ചരിത്രം അറിയുന്നവർക്ക് മെസഞ്ചർ ഓഫ് ഗോഡ് ഒരു കവിതയാണ്  

ഐ എഫ് എഫ് കെ യിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട മജീദ് മജീദിയുടെ മുഹമ്മദ് : ദി മെസഞ്ചർ ഓഫ് ഗോഡ് കണ്ട അനുഭവത്തെപ്പറ്റി  റെനിഷ് പി എൻ. 

ലോക സിനിമയിൽ ബാല്യത്തെ ഏറ്റവും മനോഹരമായി ഉപയോഗിച്ച സംവിധായകരിലൊരാളായ ഇറാനിയൻ സംവിധായകൻ മജീദ് മജീദി, ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകൾ ചേർത്ത് വച്ചൊരുക്കിയ ചരിത്ര സിനിമയാണ് മുഹമ്മദ് : ദി മെസഞ്ചർ ഓഫ് ഗോഡ്.

ഇസ്ലാമിക ചരിത്രത്തിലെ ഇതിഹാസ ജീവിതത്തെ പ്രമേയവൽക്കരിക്കുമ്പോൾ പോലും മജീദി സിനിമകളുടെ മുഖമുദ്രയായ അവതരണത്തിലെ ലാളിത്യവും ബാല്യത്തിന്റെ ദൈന്യതകളും തന്നെയാണ് മുഹമ്മദ് : ദി മെസഞ്ചർ ഓഫ് ഗോഡിനെ മനോഹരമാക്കുന്നത്.

ലളിതമായ അവതരണമാണെങ്കിൽ പോലും ഇസ്ലാമിക ചരിത്രത്തെ കുറിച്ച് ചെറിയൊരു ധാരണയില്ലെങ്കിൽ ചിത്രം ആശയക്കുഴപ്പമുണ്ടാക്കും.

പ്രവാചകന്റെ മാതുലനായ അബു ത്വാലിബിനെ ആഖ്യാതാവാക്കിക്കൊണ്ട് മുഹമ്മദ് നബിയുടെ ജനനം മുതൽ ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭ കാലം വരെ നീളുന്ന ഏകദേശം നാൽപ്പത്തി അഞ്ച് വർഷക്കാലത്തെ ചരിത്രമാണ് മജീദി മൂന്ന് മണിക്കൂറിലൊതുക്കിയിരിക്കുന്നത്.

പ്രബോധനകാലത്ത് നിന്നുമാണ് സിനിമ തുടങ്ങുന്നത്. മക്കയിൽ നിന്നും ബഹിഷ്കൃതരായി കുട്ടികളടക്കം കൊടിയ ദാരിദ്രത്തിൽ കഴിയുന്ന ഇസ്ലാമിക സമൂഹം എത്തിപ്പെട്ടിരിക്കുന്നത് അതിജീവിക്കേണ്ടതായ വലിയൊരു പ്രതിസന്ധിക്കു മുന്നിലാണ്. മുഹമ്മദിനും കൂട്ടർക്കും പുതിയ മതത്തേയും ദൈവത്തേയും ഉപേക്ഷിച്ച് ഖുറൈഷികളിലേക്ക് തിരിച്ചു വരാനും അല്ലാത്തപക്ഷം ശക്തരായ ഖുറൈഷി സൈന്യം ആക്രമിച്ച് കീഴടക്കാതിരിക്കാനുമായി ഒറ്റ രാത്രിയുടെ സമയമാണ് ഖുറൈഷി തലവൻ അബൂ സൂഫിയാൻ അബൂത്വാലിബിന് അന്ത്യശാസനം നൽകിയിരിക്കുന്നത്.

അബൂ സൂഫിയാന്റെ അന്ത്യശാസനം പ്രവാചകനെ എങ്ങനെയറിയിക്കും എന്നറിയാതെ പ്രവാചകന്റെ മുറിക്ക് മുന്നിൽ പതറി നിൽക്കുന്ന അബൂ ത്വാലിബിന്റെ ചെവികളിലേക്കോടിയെത്തുന്നത് പരിശുദ്ധ കഅബ ആക്രമിച്ച് കീഴടക്കാൻ വന്ന അബ്രഹാ സൈന്യത്തെ രക്ഷിതാവ് തോൽപ്പിച്ചയച്ചത് ഓർമ്മപ്പെടുത്തുന്ന ഖുർആൻ സൂക്തങ്ങളാണ് (അദ്ധ്യായം ഫീൽ).

അബ്രഹാ സൈന്യം കഅബ ആക്രമിക്കാൻ വന്ന അതേ വർഷമാണ് പ്രവാചകന്റെ ജനനം. നാൽപ്പതു വർഷം പുറകോട്ട് പോകുന്ന ആ സീക്വൻസ് തിരിച്ചറിയുക എന്നതാണ് ആസ്വാദകന്റെ പ്രധാന ഉത്തരവാദിത്തം.

അബ്ദുൽ മുത്തലിബ്, അബൂ ത്വാലിബ്, ആമിന, ഹലീമ, അബൂലഹബ്, അബൂസുഫിയാൻ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളെ തിരിച്ചറിയുക എന്നതാണ് തുടർന്നുള്ള ഉത്തരവാദിത്തം.

ആസ്വാദക ഭാഗത്തു നിന്നും ഇത്രയും ഉത്തരവാദിത്തം കാണിച്ചാൽ മുഹമ്മദ് : ദി മെസഞ്ചർ ഓഫ് ഗോഡ് ഒരു കവിതയാണ്. മജീദിയുടെ സംവിധാനത്തിൽ നമ്മുടെ ഏ ആർ റഹ്മാൻ ഇറാനിൽ പോയി താളമിട്ട, വിറ്റോരിയോ സ്റ്റോരാരോ ദൃശ്യചാരുതയേകിയ കവിത.

Director : Majid Majidi
Country : Iran
Language : Persian | Arabic | English
Run time : 162 Mins
Genres : Biography | Drama | History
IMDB Rating: 7.7 / 10

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയാനന്തര കേരളത്തിന്റെ കരുത്ത് യുവാക്കളുടെ കൂട്ടായ്മ: മുഖ്യമന്ത്രി

സ്മിതാ പാട്ടീല്‍: അഭ്രപാളിയിലെ ജ്വലിക്കുന്ന നക്ഷത്രയോർമകൾ