MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy, films
in , , ,

എങ്കിലുമെന്റെ എം ടി സാർ, ആർച്ചയോടീച്ചതി വേണമായിരുന്നുവോ?!

സാരമില്ല. ഇന്നലെച്ചെയ്തതു അബദ്ധമാണെന്നു തിരിച്ചറിഞ്ഞുവല്ലോ. അതിനിന്നു മാപ്പു പറഞ്ഞുവല്ലോ. ആ തെറ്റിനി നാളെ ആവർത്തിക്കില്ലെന്നും വ്യക്തമാക്കിയല്ലോ. ആ ഹൃദയവിശാലതയ്ക്ക് ഒരായിരം നന്ദി. പറഞ്ഞു വരുന്നത് രൺജി പണിക്കരുടെ കാര്യമാണ്. ചലച്ചിത്രങ്ങളിലെ ( films ) സ്ത്രീ വിരുദ്ധതയെ പറ്റിയാണ്.

ഇക്കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധതയെ സംബന്ധിച്ച് രൺജി നടത്തിയ ഏറ്റുപറച്ചിലും നയം വ്യക്തമാക്കലും ഏറെ കൈയ്യടികൾ നേടിയിരുന്നവല്ലോ. അതിനെ തുടർന്ന് ഇപ്പോഴിതാ ‘കസബ’യ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്ത നിഥിന്‍ രൺജി പണിക്കരും തന്റെ നയം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു.

നിലപാടുകൾ വ്യക്‌തമാക്കി രൺജി പുത്രൻ

തീപ്പൊരി ഡയലോഗുകളുടെ ഉസ്താദാതായ അച്ഛന്‍ രൺജി പണിക്കരുടെ കുറ്റസമ്മതത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താനൊരു അഭിപ്രായം പറയേണ്ട കാര്യമില്ലെന്നാണ് നിഥിന്റെ നിലപാട്. രൺജി പണിക്കരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന നിഥിൻ വ്യക്തിപരമായി താൻ തിരക്കഥാകൃത്തായ രൺജി പണിക്കരെയാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്‌തമാക്കുന്നു.

രഞ്ജി പണിക്കര്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണെന്നും അഭിനേതാവായി അച്ഛനെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും ഈ താര പുത്രൻ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ വന്നതില്‍ കുറ്റബോധമുണ്ടെന്നും ഇനിയുള്ള ചിത്രങ്ങളില്‍ അത്തരം സംഭാഷണങ്ങള്‍ ഉണ്ടാകില്ലെന്നും രൺജി അഭിപ്രായപ്പെട്ടതിനെ പറ്റി സൂചിപ്പിക്കവെ നിഥിൻ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു.

അത് അച്ഛന്റെ അഭിപ്രായമാണെന്നും ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സില്‍ നിന്നും കാഴ്ചപ്പാടില്‍ അദ്ദേഹം പറയുന്ന അഭിപ്രായത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ താനൊരു അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്.

‘കസബ’യിലെ സ്ത്രീ വിരുദ്ധത; നയം വ്യക്തമാക്കി നിഥിൻ

ഇപ്പോഴും വിവാദത്തിൽ തുടരുന്ന ‘കസബ’യ്ക്കകത്ത് സ്ത്രീവിരുദ്ധത ഉണ്ട് എന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും നിഥിൻ പറയുന്നു. ‘കസബ’യില്‍ മനഃപൂര്‍വം സ്ത്രീകളെ അപമാനിക്കണം എന്ന് വിചാരിച്ച് താന്‍ ഒന്നും എഴുതിവച്ചിട്ടില്ലെന്നും താന്‍ ചെയ്യുന്ന സിനിമകളില്‍ സ്ത്രീകളെയോ, പുരുഷന്മാരെയോ, ജാതിയെയോ, രാഷ്ട്രീയക്കാരെയോ, സിനിമാക്കാരെയോ മനഃപൂര്‍വം അപമാനിക്കണം എന്ന ഒരു അജണ്ടയും ഇല്ലാതെയാണ് എഴുതുന്നതെന്നും രൺജിയുടെ പുത്രൻ വ്യക്തമാക്കി.

