മോദി സർക്കാരിനെ പുറത്താക്കിയേ തീരൂ: ടീസ്റ്റ സെതൽവാദ് 

നവോത്ഥാന സംഗമത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവർത്തക 

തൃശ്ശൂർ: ബി ജെ പി നേതൃത്വം നൽകുന്ന പ്രോട്ടോ ഫാസിസ്റ്റ് സർക്കാരിനെ പുറത്താക്കലാണ് മതേതര പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അടിയന്തര രാഷ്ട്രീയ കടമയെന്ന ആഹ്വാനവുമായി ടീസ്റ്റ സെതൽവാദ്. ഹ്രസ്വകാല, മധ്യകാല ,ദീർഘകാല ലക്ഷ്യങ്ങൾ നമുക്കുണ്ടായിരിക്കും. നമ്മുടെ ഹ്രസ്വകാല ലക്ഷ്യം രാജ്യത്തിന് അപകടകരമായ ഈ  പ്രോട്ടോ ഫാസിസ്റ്റ് സർക്കാരിനെ ഏതുവിധേനയും  താഴെയിറക്കുക എന്നുള്ളതാണ്. ഇന്ത്യൻ ജനാധിപത്യം ഇന്നനുഭവിക്കുന്ന ശ്വാസം മുട്ടലിൽനിന്ന് എല്ലാവർക്കും  മോചനം നേടിയേ തീരൂ. 

ഏതു തരം രാഷ്ട്രീയമായിരിക്കണം, ഏതു തരം തെരഞ്ഞെടുപ്പുകളാവണം, ഏതു തരം  ന്യായാധിപരും എം പി മാരും എം എൽ എ മാരുമാവണം  എന്നൊക്കെ നമുക്ക് നിശ്ചയിക്കണം. പ്രാതിനിധ്യ സ്വഭാവമുള്ള ജനാധിപത്യ വികാസത്തെപ്പറ്റി, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒഴുക്കുന്ന ഭീമമായ മൂലധനത്തെ നിയന്ത്രിക്കുന്നതിനെപ്പറ്റി, എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയ ജുഡീഷ്യറിയെപ്പറ്റി  നാം മുന്നോട്ടുവെക്കുന്ന ചില  ദീർഘ കാല ലക്ഷ്യങ്ങളുണ്ട്. എന്നാൽ അതെല്ലാം സാക്ഷാൽക്കരിക്കണമെങ്കിൽ നമ്മുടെ ഹ്രസ്വ കാല ലക്ഷ്യം നിറവേറ്റിയേ തീരൂ. 

ഈ സർക്കാരിനെ പുറത്താക്കുക എന്നതാണ് നമ്മുടെ അടിയന്തിര കടമ. 2014 ലെ തിരഞ്ഞെടുപ്പ് ഫലം നമ്മെ ഞെട്ടിച്ചു. ആ തെറ്റ് നാം അവർത്തിച്ചുകൂടാ. ഹ്രസ്വകാല സർക്കാർ ഒരിക്കലും നാം ആഗ്രഹിക്കുന്ന വിധത്തിൽ ഒരു മാതൃകാ സർക്കാർ ആയിരിക്കില്ല. നമുക്കത് അറിയാം. അതൊരു മാതൃകാ സർക്കാർ ആയിരിക്കില്ലെങ്കിൽ  പോലും ആ സർക്കാർ നമുക്കൊരു ചവിട്ടുപടി നൽകും, ഒരു ബ്രീത്തിങ് സ്പേസ് നൽകും. 

തൃശ്ശൂർ വിദ്യാർത്ഥി കോർണറിൽ നടന്നുവരുന്ന  നവോത്ഥാന സംഗമം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ കടുത്ത വിമർശകയുമായ ടീസ്റ്റ സെതൽവാദ്.

