അതിജീവനത്തിന്റെ മുറിപ്പാടുകളുമായി മൂന്നാമത്തെ സൂചി

മൂന്നാമത്തെ സൂചി സദാ ചലിച്ചുകൊണ്ടിരിക്കും. പ്രത്യക്ഷത്തിൽ  ഒരു ഘടികാരത്തിലെ ചലിച്ചുകൊണ്ടിരിക്കുന്ന ഏക വസ്തുവും ഇത് തന്നെ. സമയബോധത്തെ പറ്റി അത്  നമ്മെ നിരന്തരം ഓർമപ്പെടുത്തും. നിശ്ചലതകളെ മറികടക്കാനുള്ള നിരന്തര നിയോഗമാകുന്നു മൂന്നാമത്തെ സൂചിയുടേത്. ഒരിടത്തും ഒരുനിമിഷവും അതിന് അനക്കമറ്റിരിക്കാനാവില്ല. ഒരു മാത്രപോലും നിശ്ചലമാവാനാവില്ല.

ഈ ഭൂമുഖത്തെ ചില മനുഷ്യരുടെ ജീവിതവും അങ്ങിനെയാണ്. ഒരു മാത്ര പോലും വിശ്രമമില്ലാതെ അനുനിമിഷം പണിയെടുക്കാൻ വിധിക്കപ്പെട്ടവർ. സന്തോഷം എന്തെന്നറിയാത്തവർ. ജീവിതപ്രയാസങ്ങളോട് അനുനിമിഷം മല്ലടിക്കുന്നവർ. ജീവിതം എന്നത് അതിജീവന ശ്രമങ്ങളിൽ മാത്രമായി കുരുങ്ങിക്കിടക്കുന്ന മനുഷ്യർ.

അത്രയും കനത്ത  ജീവിതഭാരം ചുമക്കാൻ വിധിക്കപ്പെടുന്നത്  കുട്ടികളായാലോ? കളിച്ചും ചിരിച്ചും  അല്ലലില്ലാതെ കഴിയേണ്ട പ്രായത്തിൽ താങ്ങാനാവാത്ത ജീവിത  ഭാരവുമായി നടന്നു നീങ്ങാൻ വിധിക്കപ്പെടുന്നത് കുഞ്ഞുങ്ങളായാൽ?  പ്രശസ്ത ഫിലിം മേക്കർ  കനകരാഘവൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത മൂന്നാമത്തെ സൂചി എന്ന ഹ്രസ്വചിത്രത്തിൽ നാം കണ്ടുമുട്ടുന്നത് അത്തരം ഒരു കൗമാരക്കാരനെയാണ്. കനലെരിയുന്ന ജീവിതം പൊള്ളിച്ചുകളയുന്ന കുട്ടിത്തത്തിന്റെയും നിഷ്കളങ്കതയുടെയും നേർചിത്രം.

ഒരു അശരണ ബാല്യം. ദുഃഖങ്ങളും ദുരിതങ്ങളും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട അവന്റെ ജീവിതത്തിലെ പ്രശ്നഭരിതമായ ഒരു ദിവസമാണ് അരമണിക്കൂർ ദൈർഘ്യമുള്ള ഈ ഷോർട് ഫിലിം ചിത്രീകരിക്കുന്നത്. ഒരു പകൽ നേരം മാത്രം.  പിതാവ് അകാലത്തിൽ മരണമടഞ്ഞു, രോഗിയായ അമ്മ വേദന തിന്ന് കിടപ്പിലും. സഹായത്തിന് മറ്റാരുമില്ല. വീട്ടുജോലികൾ ചെയ്യേണ്ടതും ഭക്ഷണത്തിനുള്ള വക കണ്ടെത്തേണ്ടതും കിടപ്പിലായ അമ്മയെ ശുശ്രുഷിക്കേണ്ടതും അവരുടെ മരുന്നിനുള്ള പണം ഏതുവിധേനയും സംഘടിപ്പിക്കേണ്ടതും ആ കുട്ടിയുടെ ചുമതലയാണ്.

പട്ടണത്തിലെ വലിയ ആശുപത്രിയിൽ  കൊണ്ടുപോയി ചികിൽസിച്ചാൽ അമ്മയുടെ  അസുഖം ചിലപ്പോൾ  ഭേദമായേക്കും എന്ന് ഡോക്ടർ പറയുന്നുണ്ട് . എന്നാൽ മറ്റാരും തുണയില്ലാത്ത  ആ ബാലന് അതിനുള്ള നിവൃത്തിയില്ല.

