
അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ‘രാജാധിരാജ’യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്.
ഈ മമ്മൂട്ടി ചിത്രത്തിൽ നാല് നായികമാരാണ് ഉള്ളത്. വരലക്ഷ്മി ശരത് കുമാര്‍, ഹണി റോസ്, റായ് ലക്ഷ്മി, മഹിമാ നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. മഹിമാ നമ്പ്യാരുടെ ആദ്യത്തെ നായികാപ്രധാന്യമുള്ള മലയാള ചലച്ചിത്രമാണിത്.
ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു കോളേജ് പ്രിൻസിപ്പലായി വേഷമിടുന്നു. മക്ബൂൽ സൽമാൻ, സലിംകുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
‘പുലിമുരുകന്’ ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രമാണിത്. അടുത്ത മാസം ഏപ്രിൽ 9-ന് ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിക്കും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടില്ല.