കയ്യടിച്ചോളൂ; മണികണ്ഠൻ ഇതാ വീണ്ടുമെത്തി!

ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ മുഴുവന്‍ കയ്യിലെടുത്ത, “കയ്യടിക്കെടാ…” എന്ന ഒറ്റ ഡയലോഗ് കൊണ്ട് മലയാളത്തിന്റെ മുഴുവന്‍ കയ്യടി നേടിയ നടന്‍. മണികണ്ഠന്‍ ആചാരി. മലയാളവും കടന്ന് തമിഴിലും തന്റെ പ്രതിഭ തെളിയിക്കുന്ന മണികണ്ഠൻ ആചാരിയുമായി ബിലൈവ് ന്യൂസ് സംസാരിക്കുന്നു.

നാടകത്തിലൂടെയാണ് മണികണ്ഠന്‍ സിനിമയിലേയ്ക്ക് എത്തുന്നത്. രാജീവ് രവിയുടെ കമ്മട്ടിപ്പാടമായിരുന്നു തുടക്കം. ബാലേട്ടന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് മണികണ്ഠന്‍ എന്ന അതുല്യ നടനെയാണ്. ആദ്യ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയെടുത്തു. മലയാള യുവത്വത്തിന് ലഭിച്ച ഏട്ടന്‍ എന്നുവേണമെങ്കില്‍ ഇദ്ദേഹത്തെ വിളിയ്ക്കാം. ഇപ്പോള്‍ വീണ്ടും രാജീവ് രവിയ്ക്ക് ഒപ്പം അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് മണികണ്ഠന്‍. 

പുതിയ ചിത്രങ്ങളും വിശേഷങ്ങളും എന്തൊക്കെയാണ്?

നവാഗതനായ സാം സംവിധാനം ചെയ്ത  ‘ഓട്ടം’ എന്ന ചിത്രമാണ് അവസാനമായി റിലീസായത്. പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങള്‍.  മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. പിന്നെ വര്‍ക്ക് നടക്കുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന് രാജീവ് രവിയേട്ടന്റെ ‘തുറമുഖ’വും മമ്മൂക്കയ്ക്ക് ഒപ്പമുള്ള ‘മാമാങ്ക’വും. 

രാജീവ് രവിയാണല്ലോ താങ്കളെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്

അതെ, രവിയേട്ടന്റെ കമ്മട്ടിപ്പാടത്തിലൂടെയാണ് ഞാന്‍ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. വളരെ വെല്ലുവിളി നിറഞ്ഞൊരു കാരക്ടറായിരുന്നു അത്. പുതിയ ചിത്രമായ തുറമുഖത്തിലും നല്ലൊരു കഥാപാത്രമായിട്ടാണ് വരുന്നത്. നിവിന്‍ പോളിയാണ് ഇതില്‍ നായകന്‍  നിവിനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമാണിത്. കായംകുളം കൊച്ചുണ്ണിയിലാണ് ഞങ്ങള്‍ ഇതിന് മുമ്പ്  ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 

മാമാങ്കവും മമ്മൂട്ടിയും

ഞാന്‍ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മാമാങ്കം. മമ്മൂക്കയെപ്പോലെ ഒരു വലിയ ആര്‍ട്ടിസ്റ്റിന്റെ ഒപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. എന്റെ ഭാഗ്യമായിട്ടാണ് ഞാനിത് കാണുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവിടാന്‍ ഇപ്പോള്‍  സാധിക്കില്ല.  വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

പുതിയ ചിത്രമായ ഓട്ടത്തില്‍ പാടി അഭിനയിച്ചു. ആ എക്‌സ്പീരിയന്‍സ് എങ്ങനെയായിരുന്നു?

ആദ്യമായിട്ടാണ് ഞാനൊരു പാട്ട്പാടുന്നത് എന്നുവേണമെങ്കില് പറയാം.  നാടന്‍ പാട്ടൊക്കെ പാടിയിട്ടുണ്ടെങ്കിലും ഒരു സിനിമയ്ക്ക് വേണ്ടി പാടിയഭിനയിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും നല്ല രസമായിരുന്നു. ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയ ഫോര്‍ മ്യൂസിക്കായിരുന്നു ഓട്ടത്തിലെ ഗാനങ്ങള്‍ക്കും ഈണമിട്ടത്. റെക്കോര്‍ഡിങ്ങും മറ്റുമൊക്കെ ശരിക്കും എഞ്ചോയ് ചെയ്തു. ഒരു ബാറിന്റെ അന്തരീക്ഷത്തിലുള്ള ഗാനരംഗമാണിത്. 

രജനീകാന്തും വിജയ് സേതുപതിയും. തമിഴകത്തെ രണ്ട് ഗ്രേറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ്

രണ്ട് പേരും നമ്മളെ അത്ഭുതപ്പെടുത്തുന്നവര്‍. രജനീകാന്തിനൊപ്പം അഭിനയിക്കുക എന്നു പറയുന്നത് തന്നെ സ്വപ്നം പോലെയായിരുന്നു. ചെറിയ റോളാണ്, പ്രതിഫലം കുറവാണ് എന്നറിഞ്ഞിട്ടും ഞാന്‍ പോയി. കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ ഭാഗമാവുക എന്നത് തന്നെ വലിയ കാര്യമാണ്. പിന്നെ കാര്‍ത്തിക് സുബ്ബരാജ്. മറ്റൊരു രാജീവ് രവി എന്നുവേണമെങ്കില്‍ കാര്‍ത്തികിനെ വിളിക്കാം. എല്ലാംകൊണ്ടും ‘പേട്ട ‘ ഒരു അഭിനയ കളരിയായിരുന്നു. 

പേട്ടയില്‍ വിജയ് സേതുപതിയ്ക്ക് ഒപ്പം നിരവധി രംഗങ്ങളില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ വിജയ് നായകനാകുന്ന ‘മാമനിതന്‍’ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സീനു രാമസ്വാമിയാണ് സംവിധാനം. ഇളയരാജയും യുവന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും ഒരുമിച്ച് സംഗീതം നിര്‍വ്വഹിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘മാമനിതന്‍’.

സിനിമയ്‌ക്കൊപ്പം തന്നെ നാടകാഭിനയവും മുടക്കാതെ കൊണ്ടുപോകാന്‍ നോക്കുന്നുണ്ട് മണികണ്ഠന്‍. എന്‍ പ്രഭാകരന്‍ മാഷിന്റെ പുലിജന്മത്തിന്റെ നാടകാവിഷ്‌കാരത്തിലാണ് മണികണ്ഠന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. നിരവധിയിടങ്ങളില്‍ നാടകം അവതരിപ്പിക്കുന്നുണ്ട്. കാരിഗുരുക്കളായിട്ടാണ് മണികണ്ഠന്‍ വേഷമിടുന്നത്. 

നാടകവും സിനിമയുമൊക്കെയായി അത്യാവശ്യം തിരക്കിലാണ് താനെങ്കിലും വീട്ടിലെത്തിയാല്‍ പിന്നെ ആ പഴയ തൃപ്പുണിത്തുറക്കാരനായി മാറാനാണ് ഏറെയിഷ്ടമെന്ന് മലയാളത്തിന്റെ ബാലേട്ടൻ പറയുന്നു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അന്തരീക്ഷ താപം വർധിക്കുന്നു; ജാഗ്രത വേണം

പ്രളയത്തിന്‍റെ നേര്‍ക്കാഴ്ചയുമായി ബംഗ്ലാദേശി ആര്‍ട്ടിസ്റ്റ് മര്‍സിയ ഫര്‍ഹാന