MT, Unniyarcha , anti-woman, films, Mammootty, Renji Panicker, Nidhin, Rima, Parvathy, Oru Vadakkan Veeragatha , Chandu, Aromal, Mohan Lal, Jayaram, Mukesh, Jagathy,ഇനിയുള്ള സിനിമകളിലും അങ്ങനെയുള്ള അജണ്ടകള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും താന്‍ സ്ത്രീവിരുദ്ധമായി കരുതിക്കൂട്ടി ഒന്നും തന്നെ എഴുതിയിട്ടില്ലെന്നും ഇദ്ദേഹം അറിയിക്കുന്നു. ഒരാൾ എഴുതിയതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും സ്ത്രീവിരുദ്ധമോ മതവിരുദ്ധമോ ആക്കാമെന്നും നിഥിൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താൻ അങ്ങനെയൊക്കെ ചിന്തിച്ച് ഒന്നും എഴുതാറില്ലെന്നും ഇദ്ദേഹം തുറന്നു പറയുന്നു.

കസബയ്ക്കകത്തെ വിവാദ സീനില്‍ മമ്മൂക്ക അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രവും ആ രംഗത്തിലെ സ്ത്രീ കഥാപാത്രവും കുഴപ്പം പിടിച്ചവരാണെന്നും അതിനാൽ ആ കഥാപാത്രങ്ങളുടെ സ്വഭാവ വൈചിത്ര്യം വ്യക്തമാക്കുവാനാണ് ആ സംഭാഷണം ഉൾപ്പെടുത്തിയതെന്നും നിഥിൻ വ്യക്തമാക്കുന്നു.

അതില്‍ ആ സ്ത്രീ കഥാപാത്രവും പുരുഷ കഥാപാത്രത്തോട് അതേ ഭാഷയില്‍ മറുപടി പറയുന്നുണ്ടെന്നും എന്നിട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണ് എന്ന് കുറ്റപ്പെടുത്തുന്നുണ്ടോ എന്നും ഇദ്ദേഹം ആരായുന്നു. സ്ത്രീയെ മനഃപൂര്‍വം പീഢിപ്പിക്കാനായി പറയുന്നത് സ്ത്രീവിരുദ്ധമാണെന്നും അല്ലാതെ ഇതില്‍ സ്ത്രീവിരുദ്ധത കാണേണ്ട ആവശ്യമില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.

ആരെയും മനഃപൂര്‍വ്വം വേദനിപ്പിക്കാനായി ഒരു പഞ്ച് ഡയലോഗും എഴുതേണ്ട ആവശ്യമില്ലെന്നും ആരെയും വേദനിപ്പിക്കാനല്ല താന്‍ എഴുതുന്നതെന്നും നിഥിൻ വ്യക്തമാക്കുന്നു. ഒരു കഥാപാത്രം മറ്റേ കഥാപാത്രത്തോട് ചിലപ്പോള്‍ ദേഷ്യപ്പെട്ടേക്കാം ആ വേളയിൽ മോശമായി സംസാരിച്ചേക്കാം. എന്നാൽ അതെല്ലാം കഥാപാത്രങ്ങള്‍ സംസാരിക്കുന്നതാണ് എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്ങനെ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ അതില്‍ നെഗറ്റീവോ പോസിറ്റീവോ ആയ സംഭാഷണങ്ങള്‍ ഉണ്ടായേക്കാമെന്നും നിഥിൻ പറയുന്നു. ചില രംഗങ്ങളില്‍ സ്ത്രീ പുരുഷനോട് സംസാരിക്കുന്നത് പുരുഷനെ അപമാനിച്ചതാണെന്ന് വേണമെങ്കില്‍ പുരുഷന്മാര്‍ക്ക് വാദിക്കാമെന്നും എന്നാൽ അങ്ങനെ ഒന്നും ഉണ്ടാകുന്നില്ലല്ലോ എന്നും നിഥിൻ ചൂണ്ടിക്കാട്ടുന്നു.

സിനിമയെ സിനിമയായി കാണാത്തതാണ് പ്രശ്‌നമെന്നും താന്‍ ഒരു സിനിമയിലെ കഥാപാത്രമായി നിൽക്കുമ്പോൾ ഒരാൾ തന്നെ ചീത്ത പറഞ്ഞാൽ അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും നിഥിൻ വ്യക്തമാക്കുന്നു. അത് വിഷയമായിട്ടെടുക്കുന്ന ആളുകളുണ്ടാകാമെന്നും എന്നാൽ അവരോടൊന്നും പറയാനില്ലെന്നും ഇദ്ദേഹം അഭിമുഖ വേളയിൽ അഭിപ്രായപ്പെട്ടു.

