സദാചാര പോലീസുകാർ ഇനി വേറെ തൊഴിൽ അന്വേഷിക്കട്ടെ

സ്വവർഗ രതി, വിവാഹേതര ബന്ധം, ശബരിമല… ജനാധിപത്യ വികാസത്തെ മുന്നോട്ട് നയിക്കുന്ന  മൂന്നു  വിധികളാണ് അടുത്തടുത്ത് സുപ്രീം കോടതിയിൽ നിന്ന്ഉണ്ടായത്. കൊളോണിയൽ കാലത്തെ  ഇപ്പോഴും പിന്തുടരുന്ന ഇന്ത്യൻ പീനൽ കോഡിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലും   കാലികമായ  ഒട്ടേറെ മാറ്റങ്ങൾ ഇനിയും വരേണ്ടതുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും പഴയകാല അസംബന്ധ-പ്രാകൃത  നിയമങ്ങളും  സമീപനങ്ങളും  മാറ്റമൊന്നുമില്ലാതെ തുടരുന്നത് ഒട്ടും അഭിലഷണീയമല്ല. 

എന്നാൽ ചരിത്രപരമായി നോക്കിയാൽ കോടതിവിധികളോടെ എല്ലാം മാറിമറിയുമെന്നോ ഒറ്റയടിക്ക് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവുമെന്നോ കരുതേണ്ടതില്ല. മൂന്നു വിധികളുടെയും അന്തഃസത്തയെ അംഗീകരിക്കാനും ജീവിതത്തിൽ അവ പ്രാവർത്തികമാക്കാനും മനുഷ്യർക്ക് സമയം വേണ്ടതുണ്ട്. ജാതിമത അസമത്വങ്ങളും തൊട്ടുകൂടായ്‌മയും ഒരു സുപ്രഭാതത്തിൽ നമ്മെ വിട്ടൊഴിഞ്ഞു പോയതല്ല. ഈഴവർക്കും കീഴ്ജാതിക്കാർക്കും ക്ഷേത്രപ്രവേശനം തന്നെ സാധ്യമല്ലാതിരുന്ന കാലത്തെക്കുറിച്ചുള്ള ഓർമകൾക്കും  അത്ര പഴക്കമൊന്നുമില്ല. 

മേൽപ്പറഞ്ഞ മൂന്നു വിധികളെയും തെറ്റായി വ്യാഖ്യാനിക്കാനും സമൂഹം അരാജകത്വത്തിലേക്ക് പോകുന്നെന്ന് അലമുറയിടാനും ശ്രമിക്കുന്നവർ ഉണ്ടാകും. യാഥാസ്ഥിതികത്വത്തിന്റെ പുരപ്പുറങ്ങളിൽ നിന്ന് അവർ അസംബന്ധങ്ങൾ വിളിച്ചുകൂവും. അവരതു ചെയ്യട്ടെ.  ചലനാത്മകമായ സമൂഹം അതിനിടയിലും മുന്നോട്ടു പോകുക തന്നെ ചെയ്യും.

അടുത്തിടെ വന്ന മൂന്ന് കോടതിവിധികളെയും ചേർത്ത് പ്രശസ്ത എഴുത്തുകാരി ദീപ നിശാന്ത് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ അന്തഃസത്തയും ഇതുതന്നെ. 

ശബരിമലയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പോകാനുള്ള അനുമതിയാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. നാട്ടിലുള്ള എല്ലാ സ്ത്രീകളേയും ശബരിമലയിൽ കൊണ്ടിറക്കാനുള്ള വിധിയല്ലാത്തിടത്തോളം അതിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ല.

ദീപ നിശാന്ത് 

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഒരു വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിർബന്ധമായും എല്ലാവർക്കും വിവാഹേതരബന്ധം  ഉണ്ടായിരിക്കണം എന്ന് കോടതി പറഞ്ഞിട്ടില്ല ! 

സദാചാരപ്പോലീസുകാർക്ക് ഇനി വേറെ തൊഴിലും അന്വേഷിക്കേണ്ടി വരും എന്നതിൽ സഹതാപമുണ്ട്.

സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലെന്നാണ് കോടതിവിധി. എല്ലാവരും സ്വവർഗ്ഗ രതിയിൽ നിർബന്ധമായും ഏർപ്പെട്ടുകൊള്ളണം എന്നല്ലാത്തിടത്തോളം അക്കാര്യത്തിലും നിങ്ങളുടെ മുറവിളികൾക്കൊന്നും ഇവിടൊരു വിലയുമില്ല !

ഒരു ജനാധിപത്യരാഷ്ട്രത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർമ്മിപ്പിക്കാൻ ഇത്തരം വിധികൾ വേണ്ടിവരുന്നു എന്നത് വലിയ ഗതികേട് തന്നെയാണ്!

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏവർക്കും അവരുടെ വിശ്വാസമാണ് ശരി എന്ന് കരുതാനുള്ള അവകാശമുണ്ട്

പ്രതിസന്ധികളെ അതിജീവിച്ച് മണികർണിക: സംവിധാനം കൂടി ഏറ്റെടുത്ത് കങ്കണ