in ,

മേഘാലയ ഖനിയില്‍ അവസാന മിടിപ്പുകളുമായി രക്ഷകരെ കാത്ത് ആരെങ്കിലും ഉണ്ടാവുമോ? 

ഗുഹയിൽ കുടുങ്ങിയ ഒരു ഡസനോളം കുട്ടികളെ രക്ഷപ്പെടുത്താൻ സകല സന്നാഹവും ഒരുക്കിയ തായ് ലാൻഡിലെ സർക്കാർ ലോകത്തിന്റെ മുഴുവൻ സ്നേഹാദരങ്ങളും ഏറ്റുവാങ്ങിയിട്ട് അധിക നാളായില്ല. ദുരന്ത മുഖത്ത് അറിയാതെ അകപ്പെട്ടുപോയ കുട്ടികളുടെ അദ്ഭുതകരമായ അതിജീവനത്തിന്റെ അതിശയിപ്പിക്കുന്ന കഥകളാണ് ലോകം മുഴുവൻ കേട്ടത്. അതൊന്നും കഥകളായിരുന്നില്ല. സ്വന്തം പൗരന്മാരുടെ ജീവനോടുള്ള ഒരു സർക്കാരിന്റെ പ്രതിബദ്ധതയുടെ, യുദ്ധകാലാടിസ്ഥാനത്തിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ഒരുക്കൂട്ടാനുള്ള ഭരണ സംവിധാനത്തിന്റെ കാര്യശേഷിയുടെ, ഡിസാസ്റ്റർ മാനേജ്‌മെന്റ് പിഴവുകളില്ലാതെ ആസൂത്രണം ചെയ്യാനുള്ള വൈദഗ്ദ്യത്തിന്റെ  ലക്ഷണമൊത്ത മാതൃകകളാണ് തായ്‌ലൻഡ് എന്ന കൊച്ചു രാജ്യം നമുക്ക് മുൻപിൽ കാഴ്ചവെച്ചത്.

ഡോ. ആസാദ്

പാഴാക്കാൻ ഒരു നിമിഷം പോലുമില്ലെന്ന സർക്കാർ സംവിധാനങ്ങളുടെ തിരിച്ചറിവിൽ കുരുന്നുകളെല്ലാം ജീവിതത്തിലേക്ക് തിരിച്ചു കയറി. ലോകം മുഴുവൻ തായ്‌ലൻഡിലെ നമിച്ചു. 

നമുക്കുമുണ്ട് ഒരു ഭരണ കൂടം. വിലപ്പെട്ട ജീവനുകളാണ് മേഘാലയയിലെ പെരുച്ചാഴിമടകളിൽ കുടുങ്ങിപ്പോയിരിക്കുന്നത്. പക്ഷെ, എന്താണ് നമ്മുടെ ഗവണ്‍മെന്റ് ചെയ്യുന്നത്? എന്തുപാധിയാണ് അവരെ വീണ്ടെടുക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ചത്? 

രണ്ടാഴ്ചക്കാലം നീണ്ട സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയെക്കുറിച്ച്  ഡോ. ആസാദ് എഴുതുന്നു. 


ഒരു മാസമാകുന്നു, മേഘാലയത്തിലെ പതിനഞ്ചു ഖനിത്തൊഴിലാളികള്‍ ഭൂമിയ്ക്കടിയില്‍ വേര്‍പെട്ടു പോയിട്ട്. കുത്തിയൊഴുകിയ വെള്ളം അവരെ പെരുച്ചാഴിമടകള്‍ പോലുള്ള കുഴികള്‍ക്കിടയില്‍ ചിന്നിച്ചിതറിച്ചിട്ടുണ്ടാകും. പതിവു പരിരക്ഷകളൊന്നും ഫലിച്ചുകാണില്ല. മാസങ്ങള്‍ക്കു മുമ്പ് തായ്ലന്റിലെ ഗുഹയില്‍ വെള്ളം കയറി അപായപ്പെട്ട പന്ത്രണ്ടു കുട്ടികളെ രക്ഷിക്കാന്‍ അവിടത്തെ ഗവണ്‍മെന്റ് നടത്തിയ പരിശ്രമങ്ങള്‍ ശ്വാസമടക്കിയാണ് ലോകം കണ്ടു നിന്നത്. അടക്കിപ്പിടിച്ച കരച്ചിലുകളും പ്രാര്‍ത്ഥനകളും മാധ്യമങ്ങളില്‍ നിറഞ്ഞു. ഇവിടെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഖനികളില്‍ മായുന്ന നിലവിളികള്‍ക്കും ഉറ്റവര്‍ കാണും. ആരെങ്കിലും ജീവനോടെ കാണുമെന്ന പ്രതീക്ഷ വറ്റുന്നില്ല. പക്ഷെ, എന്താണ് നമ്മുടെ ഗവണ്‍മെന്റ് ചെയ്യുന്നത്? എന്തുപാധിയാണ് അവരെ വീണ്ടെടുക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ചത്?

