Movie prime

അപക്‌സ് ട്രെയിനിംഗ് ആൻഡ് സിമുലേഷന്‍ സെന്റർ: ധാരണയായി

തിരുവനന്തപുരം: മികച്ച ട്രോമകെയര് പരിശീലനത്തിനും അടിയന്തര വൈദ്യ സഹായത്തിനുമായി സ്ഥാപിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്സ് ട്രെയിനിംഗ് & സിമുലേഷന് സെന്ററിന്റെ (Apex training and simulation Centre in Trauma & Emergency Medicine) ധാരണാപത്രം (എം.ഒ.യു.) ഒപ്പിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിദ്ധ്യത്തില് ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. രാജന് എന് ഖോബ്രഗഡെയും ടാറ്റ ട്രെസ്റ്റിന് വേണ്ടി ചീഫ് ഫിനാന്സ് ഓഫീസര് ആഷിഷ് ദേശപാണ്ഡെ, More
 
അപക്‌സ് ട്രെയിനിംഗ് ആൻഡ് സിമുലേഷന്‍ സെന്റർ: ധാരണയായി

തിരുവനന്തപുരം: മികച്ച ട്രോമകെയര്‍ പരിശീലനത്തിനും അടിയന്തര വൈദ്യ സഹായത്തിനുമായി സ്ഥാപിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്‌സ് ട്രെയിനിംഗ് & സിമുലേഷന്‍ സെന്ററിന്റെ (Apex training and simulation Centre in Trauma & Emergency Medicine) ധാരണാപത്രം (എം.ഒ.യു.) ഒപ്പിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിദ്ധ്യത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെയും ടാറ്റ ട്രെസ്റ്റിന് വേണ്ടി ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആഷിഷ് ദേശപാണ്‌ഡെ, ഹെഡ് ഓഫ് ഹെല്‍ത്ത് ശ്രീനിവാസ്, കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡയറക്ടര്‍ കാശി രാജു എന്നിവരാണ് ധാരണ പത്രം ഒപ്പിട്ടത്.

സംസ്ഥാനത്തെ ട്രോമ കെയര്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ മേഖലയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമാണ് ലോകോത്തര പരിശീലന കേന്ദ്രം ആരംഭിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഭാഗമായാണ് ഇത് സ്ഥാപിക്കുന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്.

ധാരണാപത്രം ഒപ്പിട്ട് കഴിഞ്ഞാല്‍ 6 മാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ടാറ്റാ ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ടാറ്റ കെയറിന്റെ മേല്‍നോട്ടത്തില്‍ 9,000ത്തോളം വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതിന്റെ പൂര്‍ണ ചുമതല ലഭിക്കുകയും പരിശീലനം നടത്തേണ്ട പരിശീലകരെ സജ്ജമാക്കുകയും ചെയ്യുന്നു. ഭാവിയില്‍ ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കും ഇത് പഠിക്കേണ്ടതായി വരും. യു.കെ.യിലെ വാര്‍വിക് സര്‍വകലാശാല, ഡല്‍ഹി എയിംസ് എന്നിവയുടെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സായിരിക്കുമിത്.

കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ മികച്ച ട്രോമ കെയര്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലോക ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കൊട്ടാരക്കര, കന്യാകുളങ്ങര, അടൂര്‍ ആശുപത്രികളില്‍ 28.21 കോടി രൂപ മുടക്കി ട്രോമകെയര്‍ സംവിധാനം ഒരുക്കുന്നതിന് ധാരണയായിട്ടുണ്ട്. ഇവ നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 20.77 കോടിയാണ് അനുവദിച്ചിരിക്കുന്നത്. മികച്ച ട്രോമ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി 106 തസ്തികകള്‍ സൃഷ്ടിക്കുകയും എമര്‍ജന്‍സി മെഡിസിനായി 41 അധ്യാപക തസ്തികള്‍ സൃഷ്ടിച്ച് പി.എസ്.സി.യ്ക്ക് വിടുകയും ചെയ്തു. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ഫണ്ടുപയോഗിച്ച് തിരുവനന്തപുരം ആലപ്പുഴം, എറണാകുളം ജി.എച്ച്., പാലക്കാട് തുടങ്ങിയ 5 സ്ഥലങ്ങളില്‍ ട്രോമകെയര്‍ ലെവല്‍ 2, ലെവല്‍ 3 ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കി വരികയാണ്. അതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 11.72 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം പുരോഗമിച്ച് വരികയാണ്.

ലോകത്തിലെ മികച്ച ട്രോമകെയര്‍ സംവിധാനം സംസ്ഥാനത്ത് ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിപുലമായ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ലോകത്തിലെ മികച്ച ട്രോമ കെയര്‍ സെന്ററുകളിലൊന്നായ യു.കെ.യിലെ വാര്‍വിക് സര്‍വകലാശാല സന്ദര്‍ശിക്കുകയും കേരളത്തിലെ സംരംഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സംഘം ഡല്‍ഹി എയിംസ് സന്ദര്‍ശിക്കുകയും വിദഗ്ധ സഹായം ഉറപ്പാക്കുകയും ചെയ്തു. ടാറ്റ കെയര്‍ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും ലഭ്യമാക്കി. കൂടാതെ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മികച്ച ആംബുലന്‍സ് സംവിധാവും അത്യാധുനിക എമര്‍ജന്‍സി മാനേജ്‌മെന്റ് സമ്പ്രായങ്ങളുമുള്ള ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിക്കുകയും ചെയ്തു. കേരളത്തിന്റെ സാഹചര്യത്തില്‍ ഇതെങ്ങനെ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ്മന്ത്രി ചര്‍ച്ച നടത്തി.