എം.ടിയെപ്പോലെയും പത്മരാജനെപ്പോലെയുമുള്ള വിഖ്യാതരായ എഴുത്തുകാരുടെ തിരക്കഥകളിലൊക്കെ ഇത്തരം സംഭാഷണങ്ങളും രംഗങ്ങളുമൊക്കെയുണ്ടെന്നും അതൊന്നും ഇന്നത്തെ ആള്‍ക്കാര്‍ കാണാത്തതിനാലാണ് വിവാദങ്ങൾ ഉണ്ടാകാത്തതെന്നും അന്നും ഇതു പോലെ അല്ലെങ്കില്‍ ഇതിലും മീതെയുള്ള സംഭാഷണങ്ങള്‍ ഈ നടന്മാരൊക്കെ പറഞ്ഞിട്ടുണ്ടെന്നും നിഥിൻ പറയുന്നു.

അന്ന് അതിനെ ആള്‍ക്കാര്‍ സിനിമയുടെ ഭാഗമായി കണ്ടു എന്നും എന്നാൽ ഇന്ന് അത് വ്യക്തിപരമായി എടുക്കുന്നതായും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. താന്‍ സിനിമയെ സിനിമയായി കാണുന്നു എന്നും എന്നാൽ ആള്‍ക്കാര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാശു കൊടുത്തു തിയ്യേറ്ററില്‍ പോയി കാണുന്നതിനാൽ പ്രേക്ഷകര്‍ക്ക് അഭിപ്രായം പറയാമെന്നും ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

പ്രേക്ഷകയെന്ന നിലയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ

രൺജി പണിക്കരുടെ തീപാറും ഡയലോഗുകളുടെ ആരാധികയായ ഒരുവൾക്ക് ഈ വിഷയം അത്രവേഗം വിട്ടു കളയാനാകില്ലല്ലോ. രൺജിയുടെ തിരക്കഥയും സംഭാഷണവും മുൻപ് തന്നെ ഏറെ ആദരവ് അർഹിച്ചിരുന്നുവെങ്കിലും ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട സ്ത്രീവിരുദ്ധതകൾ കല്ലുകടിയായി അന്നേ മനസ്സിൽ അവശേഷിച്ചിരുന്നു. സ്വാഭാവികമായ അഭിനയ മികവോടെ അദ്ദേഹം തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ചില നേരങ്ങളിൽ തോന്നി ഈ മനുഷ്യന് സ്ത്രീകളോടിത്ര വെറുപ്പുണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസമാണല്ലോ എന്ന്.

അങ്ങനെയിരിക്കെ അതാ ചലച്ചിത്ര മേഖലയിൽ വാദങ്ങളും വിവാദങ്ങളും തുടർക്കഥയാകുന്നു; ചർച്ചകൾ പൊടിപൊടിക്കുന്നു; ആരോപണങ്ങളും പ്രത്യാരോപണങ്ങളും അരങ്ങു തകർക്കുന്നു. വിഷയം അതു തന്നെ; ചലച്ചിത്രത്തിലെ സ്ത്രീവിരുദ്ധത. ആ വേളയിൽ രൺജിയുടെ പേര് പല തവണ പരാമർശിക്കപ്പെട്ടപ്പോഴാണല്ലോ അദ്ദേഹം കുറ്റസമ്മതവുമായി രംഗത്തെത്തിയത്.

നിഥിന്റെ നിലപാടുകൾ ചർച്ച ചെയ്യവെ

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ. താങ്കൾ താങ്കളുടെ നിലപാട് വ്യക്തമാക്കി. ചിത്രങ്ങളിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഒരു കഥാപാത്രത്തിന്റെ സ്വഭാവ വൈചിത്ര്യം വ്യക്തമാക്കുവാനായി ആ കഥാപാത്രത്തിന്റെ മനോ നിലയ്ക്ക് അനുസരിച്ചുള്ള ഡയലോഗുകൾ തികച്ചും സ്വാഭാവികം തന്നെ.

എന്നാൽ ഒരു സ്ത്രീ കഥാപാത്രത്തെ വിമർശിക്കുന്ന വേളയിൽ സ്ത്രീ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന നിലയിൽ പഞ്ച് ഡയലോഗുകൾ നടന്മാർ പറയുകയും അത് കേട്ട് കയ്യടിക്കുന്ന ആരാധകരിൽ ചിലരെങ്കിലും അത് സത്യമാണെന്ന് കരുതുകയും ചെയ്യുന്ന വേളയിൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റി ഈ വൈകിയ വേളയിലെങ്കിലും ചർച്ചകൾ നടക്കുന്നത് നല്ലതല്ലേ എന്നാണ് ഈയുള്ളവളുടെ ചോദ്യം.

