പി സി ജോർജ്ജിനെ മാധ്യമങ്ങൾ ബഹിഷ്കരിക്കണം: ശാരദക്കുട്ടി

പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജിന്റെ കന്യാസ്ത്രീ വിരുദ്ധ പരാമർശങ്ങൾ തുടരുന്നതിനിടയിൽ  അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളെല്ലാം അദ്ദേഹത്തെ സമ്പൂർണമായി ബഹിഷ്കരിക്കണം എന്ന അഭ്യർത്ഥനയുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി.

ബിഷപ്പ്  ഫ്രാങ്കോ തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന് സഭയ്ക്കും സർക്കാരിനും  പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ തോതിൽ വിവാദമായിരുന്നു.

ജോർജ്ജിന്റെ വായടപ്പിക്കാനായി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ തന്നെ തുടങ്ങിവച്ചു. ഈ വിഷയത്തിൽ കേന്ദ്ര വനിതാ കമ്മീഷൻ സ്വമേധയാ  എടുത്ത കേസും എം എൽ എ ക്കെതിരെ നിലവിലുണ്ട്. വിവാദ പരാമർശത്തിൽ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം വാക്ക് മാത്രം പിൻവലിച്ച് അദ്ദേഹം ഖേദ പ്രകടനം നടത്തുന്നതും കണ്ടു. എന്നാൽ കേസിൽ  പ്രതിയായ ഫ്രാങ്കോ മുളക്കലിനെ ജയിലിൽ  സന്ദർശിച്ച്‌ മടങ്ങിയതിനുശേഷം  കന്യാസ്ത്രീക്കെതിരെയുള്ള അപവാദ പ്രചാരണം പി സി ജോർജ്ജ് തുടരുകയാണ്. അതിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ഇപ്പോൾ  ശാരദക്കുട്ടി രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ ഫേസ് ബുക്കിൽ ഇട്ടിരുന്ന കുറിപ്പുകളിലും ജോർജ്ജിനെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്ന എഴുത്തുകാരി മാധ്യമങ്ങളോട് പി സി ജോർജ്ജിനെ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് 

“വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു നൽകിയ കന്യാസ്ത്രീയാണ് ബലാൽസംഗത്തിനെതിരെ പരാതി നൽകിയിരിക്കുന്ന”തെന്ന് മറ്റേടത്തെ എം എൽ എ പരിഹസിക്കുന്നു. വിവാഹ ജീവിതമാഗ്രഹിക്കുന്ന സ്ത്രീകൾക്കെല്ലാം നാട്ടുകാരുടെ ബലാത്സംഗത്തിനും സമ്മതമാണ്. പോയിന്റ് നോട്ട് ചെയ്യു. തിരുവായ് മൊഴികൾ തിങ്കളാഴ്ച വീണ്ടുമുണ്ടാകുമെന്നൊരു ഭീഷണിയുമുണ്ട് പത്രക്കാരോട്.

സ്ത്രീസമൂഹത്തിന്റെ മാന്യതക്കും അന്തസ്സിനും വേണ്ടി നിരന്തരം സമരത്തിലേർപ്പെട്ടിരിക്കുന്ന, വിജയത്തിലെത്താൻ അവർക്കൊപ്പം എല്ലായ്‌പ്പോഴും നിലകൊള്ളുന്ന ദൃശ്യ-ശ്രാവൃ-പ്രിന്റ് മാധ്യമങ്ങളോട് എല്ലാ നന്ദിയോടെയും ബഹുമാനത്തോടെയും ചോദിക്കട്ടെ, കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ മാന്യതയും അന്തസ്സും ചവിട്ടിത്തേക്കുന്ന ഇയാളെ ബഹിഷ്കരിച്ചു കൂടെ?

ഇനി മേലിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഞങ്ങളുടെ ചാനൽ / പത്രം പ്രസിദ്ധീകരിക്കുകയില്ല എന്നൊരു പ്രതിജ്ഞ എടുത്തു കൂടെ? പി സി ജോർജ് മര്യാദ പഠിക്കുന്നതു വരെ അയാൾക്ക് മാധ്യമ ഭ്രഷ്ട് കൽപ്പിക്കുന്നു എന്നൊരു തീരുമാനമെടുത്തു കൂടെ? മൈക്കും ക്യാമറയും കാണുമ്പോൾ ഇയാളുടെ ശരീരഭാഷ കണ്ടാൽ, മോട്ടോർ കണ്ട കളക്കൂറ്റന്റെ പരാക്രമം എന്ന ചങ്ങമ്പുഴയുടെ ഉപമയാണോർമ്മ വരിക.

കന്യാസ്ത്രീകൾക്കൊപ്പം വിജയം വരെ നിലകൊണ്ട മാധ്യമങ്ങളുടെ ആത്മാർഥതയിൽ വിശ്വസിക്കുന്ന  കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയുള്ള അഭ്യർഥനയായി ഇത് കണക്കാക്കണം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിഷിന്‍റെ വളര്‍ച്ചയ്ക്ക്  സര്‍ക്കാര്‍ പിന്തുണ നല്‍കും 

കണ്ണാശുപത്രി പുതിയ കെട്ടിടം: 54 അധിക തസ്തികകള്‍ സൃഷ്ടിച്ചു