മുഴുനീള സിനിമ നിർമിച്ച്  കേരളത്തിലെ ഒരു സർവകലാശാല

എം.ജി. സർവകലാശാലയുടെ സിനിമ ‘സമക്ഷം’ അടുത്തമാസം തീയേറ്ററിൽ

തിരുവനന്തപുരം: മുഴുനീള സിനിമ നിർമിച്ച രാജ്യത്തെ ആദ്യ സർവകലാശാലയായി മഹാത്മാ ഗാന്ധി സർവകലാശാല. മഹാത്മാ ഗാന്ധി സർവകലാശാല ക്രിയേഷൻസ് നിർമിച്ച ചലച്ചിത്രം ‘സമക്ഷം’ അടുത്തമാസം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ആദ്യ പ്രദർശനം ഓഗസ്റ്റ് 16ന് രാവിലെ 11ന് തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടക്കും. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സർവകലാശാലകൾ നിർമിച്ചിട്ടുണ്ടെങ്കിലും അഫിലിയേറ്റഡ് സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഫീച്ചർഫിലിം നിർമിക്കുന്നത്.

ജൈവകൃഷി രീതികളും ഗാന്ധിയൻ ശുചിത്വസന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും ആറു നഗരസഭകളിലും പിണറായി, ചിങ്ങോലി, മൂന്നാർ, റാന്നി കഞ്ഞിക്കുഴി പഞ്ചായത്തുളിലും മാനന്തവാടി നഗരസഭയിലും സർവകലാശാല വിജയകരമായി നടപ്പാക്കിയ ‘ജൈവം’ പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രം നിർമിച്ചിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദജീവിതരീതികളുടെയും ജൈവജീവനത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചലച്ചിത്രത്തിന്റെ പ്രമേയം. സർവകലാശാല അധ്യാപകരായ ഡോ. അജു കെ. നാരായണനും ഡോ. അൻവർ അബ്ദുള്ളയുമാണ് രചനയും സംവിധാനവും നിർവഹിച്ചത്. സർവകലാശാല രജിസ്ട്രാർ എം.ആർ. ഉണ്ണിയാണ് നിർമാണം. ബിനു കുര്യൻ ഛായാഗ്രഹണവും എബി സാൽവിൻ തോമസ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

കൈലാഷ്, ദിലീഷ് പോത്തൻ, പി. ബാലചന്ദ്രൻ, സിദ്ധാർഥ ശിവ, എം.ആർ. ഗോപകുമാർ, ഗായത്രി കൃഷ്ണ, സോഹൻ സിനുലാൽ, പ്രേംപ്രകാശ്, അക്ഷര കിഷോർ എന്നിവർ മുഖ്യവേഷങ്ങളിലെത്തും. 1.6 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബറിൽ ചിത്രം തീയേറ്ററിലെത്തും. സമക്ഷം ചലച്ചിത്രത്തെ ബിരുദതലത്തിൽ എൺവിറോൺമെന്റ് സ്റ്റഡീസിന്റെ സിലബസിൽ ഉൾപ്പെടുത്താനുള്ള നിർദേശം അക്കാദമിക് കൗൺസിലിന്റെ പരിഗണനയിലാണെന്നും ഇതു നടപ്പായാൽ അഞ്ചുലക്ഷം വിദ്യാർഥികൾക്ക് ചലച്ചിത്രവും വിഷയവും പഠിക്കാനുള്ള അവസരമൊരുങ്ങുമെന്നും സർവകലാശാല രജിസ്ട്രാർ എം.ആർ. ഉണ്ണി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാഭ്യാസ സ്ഥാപന ബസുകളില്‍ ഒക്‌ടോബര്‍ 1 മുതല്‍ ജി പി എസ് നിര്‍ബന്ധം

ഗവര്‍ണർ സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു