Mohan Lal, press conference, AMMA, actress attack case, Dileep, Thilakan, film industry, explanation, WCC, 
in ,

മോഹൻ ലാൽ നയം വ്യക്തമാക്കവെ

മലയാള ചലച്ചിത്ര മേഖലയും താര സംഘടനയായ ‘അമ്മ’യും സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിനെ ചൊല്ലി ദിവസങ്ങളായി തുടരുന്ന കോലാഹലങ്ങൾക്കിടെ സൂപ്പർ താരവും ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹൻ ലാൽ ( Mohan Lal ) വിഷയത്തിൽ മൗനം വെടിഞ്ഞ്‌ തന്റെ നയങ്ങൾ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയ വേളയിൽ അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. ‘അമ്മ’യുടെ മീറ്റിങ്ങ് ഇന്ന് കൊച്ചിയില്‍ നടത്തിയ സന്ദര്‍ഭത്തിലാണ് മോഹന്‍ ലാല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

‘അമ്മ’യെ കുറിച്ച് ലാൽ

ദിലീപ് വിഷയത്തിൽ താര സംഘടനയായ ‘അമ്മ’യിൽ കടുത്ത ഭിന്നത ഉണ്ടായിരുന്നതായും സംഘടന പിളരുന്ന അവസ്ഥ വരെ ഉണ്ടായി എന്നും ലാൽ വെളിപ്പെടുത്തി. ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 488 പേരുള്ള ‘അമ്മ’യില്‍ 248 പേര്‍ സ്ത്രീകളാണെന്നും സംഘടനയില്‍ പുരുഷമേധാവിത്വം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും  മോഹന്‍ലാല്‍ പറഞ്ഞു.

നടിമാരുടെ രാജിയെ കുറിച്ച് ലാൽ

നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് താരസംഘടനയായ ‘അമ്മ’ നേരിട്ടത്. നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ രണ്ടു നടിമാർ മാത്രമാണ് ‘അമ്മ’യ്ക്ക് രാജിക്കത്ത് നൽകിയതെന്ന് സൂപ്പർതാരം അറിയിച്ചു. ആക്രമണത്തെ അതിജീവിച്ച നടിയും രമ്യയും മാത്രമാണ് രാജിക്കത്ത് കൈമാറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

യോഗത്തിൽ മൗനം; പുറത്ത് പ്രതിഷേധം

‘അമ്മ’യുടെ യോഗത്തില്‍ ദിലീപ് വിഷയത്തിൽ വനിതാ അംഗങ്ങള്‍ മൗനം പാലിച്ചുവെന്നും ഒരാള്‍ പോലും പ്രതിഷേധം അറിയിച്ചില്ലെന്നും ലാൽ വ്യക്തമാക്കി. അപ്പോൾ എതിർക്കാതെ പുറത്തു പോയ ശേഷം  പിന്നീട് എതിർക്കുന്നത് നല്ലതല്ലെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ആരോപണ വിധേയനായ നടനെ തിരിച്ചെടുക്കുന്നതിൽ അവര്‍ക്കുള്ള വിയോജിപ്പ് അസോസിയേഷനില്‍ പറയാമായിരുന്നു എന്നും ലാൽ വ്യക്തമാക്കി.

രാജി വച്ചവരുടെ മടങ്ങി വരവ്

രാജി വച്ച നടിമാരെ തിരിച്ചെടുക്കണോയെന്ന കാര്യത്തില്‍ ‘അമ്മ’ ജനറല്‍ ബോഡി യോഗം തീരുമാനിക്കുമെന്നും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. വനിതാ കൂട്ടായ്മയുമായി ചര്‍ച്ച നടത്തുമെന്ന അദ്ദേഹത്തിന്റ നിലപാട് തികച്ചും അഭിനന്ദനാർഹം തന്നെയാണ്.

മാധ്യമങ്ങളുമായി നല്ല സൗഹൃദമെന്ന് ലാൽ

‘അമ്മ’യുടെ കഴിഞ്ഞ തവണത്തെ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്നും ഇക്കാര്യത്തില്‍ തന്‍റെ ഖേദം അറിയിക്കുന്നു എന്നും ലാൽ അറിയിച്ചു. അതില്‍ മാപ്പു ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

‘അമ്മ’യിലെ അംഗമായോ അല്ലെങ്കില്‍ ‘അമ്മ’യുടെ പ്രസിഡന്റായോ അല്ല, മറിച്ച്‌ ഒരു വ്യക്തി എന്ന നിലയിലാണ് താന്‍ മാപ്പ് പറയുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മാധ്യമങ്ങളുമായി താൻ നല്ല സൗഹൃദത്തിലാണെന്നും അത് തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം

‘അമ്മ ‘തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ലാൽ. അതേസമയം, ആരോപണവിധേയനായ ദിലീപിനെതിരെ ആരും ഒരു പരാതിയും തന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടില്ലെന്നും ഏതെങ്കിലും നടിക്ക് അന്നത്തെ യോഗത്തില്‍ അക്കാര്യം ആവശ്യപ്പെടാമായിരുന്നു എന്നും ലാൽ സൂചിപ്പിച്ചു. എങ്കിൽ തീരുമാനം അപ്പോള്‍ തന്നെ മാറ്റാമായിരുന്നുവെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേർത്തു.

