മാതൃ മരണ നിരക്ക് കുറക്കുന്നതില്‍ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ വഹിക്കുന്ന പങ്ക്  വലുത്: മന്ത്രി 

തിരുവനന്തപുരം: മാതൃ മരണ നിരക്ക് കുറയ്ക്കുന്നതില്‍ അംഗന്‍വാടി വര്‍ക്കര്‍മാരും ആശാ വര്‍ക്കര്‍മാരും ചെയ്യുന്ന പ്രവര്‍ത്തനം വളരെ വലുതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ത്യയില്‍ ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ആ അവാര്‍ഡ് ലഭിക്കാന്‍ വലിയ പങ്കു വഹിച്ചത് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അംഗന്‍വാടി വര്‍ക്കര്‍മാരും ആശാവര്‍ക്കര്‍മാരുമാണ്. 

അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ അംഗന്‍വാടി വഴിയാണ് വിതരണം ചെയ്യുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ വളരെയധികം പങ്കു വഹിക്കുന്നതാണ് അംഗന്‍വാടികള്‍. അതിനാല്‍ അംഗന്‍വാടികളെ ആധുനികവത്ക്കരിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയായി മാതൃകാ അംഗന്‍വാടികളെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2020 ഓടു കൂടി ശിശുമരണ നിരക്ക് എട്ട് ആക്കി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ ശാസ്ത്രീയ കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ അവകാശമാണ് മുലപ്പാല്‍. ഒരു കുഞ്ഞ് ജനിച്ചാലുടന്‍ തന്നെ മുലപ്പാല്‍ നല്‍കണം. അമ്മയുടെ ആദ്യത്തെ പാല്‍ അഥവാ കൊളസ്ട്രം വളരെയധികം പോഷകാംശങ്ങള്‍ അടങ്ങിയതാണ്. അതുകൊണ്ട് കുഞ്ഞിന് അത് നല്‍കാതിരുന്നാല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അന്ധവിശ്വാസങ്ങളില്‍ വീണ് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കരുത്. അതിനെതിരെ ആ നാട്ടിലുള്ളവരെ ബോധവത്ക്കരിക്കേണ്ടത് അംഗന്‍വാടി, ആശാ വര്‍ക്കര്‍മാരാണ്. 6 മാസം വരെ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

മുലയൂട്ടല്‍ ആചരണ പരിപാടി ഒരാഴ്ച കൊണ്ട് നിര്‍ത്തില്ലെന്നും അത് തുടര്‍പ്രക്രിയയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം വരുത്താന്‍ കഴിയുന്നതാണ്. ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കിയ ഹൃദ്യം പദ്ധതിയിലൂടെ 600 ഓളം കുട്ടികളുടെ ജീവനുകളാണ് രക്ഷിക്കാനായത്. സര്‍ക്കാര്‍ ആശുപത്രികളിലും എല്ലാ പൊതു സ്ഥലങ്ങളിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് വനിതാ ശിശുവികസന വകുപ്പ്. ഇതിന്റെ ഭാഗമായാണ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. വലിയ മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

മുലയൂട്ടല്‍ വാരാചരണ പരിപാടിയുടെ ഭാഗമായി മാതൃക മുലയൂട്ടല്‍ കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്യ്തു. പ്രചാരണ പരിപാടിയുടെ ഭാഗമായി ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബൽ സൈബർ സുരക്ഷാ അവബോധ പരിപാടി സംഘടിപ്പിച്ചു 

മെഡിക്കല്‍ കോളേജിലെ ബസുകളും ഇനി ഹൈടെക്ക്