
ഇംഫാല്‍: മണിപ്പൂരില്‍ യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം അഞ്ചു മാസത്തിനു ശേഷം അവസാനിപ്പിച്ചു. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയാണ് അനിശ്ചിതകാലമായി തുടര്‍ന്നുവന്നിരുന്ന സാമ്പത്തിക ഉപരോധം പിൻവലിച്ചത്.
മണിപ്പൂര്‍ സര്‍ക്കാരും, കേന്ദ്ര സർക്കാർ പ്രതിനിധികളും, യുണൈറ്റഡ് നാഗ കൗണ്‍സിലുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് ഉപരോധം പിൻവലിക്കാന്‍ ധാരണയായത്. രാഷ്ട്രീയ തലത്തിലുള്ള ത്രികക്ഷി കൂടിക്കാഴ്ച്ച ഒരു മാസത്തിനുള്ളില്‍ വീണ്ടും നടക്കുമെന്നാണ് റിപ്പോർട്ട്.
മണിപ്പൂരില്‍ പുതിയ ഏഴ് ജില്ലകള്‍ രൂപീകരിക്കുന്നതിനെതിരെയാണ് നാഗകള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു മാസമായി ട്രാന്‍സ്-ഏഷ്യന്‍ ഹൈവേയിലൂടെയും, ദേശീയപാതയിലൂടെയും ചരക്കു വാഹനങ്ങള്‍ കടത്തിവിടാതെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ പ്രവർത്തകർ ഉപരോധിക്കുകയായിരുന്നു.
ഇതോടെ ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍, ഇന്ധനം തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമവും, വിലക്കയറ്റവും നേരിട്ടിരുന്നു. കൂടാതെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും ഉപരോധത്തെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.