മുന്നൂറ്റമ്പതടി താഴ്ച്ചയിലുള്ള ഖനിമുഖം പാതിയും വെള്ളം പൊന്തിയ നിലയിലാണ്. യന്ത്രങ്ങളുപയോഗിച്ചു വലിച്ചു വറ്റിക്കാന്‍ ശ്രമിച്ചിട്ടും ജല നിരപ്പില്‍ മാറ്റം വരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്നു. വിദഗ്ദ്ധര്‍ക്ക് മറ്റു വഴികള്‍ തെളിഞ്ഞു കിട്ടുന്നില്ല. സര്‍ക്കാര്‍ ലോകത്തെവിടെ നിന്നെങ്കിലും ഉപായവുമായി എത്തുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു.

ഇരുപത്തിനാലായിരത്തിലേറെ ഖനികളുണ്ടവിടെ. കിഴക്കന്‍ ജെയ്ന്ത്യാ മലമടക്കുകളില്‍. അംഗീകൃതവൂം അനധികൃതവുമായ ഖനികളൂണ്ട്. വന്‍കിട പണമൊഴുക്കു രാഷ്ട്രീയത്തിന്റെ കേന്ദ്ര ഭൂമിയാണത്. തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന ഖനിയുടമകള്‍ക്ക് തൊഴിലാളികളുടെ സുരക്ഷ അപ്രധാനമാണ്. ഗവണ്‍മെന്റിനും പതിനഞ്ചു തൊഴിലാളികള്‍ രാഷ്ട്ര നിര്‍മാതാക്കളാണെന്ന് തോന്നിയിട്ടില്ല. ഡിസംബര്‍ പതിമൂന്നിന് ദുരന്തം നടന്ന ഉടന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനല്ല, ശവശരീരങ്ങള്‍ കണ്ടെത്താനാണ് മാനേജ്മെന്റ് ഉത്സാഹിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു. രണ്ടാഴ്ച്ചക്കാലം നീണ്ട കുറ്റകരമായ അനാസ്ഥ രാജ്യത്തെ നടുക്കി. കോടതിയും ദില്ലയിലെ പ്രതിപക്ഷ നേതാക്കളും മിണ്ടിത്തുടങ്ങി. എന്നിട്ടും ഫലപ്രദമായ നടപടികളുണ്ടായില്ല. ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംഘങ്ങള്‍ എത്തിത്തുടങ്ങിയതും നൂറു കുതിരശക്തിയുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതും സമീപ ദിവസങ്ങളിലാണ്.

അശാസ്ത്രീയവും അനധികൃതവുമായ പ്രകൃതി ചൂഷണങ്ങളുടെ തിരിച്ചടിയാണിത്. വന്‍കിട കോര്‍പറേറ്റുകള്‍ കോടികള്‍ കൊയ്തു പോകുന്നു. മരണക്കുഴിയില്‍ ഖനിത്തൊഴിലാളികള്‍ വികസനത്തിന്റെ ശിക്ഷയായി മരണം ഏറ്റുവാങ്ങുന്നു. രാജ്യത്തെ അനേകം ഖനികളിലും പാറമടകളിലും പ്രകൃതി ചൂഷണത്തിന്റെ മറ്റനവധി തുറകളിലും ഇതേ വിധി തൊഴിലാളികളെ കാത്തു കിടക്കുന്നു. അവര്‍ക്കുവേണ്ടി, അവരുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സംസാരിക്കാന്‍ ആരുണ്ട്? മേഘാലയയിലെ ഖനിയില്‍ ആരെങ്കിലും അവസാന മിടിപ്പുകളുമായി രക്ഷകരെ കാത്തു കിടക്കുന്നുണ്ടാവുമോ? നാമവരോട് എന്തൊരു ചതിയാണ് ചെയ്തുപോരുന്നത്! മഹത്തായ രാജ്യം നിസ്സഹായരായ മനുഷ്യരെ പിറകില്‍ തള്ളി വികസനത്തിലേക്കു കുതിക്കുകയാണ്. ലജ്ജകൊണ്ടു ചൂളിപ്പോകുന്നില്ലേ, നമ്മുടെ ദുര്‍ബ്ബല ശരീരങ്ങള്‍?!

– എഫ് ബി പോസ്റ്റ് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കോമാളി മാത്രമല്ല, ഒന്നാന്തരം പൊട്ടനുമാണ് രാഹുൽ ഈശ്വർ: ടി എൻ പ്രസന്നകുമാർ

ഒരു മാസത്തിലധികമായി ഭൂമി സ്‌കൂളിൽ പോകുന്നില്ലെന്ന് ബിന്ദു തങ്കം കല്ല്യാണി