കാശ് കൊടുത്ത് കാണുന്ന ചിത്രങ്ങൾ വിമർശിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ടെന്ന താങ്കളുടെ അഭിപ്രായം കണക്കിലെടുത്തു കൊണ്ട് പറയട്ടെ, അന്നും വിമർശങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉയർന്നിരുന്നു. എന്നാൽ അന്നൊന്നും അത് സമൂഹമാധ്യങ്ങളിൽ വിളിച്ചു കൂകി ചർച്ച ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത സൂചിപ്പിച്ചതിന്റെ പേരിലായിരുന്നുവല്ലോ നടി പാർവ്വതിക്കെതിരെ അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ സൈബർപ്പോരാളികൾ പടപൊരുതിയത്. ആ ചിത്രം ഈയുള്ളവൾ കണ്ടിട്ടില്ലാത്തതിനാൽ അഭിപ്രായപ്രകടനം നടത്താനാകില്ല.

എന്നാൽ കണ്ട ഒട്ടനേകം ചിത്രങ്ങളിൽ സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന രംഗങ്ങൾ കണ്ട് പലപ്പോഴും രോഷമോ പുച്ഛമോ പോലുള്ള പല നെഗറ്റീവ് വികാരങ്ങളും പലർക്കും തോന്നിയിട്ടുണ്ട്. എന്നത് പറയുന്നവരെ ഇന്നത്തെ പോലെ ‘ഫെമിനിച്ചി’ എന്നാരും വിളിച്ചു അധിക്ഷേപിച്ചിരുന്നില്ല എന്നതാണ് മറ്റൊരു സത്യം.

വീരാംഗനയായ ഉണ്ണിയാർച്ചയും പിന്നെ ഞാനും

മമ്മൂട്ടി നായകനായ ചിത്രങ്ങളിൽ എനിക്കാദ്യം സ്ത്രീവിരുദ്ധത അനുഭവപ്പെട്ട ചിത്രം ഒരു വടക്കൻ വീരഗാഥയായിരുന്നു. കുട്ടിക്കാലത്ത് അച്ഛനമ്മമാർ സമ്മാനിച്ച പുസ്തകങ്ങളിലൊന്ന് വടക്കൻ പാട്ടുകളിലെ വീരാംഗനയായ ഉണ്ണിയാർച്ചയെ കുറിച്ചുള്ളതായിരുന്നു.

അല്ലിമലർകാവിൽ കൂത്തു കാണാൻ പോയ വേളയിൽ ഉറുമിയേന്തി അങ്കക്കലി പൂണ്ട് നിൽക്കുന്ന ആ ധീര വനിതയുടെ ചിത്രം പുസ്തകത്തിൽ ചിത്രീകരിച്ചിരുന്നത് ഇപ്പോഴുമുണ്ടെൻ മനസ്സിൽ തെല്ലും ഒളിമങ്ങാതെ.’പെണ്ണായ ഞാൻ വിറയ്ക്കുന്നില്ല. ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ’ എന്ന് ഭീമാകാരന്മാരായ ചട്ടമ്പിമാരെ കണ്ടു ഭയന്നു വിറച്ചു നിൽക്കുന്ന ആറ്റുമണമേൽ കുഞ്ഞിരാമനോട് ആരാഞ്ഞ ശേഷം അക്രമികളെ ഉറുമി വീശി തുരത്തിയോടിച്ച ആർച്ചയായിരുന്നുവോ എന്നെ സ്വാധീനിച്ച ആദ്യ സ്ത്രീ കഥാപാത്രം?

അക്കാര്യത്തിൽ സംശയമുണ്ടെങ്കിലും പിന്നീട് അവസരം കിട്ടുമ്പോഴൊക്കെ അപ്പൂപ്പനോടു ചോദിച്ചും ‘ഐതിഹ്യമാല’ വായിച്ചുമൊക്കെ എന്റെ ആർച്ചയെ പറ്റി കൂടുതലറിയാൻ ശ്രമിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ഓണപ്പരീക്ഷ കഴിഞ്ഞ വേളയിൽ വളരെയേറെ സങ്കൽപ്പങ്ങൾ മെനഞ്ഞു കൊണ്ട് കാണാനിരുന്ന ചിത്രം പക്ഷേ എന്നെയാകെ നിരാശപ്പെടുത്തിയെന്നു പറഞ്ഞാൽ മതിയല്ലോ.