പൊതുവും പ്രായോഗികവും ജനാധിപത്യ ശക്തികളെ ഉൾക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്ഫോമിൽ എല്ലാവരും  ഒന്നിക്കേണ്ടിയിരിക്കുന്നു. ഡ്രാക്കോണിയൻ നിയമമായ യു എ പി എ റദ്ദാക്കാനും, ആദിവാസികളുടെ വനാവകാശ നിയമം നടപ്പിലാക്കാനും നമുക്ക് കഴിയണം. ആനന്ദ് തെൽതുംബ്ദേക്കും മറ്റു മനുഷ്യാവകാശ പ്രവർത്തകർക്കും  എതിരേ പ്രയോഗിക്കുന്ന കിരാത  നിയമങ്ങൾ കൊണ്ടാണ് ആയിരക്കണക്കിന് മുസ്‌ലിംകളെ അവർ തടവറക്കുള്ളിൽ അടച്ചത്.  

രാഷ്ട്രീയ പക്വത കേരളം പണ്ടേ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ പക്വത കാണിച്ചേ തീരൂ എന്നും അവർ പറഞ്ഞു. രാഷ്ട്രീയ സാക്ഷരതയുടെ കാര്യത്തിൽ എക്കാലവും  കേരളം മുൻപന്തിയിലാണ്. സാമൂഹ്യ മൂലധനത്തിന്റെ കാര്യത്തിലും മനുഷ്യ വികസന സൂചികയിലും മുൻപന്തിയിലായ കേരളം   മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ഒരു കൊക്കൂൺ പോലെയാണെന്ന് അവർ അഭിപ്രായപ്പെട്ടു. 

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പതിമ്മൂന്നിന റൂസ്റ്റർ സമ്പ്രദായം പട്ടിക ജാതി പട്ടിക വർഗ പ്രൊഫഷണലുകൾക്ക് വലിയ രീതിയിൽ  ദോഷം ചെയ്യുന്നതായി അവർ കുറ്റപ്പെടുത്തി. കേന്ദ്ര സ്ഥാപനങ്ങളിലെയും കേന്ദ്രീയ സർവ്വകലാശാലകളിലേയും ഒഴിവുകൾ നികത്തപ്പെടുന്നില്ല. എസ് സി എസ് ടി  ഒഴിവുകൾ നികത്തപ്പെടുന്നില്ല. ഒ ബി സി ഒഴിവുകൾ  നികത്തപ്പെടുന്നില്ല. ഡൽഹി , മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ വലിയ പ്രക്ഷോഭങ്ങളാണ് ഇതിന്റെ പേരിൽ നടന്നതെന്നും  ഇക്കാര്യത്തിൽ  കേരളത്തിന്റെ ശ്രദ്ധ പതിയണമെന്നും  ടീസ്റ്റ അഭിപ്രായപ്പെട്ടു. ഭരണ ഘടനാ ധാർമികതയും 10 ശതമാനം സാമ്പത്തിക സംവരണവും ചർച്ച ചെയ്യുന്നത് പോലെ പതിമ്മൂന്നിന റൂസ്റ്റർ സമ്പ്രദായവും പൗരത്വ ബില്ലും ചർച്ച ചെയ്യണം. 

പാവങ്ങളുടെയും  പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെയും  തൊഴിലാളികളുടെയും  വോട്ടവകാശം റദ്ദാക്കാനുള്ള കുത്സിത  നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഭരണഘടനയിലെ 14 , 21 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് പൗരത്വ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ അല്ലാത്ത കുടിയേറ്റക്കാർക്ക് മാത്രമേ  പൗരത്വം നൽകൂ എന്ന്  വ്യവസ്ഥ ചെയ്യുന്ന  ബില്ല് വിവേചനപരമായ പൗരത്വത്തെക്കുറിച്ചാണ് പറയുന്നത്. ലോക് സഭ പാസാക്കിയ ബിൽ രാജ്യ സഭയുടെ പരിഗണനയിലാണ്. 

ഈ സർക്കാരിന്റെ  അജണ്ട വളരെ വളരെ കൃത്യമാണെന്ന് അഭിപ്രായപ്പെട്ട ടീസ്റ്റ ” India needs to throw this govt out എന്ന് തന്റെ പ്രസംഗത്തിലുടനീളം ആവർത്തിച്ചു പറഞ്ഞു. ഓരോ സംസ്ഥാനത്തും ഓരോ സീറ്റിലും ബി ജെ പി ആർ എസ് എസ് ശക്തികളെ പുറത്താക്കുന്നതിലാവണം മതേതര ജനാധിപത്യ പുരോഗമന ശക്തികളുടെ ഊന്നൽ. ഇതേപ്പറ്റി തനിക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ല എന്ന് അവർ എടുത്തു പറഞ്ഞു. 