ദിലീപ് പുറത്തു തന്നെ

ദിലീപ് ഇപ്പോള്‍ ‘അമ്മ’ എന്ന സംഘടനയുടെ പുറത്തു തന്നെയാണെന്നും നടൻ വ്യക്തമാക്കി. ദിലീപ് വിഷയം ‘അമ്മ’യില്‍ കടുത്ത ഭിന്നതയുണ്ടാക്കിയതായി അദ്ദേഹം സമ്മതിച്ചു. ആക്രമിക്കപ്പെട്ട നടിയെ ഒരിക്കലും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും അവർക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന പരാതി ആക്രമിക്കപ്പെട്ട നടി എഴുതി നല്‍കിയിട്ടില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഇന്നത്തേത് എക്സിക്യൂട്ടീവ് യോഗമല്ല

ഇന്ന് ചേര്‍ന്നത് എക്സിക്യൂട്ടീവ് യോഗമായിരുന്നില്ലെന്നും ഈ മാസമോ അടുത്ത മാസമോ എക്സിക്യൂട്ടീവ് യോഗം ഉണ്ടാകുമെന്നും ‘അമ്മ’ പ്രസിഡന്റ് വ്യക്തമാക്കി. ചില ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ കത്തയച്ചിരുന്നു എന്നും ഈ വിഷയത്തില്‍ അടുത്ത എക്സിക്യൂട്ടീവ് കൂടിയ ശേഷം തീരുമാനത്തിലെത്തുമെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി.

അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന നടിമാരുടെ പരാതികള്‍ അപ്പോൾ പരിഗണിക്കുമെന്നും ഒരു നടനോ നടിയോ ഒരു വര്‍ഷം ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും മോഹന്‍ ലാല്‍ വ്യക്തമാക്കി.

‘അമ്മ’യുടെ സ്കിറ്റ് വിവാദമായപ്പോൾ

‘അമ്മ’യുടെ സ്ത്രീവിരുദ്ധ സ്കിറ്റിനെ പറ്റിയും വാർത്താ സമ്മേളനത്തിൽ ചോദ്യമുയർന്നു. എന്നാൽ ആ സ്കിറ്റിൽ
സ്ത്രീ വിരുദ്ധത ഇല്ലേയില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.
വിവാദ വേളയില്‍ മഴവില്‍ മനോരമ ഷോയില്‍ അവതരിപ്പിച്ച സ്കിറ്റ് നേരത്തെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ അപമാനിക്കുന്നതാണ് സ്കിറ്റ് എന്നായിരുന്നു വനിതാ സംഘടനയുടെ നിലപാട്.

സ്ത്രീവിരുദ്ധത പറയുന്ന ‘അമ്മ’യുടെ സ്കിറ്റില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു എന്നാണ് ആരോപണം. വനിതാ സംഘടനയുടെ നിലപാടുകളെ ‘അമ്മ’ എന്ന താരസംഘടന എങ്ങനെ നോക്കി കാണുന്നു എന്നതിന്‍റെ തെളിവാണ് സ്കിറ്റ് എന്നായിരുന്നു ഡബ്ല്യുസിസിയുടെ വിമര്‍ശനം.

മമ്മൂട്ടിയും മോഹന്‍ലാലും വരെ സ്കിറ്റ് ഭാഗമായത് അമ്പരപ്പിച്ചെന്നും ‘അമ്മ’ ഷോയില്‍ എത്തിയ വനിതാ സംഘടനയിലെ അംഗങ്ങളായ പാര്‍വ്വതിയെയും പദ്മപ്രിയയേയും വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമായിരുന്നു ആ സ്കിറ്റ് എന്നും ‘ഡബ്ല്യുസിസി’ ആരോപിച്ചിരുന്നു.

റിമ കല്ലിങ്കലിന്റെ പ്രസ്താവനയോടെയാണ് സ്കിറ്റ് വിവാദമായത്. റിമയുടെ പ്രസ്താവനക്കെതിരെ നടി തെസ്‌നി ഖാന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ് ഉള്‍പ്പെടെയുള്ളവർ വായിച്ചതിന് ശേഷമാണ് സ്‌കിറ്റിന്റെ തിരക്കഥയ്ക്ക് അംഗീകാരം ലഭിച്ചതെന്നും അപ്പോള്‍ ഉണ്ടാകാത്ത വിവാദം എങ്ങനെയാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്നും തെസ്‌നി അഭിപ്രായപ്പെട്ടിരുന്നു.

