗ്രം വിഷമയമാക്കുന്നതിനായി പുരാതന ആഫ്രിക്കക്കാർ ഉപയോഗപ്പെടുത്തിയിരുന്ന സംയുക്തം മുതൽ ക്ലിനിക്കൽ പരിശോധന നടത്തി വരുന്ന ട്രോപ്പിക്കൽ ജെല്ലിൽ വരെ എത്തി നിൽക്കുകയാണ് വൈദ്യശാസ്ത്രത്തിന്റെ പരീക്ഷണങ്ങൾ.
ഇപ്പോഴിതാ ഒന്നാം ഘട്ട പഠനത്തിൽ നിന്നും സുരക്ഷിതവും ഫലപ്രദവുമായ പുരുഷ ഗർഭ നിരോധന ഗുളികകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡൈമീതാൻഡ്രോലോൺ അൺഡെകാനോയേറ്റ് (DMAU) എന്ന മരുന്നാണ് ഗർഭ നിരോധന ഗുളികകളായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘വൺസ് എ ഡേ’ പിൽ എന്നാണ് ആരോഗ്യ വിദഗ്ദ്ധർ ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത്.
എല്ലാ തരം ടെസ്റ്റോസ്റ്റിറോണുകളും ശരീരത്തിൽ നിന്നും ദ്രുതഗതിയിൽ നീക്കം ചെയ്യപ്പെടുമ്പോൾ അത്തരം പ്രവർത്തനത്തിന്റെ വേഗത കുറയ്ക്കാൻ അവശ്യമായ ദൈർഘ്യമേറിയ ഫാറ്റി ആസിഡുകളുടെ സാന്നിധ്യമാണ് ഇത്തരമൊരു സവിശേഷ ഗുണം ഇവയ്ക്ക് നൽകുന്നത്.
പുരുഷന്മാർക്ക് വേണ്ടിയുള്ള ഇത്തരമൊരു ഔഷധത്തിന്റെ കണ്ടെത്തലിൽ DMAU-ന് നിർണായക സ്ഥാനമായിരിക്കും ലഭിക്കുന്നതെന്ന് പ്രധാന ഗവേഷകനായ സ്റ്റെഫാനി പേജ് അഭിപ്രായപ്പെട്ടു.
ദീർഘകാല കുത്തിവയ്പുകളെക്കാളും ട്രോപ്പിക്കൽ ജെല്ലുകളെക്കാളും പല പുരുഷന്മാരും ദിവസേനയുള്ള ഗുളികകൾക്കാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് സർവേകൾ വ്യക്തമാക്കുന്നു. പുരുഷന്മാരുടെ മനോഭാവത്തിൽ അത്തരത്തിലൊരു മാറ്റമുണ്ടായത് പുരോഗതിയാണെന്ന് ശാസ്ത്രം വിലയിരുത്തുന്നു.
മരുന്നിന്റെ ആദ്യ ഘട്ട പഠനത്തിൽ പൂർണ ആരോഗ്യമുള്ള 100 പുരുഷന്മാരെ മൂന്ന് വിഭാഗമായി തിരിച്ചതിന് ശേഷം മൂന്ന് വ്യത്യസ്ത അളവുകളിലായി ഈ മരുന്ന് നൽകപ്പെട്ടു. ഏറ്റവും കൂടുതൽ അളവിൽ ഈ മരുന്ന് ഉപയോഗിച്ച സംഘത്തിൽ നിന്ന് ഗവേഷകർ പ്രതീക്ഷിച്ച മികച്ച ഫലം ലഭിച്ചതായി പഠന ഫലത്തിൽ പറയുന്നു.
ഈ ഔഷധം ഉപയോഗിച്ചവരിൽ ടെസ്റ്റോസ്റ്റിറോണും ബീജം നിർമ്മിക്കുന്നതിനാവശ്യമായ ഹോർമോണുകളുടെ സാന്നിധ്യവും കുറഞ്ഞതായി കണ്ടെത്തിയെന്ന് ഗവേഷകർ വെളിപ്പെടുത്തി.
എന്നാൽ ഈ ഔഷധത്തിന് രണ്ട് പാർശ്വ ഫലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ ഔഷധം ഉപയോഗിച്ചവരിൽ നല്ല കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോളിൽ കുറവ് രേഖപ്പെടുത്തി.
ഇതിന് പുറമെ ഇവരുടെ ശരീര ഭാരം ഒരൽപ്പം വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ ഈ ഔഷധം പുറത്തിറക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് ഗവേഷകർ.