മിത്ര 181: സ്ത്രീകൾക്ക് കേരള സർക്കാരിന്റെ സുരക്ഷയും വഴികാട്ടിയും

തിരുവനന്തപുരം :  സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ കരുതലാകാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ് ലൈനിന് വന്‍പിച്ച പിന്‍തുണ. കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏത് സമയത്തും ആശ്രയിക്കാവുന്ന  ടോള്‍ ഫ്രീ നമ്പരായ 181 ല്‍ വിളിച്ചാല്‍ 24 മണിക്കൂറും ഇവര്‍ക്ക് സൗജന്യ സേവനം ലഭ്യമാകുന്ന പദ്ധതിയിലൂടെ സഹായം ലഭിച്ചവര്‍ നിരവധി പേരാണ്. 

രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പദ്ധതി 2017 ല്‍ നടപ്പിലാക്കിയത്. വനിതാശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് മിത്ര 181 ന്റെ ഏകോപനം സംസ്ഥാനത്ത് നിര്‍വ്വഹിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളെയാണ് ഹെൽപ്പ് ലൈൻ നടത്തുന്നതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്   ലൈനില്‍ 14 ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്ത്രീകളുടെ പരാതികളും മറ്റാവശ്യങ്ങൾക്കായുള്ള കോളുകളും സ്വീകരിക്കുന്നു.  ഇതിനായി ഒരു മാനേജര്‍, 3 സൂപ്പര്‍വൈസര്‍മാര്‍, 3 സീനിയർ കോള്‍ സപ്പോര്‍ട്ട് ഏജന്റ്, 6 കാള്‍ സര്‍പ്പോര്‍ട്ട് ഏജന്റ്, 1 ഐടി അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരാണ് കോള്‍ സെന്ററില്‍ ഉള്ളത്.  സ്വീകരിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് കൈമാറി ഉടനടി നടപടി സ്വീകരിക്കുവാനും ഇത് വഴി കഴിയുന്നു. 

ശരാശരി മുന്നൂറോളം കോളുകൾ ദിനം പ്രതി ലഭിക്കുന്നുണ്ട്. നിലവില്‍ ഇത് വരെ (2019 ജനുവരി 15) 191284 കോളുകളാണ് 181 ലേക്ക് വന്നിട്ടുള്ളത്. അതില്‍ വനിതകള്‍ക്കുള്ള സര്‍ക്കാര്‍ സേവനവുമായി ബന്ധപ്പെട്ട സംശയദൂരീകണത്തിനായി  11275 ഫോണുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള പീഡനം, സ്ത്രീകളെ കാണാതാകൽ, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ആമ്പുലന്‍സ് സഹായം ഉള്‍പ്പെടെയുള്ളവക്കായി 8917 കോളുകളും, നിയമ സഹായം, മെഡിക്കല്‍ കൗണ്‍സിലിങ് എന്നീ ആവശ്യങ്ങൾക്കായി 24624 കോളുകളും ലഭിച്ചിട്ടുണ്ട്. 

അടിയന്തിര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും 181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവരങ്ങളും, സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അടുത്തുളള പൊലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രികള്‍, ആമ്പുലന്‍സ് സര്‍വ്വീസുകള്‍, എന്നിവയുടെ സേവനം  ഏറ്റവും വേഗത്തില്‍  ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരണം. 

ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കാണ് കൂടുതല്‍ കോളുകള്‍ ലഭിക്കുന്നതെന്ന് മിത്ര കോള്‍ സെന്റര്‍ മാനേജര്‍ ദിവ്യ അറിയിച്ചു.

യാത്രക്കിടയില്‍ ശല്യപ്പെടുത്തല്‍ , പരസ്യ മദ്യപാനം, അശ്ലീലം സംഭാഷണം തുടങ്ങിയവ പരാതികളും മിത്രയില്‍ ലഭിക്കുന്നു. 

മിത്രയുടെ പ്രവര്‍ത്തനം 

181 വിളിക്കുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന  വിവരം അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുകയോ, ഇടപെടുകയോ ചെയ്യും. കൂടാതെ സംശയങ്ങള്‍ ദുരീകരിക്കാനും, നിര്‍ദ്ദേശങ്ങള്‍ തേടാനും ആശ്രയിക്കാം. മാനസിക സമ്മര്‍ദ്ദം ഉണ്ടായാല്‍ കൗണ്‍സിലിങ്ങും ഇതിലൂടെ നല്‍കുന്നുണ്ട്. രാത്രിയില്‍ ഒറ്റപ്പെടുകയാണെങ്കില്‍ സഹായത്തിനും വിളിക്കാം പൊലീസ് സ്റ്റേഷന്‍ കൂടാതെ ആശുപത്രി, ആംമ്പുലന്‍സ് സേവനം എന്നിവയും ലഭ്യമാക്കും. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടില്‍ സഹായത്തിനായി ആളില്ലെങ്കിലും ഈ നമ്പരില്‍ വിളിക്കാം. ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങളുടെ വിവരങ്ങള്‍ എന്നിവയും 181 ല്‍ വിളിച്ചാല്‍ ലഭ്യമാകും. വിളിക്കുന്ന നമ്പർ കമ്പ്യൂട്ടറിൽ ‘സേവ്’ ആകുന്നതിനാൽ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിളിച്ച വനിതയെ തിരികെ വിളിച്ച് വിവരങ്ങൾ അറിയുന്നതിനും സാധിക്കുന്നു.

മിത്രയിലേക്ക് വിളിച്ചാല്‍ എന്തു പരാതിയാണോ  പറഞ്ഞത് ആ പരാതിയില്‍ പരിഹാരം കാണുന്നത് വരെ മിത്ര കൂടെ ഉണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. പൊലീസുമായി ബന്ധപ്പെട്ട സഹായത്തിനാണ് വിളിച്ചതെങ്കില്‍ പൊലീസ് ആ കേസില്‍ എന്ത് നടപടിയെടുത്തുവെന്നും പരാതിക്കാര്‍ക്ക് നീതി ലഭിച്ചോ എന്നും മിത്ര അന്വേഷിക്കും.

ഇത്തരത്തില്‍ എന്താവശ്യത്തിനാണോ വിളിച്ചത് ആ ആവശ്യം പൂര്‍ത്തിയാകുന്നവരെ വരെ മിത്ര സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ഉണ്ടാകും. അടിയന്തര ഘട്ടത്തില്‍ മാനേജര്‍ നേരിട്ട് ഇടപെട്ട് സര്‍ക്കാരിന്റെ ഏജന്‍സിയുമായി ചേര്‍ന്നാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ: കേരളം മാതൃക

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ലൗഡ് സാങ്കേതിക വിദ്യ