സ്കിറ്റിനെ പറ്റി ലാലിൻറെ പ്രതികരണം

എന്നാല്‍ ‘മഴവില്‍ മനോരമ’യില്‍ വന്ന സ്കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ മാത്രമാണെന്നാണ് ‘അമ്മ’ പ്രസിഡന്‍റ് മോഹന്‍ ലാലിന്‍റെ പ്രതികരണം. സ്കിറ്റ് സ്ത്രീ വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ സ്കിറ്റ് കണ്ടിരുന്നോ’ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുചോദ്യം.സ്കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ മാത്രമായിരുന്നെന്നും വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സ്കിറ്റ് ‘ഡബ്ല്യുസിസി’ക്ക് എതിരാണെന്ന് തോന്നില്ലായിരുന്നെന്നും മോഹന്‍ ലാല്‍ അഭിപ്രായപ്പെട്ടു.

സ്കിറ്റ് ഒരിക്കലും സ്ത്രീവിരുദ്ധമോ വനിതാ സംഘടനയ്ക്ക് എതിരുള്ളതോ ആയിരുന്നില്ലെന്നും ‘ഡബ്ല്യുസിസി’ അംഗങ്ങള്‍ കൂടി ചേര്‍ന്നാണ് സ്കിറ്റ് ഒരുക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്ത്രീവിരുദ്ധനായ ഒരാളെ തല്ലി ഓടിക്കുന്നതായിരുന്നു സ്കിറ്റിന്‍റെ പ്രമേയമെന്നും
സ്കിറ്റ് നല്ലതോ മോശമോ എന്നത് മറ്റൊരു തലമാണെന്നും നടൻ അറിയിച്ചു.

നടിക്കൊപ്പം എന്നാൽ . . .

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പമാണ് താനെന്നും എന്നാല്‍ ദിലീപ് കുറ്റക്കാരാനാണെന്ന് തെളിയും വരെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കേസ് കോടതിയിൽ നടക്കുന്ന വേളയിൽ സത്യമെന്താണെന്ന് നമുക്കിതു വരെ അറിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

തിലകനു വേണ്ടി കോടതിയില്‍

മഹാനടന്‍ തിലകനു വേണ്ടി കോടതിയില്‍ വരെ താന്‍ കയറിയിട്ടുണ്ടെന്നും വിലക്കുണ്ടായിരുന്ന സമയത്തും തിലകന് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നുവെന്നും മോഹന്‍ലാല്‍ ഓർമ്മിപ്പിച്ചു. തിലകനുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിയിലെ സാക്ഷിക്കൂട്ടില്‍ വരെ താന്‍ കയറിയിട്ടുണ്ടെന്നും താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ചിത്രത്തിൻറെ ചിത്രീകരണ സമയത്ത് തിലകന് നടക്കാന്‍ പോലും സാധിക്കില്ലായിരുന്നു എന്നും അതിനാൽ അദ്ദേഹത്തിനു വേണ്ടി വടിയൂന്നി നടക്കുന്ന കഥാപാത്രമായി അദ്ദേഹത്തിന്റെ കഥാപാത്രത്തെ മാറ്റുകയായിരുന്നുവെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി.

നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അലയടിച്ച വിവാദങ്ങളിൽ ലാൽ പ്രതികരിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മൗനവും വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ കോലം കത്തിക്കുന്ന സംഭവങ്ങൾ പോലും അരങ്ങേറി.

എന്നാൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിലൂടെ തന്റെ നിലപാടുകൾ വ്യക്തമാക്കിയ അദ്ദേഹം നടികളുമായി ചർച്ച നടത്തുമെന്ന തീരുമാനം അറിയിച്ചതിലൂടെ ഒരു നല്ല നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ ദിനങ്ങളായി തുടരുന്ന കോലാഹലങ്ങൾക്ക് ആ ചർച്ച വിരാമമിടട്ടെ എന്നാണ് സിനിമാപ്രേക്ഷകരുടെ ആഗ്രഹം.

ഇരുകൂട്ടരും മുൻധാരണകൾ മാറ്റി വച്ചാൽ നടക്കാനിരിക്കുന്ന ആരോഗ്യകരമായ ചർച്ചയിലൂടെ പ്രശ്നപരിഹാരങ്ങൾ ഉരുത്തിരിയുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ. അതിന് നാന്ദി കുറിക്കുന്നതാകട്ടെ ലാലിന്റെ ഈ വാർത്താ സമ്മേളനമെന്ന് കരുതാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മോദിയുടെ 3 വർഷത്തെ ഭരണം: 36000 കർഷക ആത്മഹത്യകളെന്ന് വാർത്ത

22 യാർഡ് നീളുന്ന സ്വപ്നം