ശബരിമല പ്രശ്നത്തെ പരാമർശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ പ്രോട്ടോ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ധാർമിക ധീരത പ്രദർശിപ്പിച്ച്  മല കയറി അവരുടെ ഭീഷണി നേരിടുന്ന  ബിന്ദുവിനും  കനക ദുർഗക്കും കേരള സമൂഹം  ആവശ്യമായ പിന്തുണ നൽകുന്നുണ്ടോ എന്ന സന്ദേഹം അവർ പ്രകടിപ്പിച്ചു. രാജ്യത്തെ  സാധാരണക്കാരിൽ  നിന്ന്  വ്യാപകമായി പണപ്പിരിവ് നടത്തി  രാമക്ഷേത്രം പണിയാൻ നടക്കുന്നവർക്ക് ശബരിമലയിലും മൂലധന താൽപ്പര്യം മാത്രമാണുള്ളതെന്ന് അവർ ആരോപിച്ചു. 

പ്രസംഗത്തിനിടെ പ്രമുഖ പത്ര പ്രവർത്തകൻ പി സായ്‌നാഥിന്റെ വാക്കുകൾ അവർ ഉദ്ധരിച്ചു.  രാജ്യത്തെ 542 ലോക് സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന  83 ശതമാനം എം പി മാരും  കോടിപതികളാണെന്ന് സായ്‌നാഥ്‌ എഴുതി. ഈ എൺപത്തിമൂന്ന്‌ ശതമാനത്തിൽ മൂന്നിൽ രണ്ടു പേരും ടി വി ചാനൽ ഉടമകളോ, മൊബൈൽ കമ്പനി മുതലാളിമാരോ, ഖനി ഉടമകളോ ആണ്. ജനാധിപത്യത്തിന് മേലുള്ള ഈ കുരുക്കും ശ്വാസം മുട്ടലും  അസഹനീയമാണ്. 

നേതൃ തലത്തിൽ  ദളിത്, സ്ത്രീ, ആദിവാസി, ഒ  ബി സി ഒ  ബി സി വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാത്തത് സംഘടിത ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പരിമിതിയായി ടീസ്റ്റ സെതൽവാദ് ചൂണ്ടിക്കാട്ടി. ഇതൊരു പ്രയാസമേറിയ പ്രശ്നമാണ്,  നാമിത് അഭിമുഖീകരിച്ചേ തീരൂ, അവർ പറഞ്ഞു.

നവോത്ഥാന സംഗമത്തിന്റെ സംഘാടനം നല്ല നിലയിലാണെന്ന്‌ അവർ അഭിപ്രായപ്പെട്ടു. നമ്മുടെ മുന്നേറ്റങ്ങൾ പ്രാതിനിധ്യ സ്വഭാവം ഉള്ളതാവണം, സെക്ടേറിയൻ ആവരുത്. പ്രോട്ടോ ഫാസിസ്റ്റ് ശക്തികൾക്കെതിരെ സാധ്യമായ ഏറ്റവും വലിയ ഐക്യ നിരയാണ് തൃശ്ശൂരിൽ രൂപപ്പെട്ടിട്ടുള്ളതെന്നും അവർ പറഞ്ഞു. 

Comments

Leave a Reply
  1. Good point!
    ” ഭരണ ഘടനാ സദാചാരവും 10 ശതമാനം സാമ്പത്തിക സംവരണവും ചർച്ച ചെയ്യുന്നത് പോലെ പതിമ്മൂന്നിന റൂസ്റ്റർ സമ്പ്രദായവും പൗരത്വ ബില്ലും ചർച്ച ചെയ്യണം…”

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാക്ഷര കേരളം മാന്ത്രിക ഏലസ‌ിനു പിന്നാലെ; ബോധവത്‌ക്കരണം ശക്തമാകണമെന്ന് മുഖ്യമന്ത്രി

സ്പോര്‍ട്സ്  ലൈഫ് ഫിറ്റ്നസ് സെന്‍റര്‍ സജ്ജമായി