
കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലൗ ‘പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം ആരംഭിച്ചു. സദാചാര ഗുണ്ടായിസത്തിന് എതിരെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രവർത്തകർ അറിയിച്ചു.
വ്യാഴാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് പ്രതിഷേധക്കാർ മറൈന്‍ഡ്രൈവില്‍ പ്രകടനമായെത്തിയത്. തുടർന്ന് തെരുവ് നാടകം അരങ്ങേറി.
പോലീസിന്റെ അനുമതി ഇല്ലാതെയാണ് പ്രതിഷേധ സമരം അരങ്ങേറുന്നത്. മറൈന്‍ഡ്രൈവില്‍ പോലീസിന്റെ കര്‍ശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് പെൺകുട്ടികളെയും, യുവാക്കളെയും വിരട്ടിയോടിച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച കെ എസ് യു ഉൾപ്പെടെയുള്ള വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. മറൈന്‍ ഡ്രൈവില്‍ കെ എസ് യു ‘ചൂരല്‍ സമര’വും, ഇടതു സംഘടനകള്‍ ‘സ്നേഹ ഇരിപ്പ്’ സമരവുമാണ് സംഘടിപ്പിച്ചത്.