
ന്യൂഡൽഹി: പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. കണ്ണൂർ കോളേജിലെ 150 സീറ്റിലെയും, കരുണ കോളേജിലെ 30 സീറ്റുകളിലെയും പ്രവേശനമാണ് റദ്ദാക്കിയത്.
ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്മെൻറുകൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. 180 സീറ്റുകളിലെ പ്രവേശനം റദ്ദാക്കുമ്പോൾ കരുണ മെഡിക്കൽ കോളേജുകളിലേക്ക് മേൽനോട്ട സമിതി നൽകിയ പട്ടികയിലെ 30 വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം പ്രവേശനം നൽകണമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാ റോയ്എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ചട്ടങ്ങൾക്ക് വിധേയമായാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കാണിക്കാൻ കോളേജുകൾ രേഖകളിൽ കൃത്രിമം കാട്ടിയതായി കോടതി കണ്ടെത്തി. കൃത്രിമം കാട്ടിയതിന് ഇൗ കോളേജുകൾക്കെതിരെ കേസെടുക്കേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാറുമായി സഹകരിക്കാതെയാണ് പാലക്കാട് കരുണ മെഡിക്കൽ കോളേജും, കണ്ണൂർ മെഡിക്കൽ കോളേജും വിദ്യാർത്ഥികൾക്ക് പ്രവേശനം നടത്തിയത്. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കി. ഇത് ചോദ്യം ചെയ്ത് മാനേജ്മെൻറുകൾ ഹൈക്കോടതിയെയും, തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കുകയായിരുന്നു.