പ്രതിസന്ധികളെ അതിജീവിച്ച് മണികർണിക: സംവിധാനം കൂടി ഏറ്റെടുത്ത് കങ്കണ 

തുടരെ തുടരെ പ്രതിസന്ധികളെ അതിജീവിക്കുകയായിരുന്നു മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി ( Manikarnika : The Queen of Jhansi ) എന്ന ചിത്രത്തിനായി നായിക കങ്കണ റണാവത്തും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും.

ചിത്രത്തിൽ നിന്നും പല അഭിനേതാക്കളും  പിൻവാങ്ങിയതിൽ തുടങ്ങി നിശ്ചയിച്ചിരുന്ന ബജറ്റിൽ കൂടുതൽ ചിലവ് വേണ്ടി വന്ന സാഹചര്യത്തിൽ നിർമ്മാതാക്കൾ ഷൂട്ടിംഗ് നിർത്തിവെച്ചു എന്ന തരത്തിലുള്ള റിപോർട്ടുകൾ വരെ പുറത്ത് വന്നിരുന്നു. എന്നാൽ ഏറ്റവുമൊടുവിലത്തെ വാർത്തയനുസരിച്ച് ചിത്രം വിജയകരമായി ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു.

ഗാന്ധി ജയന്തി ദിനത്തിൽ ഈ ധീരവനിതയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കാൻ നിശ്ചയിച്ചിരിക്കുകയാണ്. റാണി ലക്ഷ്മി ഭായിയെ അവതരിപ്പിക്കുന്ന കങ്കണയുടെ രൗദ്ര ഭാവം അവതരിപ്പിക്കുന്ന പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി വീര പോരാട്ടം നയിച്ച നായികയുടെ ചിത്രത്തിന്റെ ടീസർ പുറത്തിറക്കാൻ ഇതിനേക്കാൾ മികച്ച ദിവസം വേറെയില്ലെന്നാണ് നിർമ്മാതാക്കൾ അഭിപ്രായപ്പെടുന്നത്.

എന്നാൽ പ്രേക്ഷക സമൂഹത്തിന് ഏറെ കൗതുകകരമാകുന്നത് ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ കങ്കണ റണാവത്ത് സംവിധായക ചുമതല  കൂടി ഏറ്റെടുത്തു എന്നതാണ്. തെലുങ്കിലും ഹിന്ദിയിലും ഏതാനും ചിത്രങ്ങളൊരുക്കിയ കൃഷ് എന്ന സംവിധായകനാണ് ചിത്രം ആരംഭിച്ചത്.

പല പ്രതിസന്ധികളിലും ചരിത്ര പ്രാധാന്യമുള്ള ഈ ചിത്രം ഉപേക്ഷിക്കപെടുമെന്ന് ഏവരും ഭയന്ന സാഹചര്യത്തിലാണ് താരം തന്നെ സംവിധായികയായി മുന്നോട്ട് വന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണിതെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. ടി വി താരം അങ്കിത ലോഖണ്ഡേ ബോളിവുഡിലേക്ക്ചുവടുവയ്ക്കാനൊരുങ്ങുന്നതും ഇതിഹാസ ചിത്രത്തിലൂടെയാണ്.

1857ലെ ഇന്ത്യൻ കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ റാണി ലക്ഷ്മി ഭായ് നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിഷു സെൻഗുപ്‌ത, അതുൽ കുൽക്കർണി,സുരേഷ് ഒബ്‌റോയ്,താഹിർ ഷാബിർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 2019 ജനുവരിയോടെ  ചിത്രം പ്രദർശനത്തിനെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സദാചാര പോലീസുകാർ ഇനി വേറെ തൊഴിൽ അന്വേഷിക്കട്ടെ

രോഗികളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഇനി നിറങ്ങളുടെ വഴി