ഒരു നിമിഷവും പാഴാക്കാനില്ലാത്ത ഒരു ഓട്ടപ്പാച്ചിലാണ് അവന്റെ ജീവിതം. മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക്, നേരം തെറ്റി സ്‌കൂളിലേക്ക്, ഉച്ചസമയത്തെ ഇടവേളകളിൽ ഹോട്ടലിലെ  അടുക്കളയിലേക്ക്, ഇറച്ചിക്കടയിലേക്ക്, മൽസ്യമാർക്കറ്റിലേക്ക്, പ്ളേറ്റുകൾ കഴുകാൻ, ചുമടെടുക്കാൻ, തെങ്ങിൽക്കേറാൻ, പൊതിയിലകൾ ശേഖരിക്കാൻ  അങ്ങിനെയങ്ങിനെ ഒരു നിമിഷം പോലും വിശ്രമിക്കാൻ നേരമില്ലാത്ത കുട്ടി.

അവന് പേരില്ല, അവന്റെ അമ്മയ്ക്കും. അവർ ആരുമാകാം. ഏതു നാട്ടിലെ ഏതു ഭാഷ സംസാരിക്കുന്ന അമ്മയും  മകനും. നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്ന വ്യാജത്തെ ചിത്രം പൊളിച്ചുകളയുന്നുണ്ട്. മീൻവിൽക്കുന്ന സ്ത്രീക്ക് നൈമിഷികമായി തോന്നുന്ന കാരുണ്യമൊഴികെ ആ നാട്ടിൽ ആരും അവനോടു ദയ കാണിക്കുന്നതായി തോന്നുന്നില്ല. ഹോട്ടലുടമയും ഇറച്ചിക്കടക്കാരനും ചെറിയ തുകപോലും കടമായി നൽകാൻ വിസമ്മതിക്കുന്നു. പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഇടങ്ങളെന്നു കരുതിയിരുന്നവ അവിശ്വാസത്തിന്റെ ആർദ്രത വരണ്ടുണങ്ങിയ ഇടങ്ങളായി മാറിയിരിക്കുന്നു. നേരം പോയ നേരത്തും തേങ്ങയിടാൻ അവനെ നിർബന്ധിക്കുന്ന നാട്ടിൻപുറത്തുകാരനും സ്വന്തം അടുക്കളയുടെയും മക്കളുടെയും കാര്യത്തിൽ മാത്രമാണ് ഉൽക്കണ്ഠ. കിട്ടാനുള്ള  നൂറു രൂപക്കുവേണ്ടിയുള്ള പലിശക്കാരന്റെ ക്രൗര്യം മെലോഡ്രമാറ്റിക് തലത്തിലേക്ക് വളരുന്നത് ഒഴിവാക്കാമായിരുന്നു.

വി കെ ഷാജി മോഹന്റേതാണ് കാമറ. ആ നിഷ്കള ബാലന്റെ ജീവിത ചുറ്റുപാടുകളുടെ സ്വാഭാവിക ദൈന്യതയും നിസ്സഹായതയും ഷാജിയുടെ കാമറ പിടിച്ചെടുക്കുന്നുണ്ട്. ആത്മസംഘർഷങ്ങൾ ഉള്ളിലൊളിപ്പിച്ച അവന്റെ ഓട്ടപാച്ചിലിനിടയിൽ സമീപത്തെ മൈതാനത്ത് സംഘർഷങ്ങൾ ഒന്നുമില്ലാതെ ആർത്തുല്ലസിച്ചുള്ള സമപ്രായക്കാരുടെ കളിയും വളരെ സ്വാഭാവികതയോടെ കാമറ കാണിച്ചുതരുന്നു. ആ ദൃശ്യം മനസ്സിനെ   പോറലേൽപ്പിയ്ക്കും.

ആയിരക്കണക്കായ ബാലത്തൊഴിലാളികൾക്കാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുമേഷ് സ്വാഭാവിക രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ ഉൾക്കൊള്ളുന്നുണ്ട്. കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ ബാലനടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിട്ടുണ്ട്. റോസ്‌ലിൻ ആണ് അമ്മ വേഷത്തിൽ. ജീജ സുരേന്ദ്രൻ, സ്മിത പി ആർ , ഹരികുമാർ, വീരരാഘവൻ നായർ , രമേഷ് ഗോപൻ, വേണു കാപ്പാടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കേരള സ്റ്റേറ്റ് എജ്യൂക്കേഷൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകൻ, എഡിറ്റർ അവാർഡുകളും ചിത്രം നേടി. മികച്ച ബാലതാരത്തിനുള്ള ജീവൻ ടി വി അവാർഡ് ഉൾപ്പെടെ മറ്റു നിരവധി അംഗീകാരങ്ങളും നേടിയ മൂന്നാമത്തെ സൂചി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രദർശിപ്പിക്കാവുന്ന ഒരു ചിത്രമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബൽ ഐ ഐ ടി പാലക്കാടുമായി പങ്കാളിത്തത്തിൽ 

ജസരി സംസാരിക്കുന്ന ‘സിന്‍ജാര്‍’ ചലച്ചിത്ര മേളയിൽ