ഒരു മാസത്തെ സൗജന്യ മരുന്നകള്‍ നല്‍കും: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരു മാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ക്യാമ്പുകളിലുള്ളവര്‍ക്കും ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്കുമാണ് അവര്‍ക്കാവശ്യമായ മരുന്നുകള്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്നും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കെ.എം.എസ്.സി.എല്‍. വലിയ അളവില്‍ മരുന്നുകള്‍ സ്റ്റോക്ക് ചെയ്തതു കൊണ്ടാണ് മരുന്നുകളുടെ ക്ഷാമം ഒഴിവായത്. ഇതുകൂടാതെ പല മേഖലയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നുണ്ട്.

ഏതെങ്കിലും ക്യാമ്പുകളില്‍ മരുന്നുകളുടെ കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിച്ചാല്‍ എത്രയും വേഗം മരുന്നുകള്‍ ലഭ്യമാക്കുന്നതാണ്. പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ക്യാമ്പിലുള്ളതിനാല്‍ മരുന്നിന് കുറവുണ്ടെന്ന് ബോധ്യമായാല്‍ മറ്റ് സംസ്ഥാനങ്ങള്‍ സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏതെങ്കിലും ഭാഗത്ത് മരുന്നിന്റേയോ ഡോക്ടര്‍മാരുടേയോ കുറവുണ്ടായാല്‍ വിളിച്ചറിയിക്കാന്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലകള്‍ തോറും ജില്ലാ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറും അഡീഷണല്‍ ഡയറക്ടറുമാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. ഇതുകൂടാതെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ നടപടിയെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പുകളില്‍ പരമാവധി ഡോക്ടര്‍മാരേയും നഴ്‌സുമാരേയും എത്തിക്കുന്ന ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ചില കേന്ദ്രങ്ങളില്‍ കുറവുണ്ടെങ്കിലും അത് പരിഹരിക്കുന്നതാണ്. കേരളത്തിന് പുറത്തുള്ള ഡോക്ടര്‍മാര്‍ തിരികെ പോയാലും പകരം ആള്‍ക്കാരെ നിയമിക്കേണ്ടതുണ്ട്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനും ശുചീകരണത്തിനും പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കല്‍ കൃത്യമായി നടത്തേണ്ടതുണ്ട്. ഇതിനായി കളക്ടറേറ്റില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.

ഒന്നുരണ്ട് ദിവസത്തിനകം എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കേണ്ടതുണ്ട്. അതുകഴിഞ്ഞ് അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. ടണ്‍ കണക്കിന് ക്ലോറിനും ബ്ലീച്ചിംഗ് പൗഡറുമാണ് ആവശ്യമുള്ളത്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്.

അണുനശീകരണത്തിന് ഒരു നിശ്ചിത അളവില്‍ മാത്രമേ കോറിനും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനാല്‍ പരിശീലനം സിദ്ധിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി നിയോഗിക്കുന്നത്.

ഏതെങ്കിലും ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മറച്ചു വയ്ക്കാതെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍.എച്ച്.എം. പി.ആര്‍.ഒ.മാരെ നിയോഗിക്കുന്നതാണ്. ചിക്കന്‍പോക്‌സ് പോലെയുള്ള രോഗമുള്ളവരെ പ്രത്യേകം മാറ്റി ചികിത്സിക്കുന്നതാണ്. ഇതിനുവേണ്ടി താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളും ക്യാമ്പുകളില്‍ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും ആയുര്‍വേദ പ്രതിരോധ കിറ്റുകള്‍ നല്‍കുന്നതാണ്.

മാനസികാരോഗ്യം വലിയ പ്രശ്‌നമാണ്. എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി വ്യാപകമായ കൗണ്‍സിലിംഗ് നടത്തേണ്ടതുണ്ട്. ഇതിനായി ക്യാമ്പുകളിലും വീടുകളിലും കൗണ്‍സിലിംഗ് നടത്തുന്നതാണ്.

തെറ്റായ പ്രചരണങ്ങളില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയവും ജാതിമതങ്ങളും മറന്ന് കേരളം ഒറ്റക്കെട്ടായാണ് ഈ ദുരന്തത്തെ നേരിടുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കുട്ടപ്പന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയനാരായണന്‍, ആയുര്‍വേദ ഡി.എം.ഒ. ഡോ. ഉഷ, ഹോമിയോ ഡി.എം.ഇ. ഡോ. ലീനറാണി എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയക്കെടുതി: സൂപ്പര്‍ സ്റ്റാറുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് ഐ എം എ

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിബന്ധനകളിൽ ഇളവ് വരുത്തണം: മന്ത്രി എ സി മൊയ്തീൻ