രോഗികളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഇനി നിറങ്ങളുടെ വഴി

തിരുവനന്തപുരം: നിറങ്ങള്‍ വഴികാട്ടിയാകുന്ന സൈനേജ് സംവിധാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമാകുന്നു.

ആശുപത്രിയിലെ വിവിധ ചികിത്സാവിഭാഗങ്ങളും മറ്റും വ്യക്തമായി കണ്ടെത്താനാകാതെ സാധാരണക്കാരായ രോഗികള്‍ അലയുന്നത് പതിവാണ്. ഇതിന് ശാശ്വതമായ പരിഹാരമായാണ് സൈനേജ് സംവിധാനത്തെ അവതരിപ്പിക്കുന്നത്.

വിവിധ നിറത്തിലുള്ള എല്‍ ഇ ഡി ലൈറ്റുകളുടെ പ്രകാശമാണ് ഇനി രോഗികളെ അവരവര്‍ക്ക് ചികിത്സ ലഭ്യമാക്കേണ്ട വിഭാഗത്തിലേക്ക് നയിക്കുന്നത്. അതോടൊപ്പം ഓരോ നിറവും നയിക്കുന്ന ദിശയിലേക്ക് വ്യക്തമായി മനസിലാക്കാന്‍ ചുവര്‍ചിത്രങ്ങളും ആലേഖനം ചെയ്യുന്നുണ്ട്.

സാധാരണപോലെയുള്ള ബോര്‍ഡുകളും ഇതിനോടുചേര്‍ന്ന് ഉണ്ടാകും. ഒപി ബ്ലോക്കിലെ അസ്ഥിരോഗവിഭാഗത്തിലും പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലേക്കും പോകാന്‍ നീലവെളിച്ചം നയിക്കുന്ന വഴിയിലൂടെ വേണം പോകാന്‍.

സര്‍ജറി വിഭാഗത്തിലേക്ക് ഓറഞ്ചും പച്ചനിറം കാര്‍ഡിയോളജിക്കുമാണ്. തുടര്‍ന്നുള്ള ലൈറ്റുകളുടെ ക്രമീകരണവും മറ്റ് അനുബന്ധ ജോലികളും ധൃതഗതിയില്‍ നടന്നുവരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഈ സംവിധാനം ഗുണകരമാകുമെന്ന് ഉറപ്പാണ്.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രിയെ രോഗീസൗഹൃദമാക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് എട്ടുലക്ഷം രൂപ ചെലവഴിച്ച് ഇത്തരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിവിധ നിറങ്ങളിലുള്ള വഴികാട്ടി ലൈറ്റുകള്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചേരാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കണ്ണിനും മനസിനും കുളിര്‍മയേകുകയും ചെയ്യും.

മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ തയ്യാറായിവരുന്ന സൈനേജ് സംവിധാനം പരീക്ഷണാര്‍ത്ഥം പ്രകാശിപ്പിച്ചപ്പോള്‍

ആര്‍ട്ടീരിയ ചുമര്‍ചിത്രങ്ങളുടെ ക്യുറേറ്ററും ലളിതകലാ അക്കാഡമി അവാര്‍ഡ് ജേതാവുമായ ഡോ ആര്‍ അജിത്കുമാറിന്‍റെ മേല്‍നോട്ടത്തിലാണ് ചുമര്‍ചിത്രങ്ങളുടെയും ലൈറ്റ് ക്രമീകരണങ്ങളുടെയും ജോലി നടന്നുവരുന്നത്. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ് കുമാറാണ് പുതിയ സജ്ജീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

വിവിധ ഒപി മുറികള്‍ ശീതീകരിക്കുന്ന ജോലികളും പൂര്‍ത്തിയായി വരുന്നു. രണ്ടു നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെയും ഔദ്യോഗികമായ ഉദ്ഘാടനം ഉടന്‍ നടക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും രോഗീസൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചര്‍ നടത്തുന്ന നിരന്തര ഇടപെടലുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ സംവിധാനത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെയും തടസമില്ലാതെ മുന്നോട്ടുനയിക്കുന്നു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബിജോണ്‍, ആര്‍ എം ഒ ഡോ മോഹന്‍റോയ് എന്നിവരും കൃത്യമായ പദ്ധതി തയ്യാറാക്കി സൈനേജ് സ്ഥാപിക്കലിനും മുറികള്‍ ശീതികരിക്കുന്നതിനും ശക്തമായി ഇടപെട്ടു. അതുകൊണ്ടുതന്നെ കാലതാമസമില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രതിസന്ധികളെ അതിജീവിച്ച് മണികർണിക: സംവിധാനം കൂടി ഏറ്റെടുത്ത് കങ്കണ 

കുന്നിമണി കമ്മല്‍: വയനാടന്‍ യാത്രാനുഭവങ്ങളുടെ സ്മരണിക