മെഡിക്കൽ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായതോടെ ഈ അധ്യായന വര്‍ഷം തന്നെ എം.ബി.ബിഎസ്., പി.ജി., ബി.ഡി.എസ്, ഡിപ്ലോമ കോഴ്‌സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജും അതിന്റെ കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത്, മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പോലെ നടത്തിപ്പിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചിരുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും  മന്ത്രി പറഞ്ഞു. 

ഈ വര്‍ഷത്തെ എം.ബി.ബി.എസ്., പി.ജി. മുതലായ കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ വൈകാതെ ആരംഭിക്കേണ്ടതിനാല്‍ 11 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ 1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 2, അക്കൗണ്ട് ഓഫീസര്‍ 1, സീനിയര്‍ സൂപ്രണ്ട് 3, ജൂനിയര്‍ സൂപ്രണ്ട് 4 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.

എം.ബി.ബി.എസിന് 100 ഉം ബി.ഡി.എസിന് 60 ഉം സര്‍ക്കാര്‍ സീറ്റുകളാണ് ലഭിക്കുക. എം.ഡി. ജനറല്‍ മെഡിസിന്‍, എം.ഡി. ഡെര്‍മറ്റോളജി, എം.ഡി. പീഡിയാട്രിക്, എം.എസ്. ജനറല്‍ സര്‍ജറി, എം.എസ്. ഓര്‍ത്തോപീഡിക്‌സ്, എം.എസ്. ഇ.എന്‍.ടി., എം.ഡി. റേഡിയോ ഡയഗ്നോസിസ്, എം.ഡി. ചെസ്റ്റ് ഡിസീസ്, എം.ഡി. അനസ്തീഷ്യ, എം.ഡി. എമര്‍ജന്‍സി മെഡിസിന്‍, എം.ഡി. സൈക്യാട്രി, എം.എസ്. ഒഫ്ത്താല്‍മോളജി, ഡി.എല്‍.ഒ. ഇ.എന്‍.ടി, ഡി.ഡി.വി.എല്‍. ഡെര്‍മറ്റോളജി, ഡി.ജി.ഒ., ഡി.സി.എച്ച്., ഡി. ഓര്‍ത്തോ, എം.ഡി. പത്തോളജി, എം.ഡി. മൈക്രോബയോളജി, എം.ഡി. ഫിസിയോളജി, എം.ഡി. കമ്മ്യൂണിറ്റി മെഡിസിന്‍, എം.എസ്.സി. നഴ്‌സിംഗ്, എം.ഫാം ഫാര്‍മക്കോളജി, എം.ഫാം ഫാര്‍മകോഗ്നോസി, എം.ഫാം ഫാര്‍മസ്യൂട്ടിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി 74 സര്‍ക്കാര്‍ പി.ജി. സീറ്റുകളാണ് ലഭിക്കുന്നത്. കാര്‍ഡിയോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ഒരു സീറ്റും ലഭിക്കും.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ തൊറാസിക് നഴ്‌സിംഗ്, ബി. ഫാം, ബി.എസ്.സി. എല്‍.എല്‍.ടി., ബി.എസ്.സി. നഴ്‌സിംഗ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നോളജി, കാര്‍ഡിയോ വാസ്‌ക്യുലാര്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തീയറ്റര്‍ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ജി.എന്‍.എം. എന്നീ കോഴ്‌സുകളില്‍ 300 ലേറെ സീറ്റുകളിലും സര്‍ക്കാര്‍ ഫീസില്‍ പഠിക്കാവുന്നതാണ്.

ഓര്‍ഡിനന്‍സ് ആയതോടെ പരിയാരം കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റർ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും അനുബന്ധ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളായി മാറി വരുന്നു. പരിയാരം മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്‌സിംഗ്, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 

ഈ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ കഴിയുന്നതോടൊപ്പം മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും ലഭ്യമാകും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജപ്തി നടപടികൾ നിര്‍ത്തിവെയ്ക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി

ശബ്ദത്തിന്‍റെ സൂക്ഷ്മാംശങ്ങൾ തേടി