ഒരു വടക്കൻ വീരഗാഥയും എം ടി യുടെ കൊലച്ചതിയും

ദേശീയ – സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രം എത്ര താല്പര്യത്തോടെയാണ് അന്ന് ദൂരദർശനിൽ വന്നപ്പോൾ കാണാനിരുന്നത്. വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥ മുൻപും ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടിരുന്നു എങ്കിലും എം.ടി. എന്ന മഹാനായ സാഹിത്യകാരൻ ചമച്ച ചലച്ചിത്രാവിഷ്‌കാരം കാണുന്നതിന് മുൻപ് ഉണ്ണിയാർച്ചയെ തിരശ്ശീലയിൽ കാണുവാൻ പോകുന്നതിന്റെ വെമ്പലായിരുന്നു.

എന്നാൽ ആ ചിത്രത്തിൽ ഞാൻ കണ്ടത് എന്റെ ആർച്ചയെ ആയിരുന്നില്ല. എങ്കിലും മഹാനായ എം ടി, അങ്ങ് ഇച്ചതി കാട്ടേണ്ടിയിരുന്നില്ല. ‘ചതിയൻ ചന്തു’വെന്ന് പണ്ടേ പാടിപ്പതിഞ്ഞ ഒരു കഥാപാത്രത്തെ നല്ലവനെന്ന് വെള്ളപൂശാനായി എന്റെ ഉണ്ണിയാർച്ചയെ ഇങ്ങനെ കരി വാരിപ്പൂശണമായിരുന്നോ?

ചന്തു ഒരു പക്ഷേ നല്ലവനായിരുന്നിരിക്കാം, തിരിച്ചുമാകാം. എന്നാൽ ചന്തുവിനെ വില്ലൻ പരിവേഷത്തിൽ നിന്ന് നായകനായി സ്ഥാനക്കയറ്റം നൽകാൻ എം ടി ബലിപ്പീഠത്തിലേറ്റിയത് ഉണ്ണിയാർച്ചയെ മാത്രമായിരുന്നില്ല. അരിങ്ങോടരുടെ പുത്രി കുഞ്ഞിയും നിർബന്ധപൂർവ്വം വില്ലത്തിപ്പട്ടം എടുത്തണിയേണ്ടി വന്നു ആ ചിത്രത്തിൽ.

ഇരുമ്പാണിക്കു പകരം മുളയാണി വയ്ക്കാൻ നിർദ്ദേശം നൽകിയത് ആ കുഞ്ഞിയിരുന്നുവത്രെ. നിഷ്കളങ്കനും സർവ്വ ഗുണസമ്പന്നനുമായ ‘പ്യാവം’ ചന്തു വിധിയുടെ കൈയ്യിൽ വെറും ‘ടോയ്’ ആകുകയായിരുന്നുവത്രെ. എന്റമ്മോ, എന്തൊരു കല്ലുവച്ച നുണ. അതു കടിച്ചു പൊട്ടിക്കാൻ നിൽക്കാതെ ഒറ്റയടിക്ക് വിഴുങ്ങിയവർക്കൊക്കെയും അജീർണ്ണം പിടിപെട്ടിട്ടുണ്ടാകും.

മികച്ച ഗാനങ്ങളും ഛായാഗ്രഹണവും സംവിധാന മികവും വേഷവിധാനവും പുലർത്തിയ ആ ചിത്രത്തിലെ നായകൻ പറയുന്ന ആ ഡയലോഗ് ഓർക്കുന്നുണ്ടോ? ”നിങ്ങൾ സ്ത്രീകൾ ആരും കാണാത്തത് കാണും. . . ”എന്നു തുടങ്ങുന്ന ആ സുപ്രസിദ്ധ (അതോ കുപ്രസിദ്ധമോ?) ഡയലോഗ് പ്രസന്റേഷൻ. എന്തൊരു വികാരത്തളളിച്ചയും ആവേശവുമായിരുന്നു അപ്പോഴാ നായകന്റെ മുഖത്ത്. ഏതെങ്കിലുമൊരു സ്ത്രീയിൽ നിന്ന് ദുരനുഭവം കിട്ടിയതിനാലാകണം സ്ത്രീ വർഗ്ഗത്തെയപ്പാടെ അടച്ചാക്ഷേപിക്കുന്ന ആ ഡയലോഗ് പിറന്നത്.

ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നൽകാൻ ശ്രമിച്ചു എന്ന് ന്യായീകരിച്ചാലും ആർച്ചയുടെ കടുത്ത ആരാധികയായിരുന്ന അന്നത്തെ ആ ബാലികയ്ക്ക് ആ ചിത്രം താങ്ങാവുന്നതിനുപ്പുറത്തെ ആഘാതമാണ് ഏകിയതെന്ന് പറഞ്ഞാൽ അതിശയോക്തിയാകുമോ ആവോ. ആടിനെ പട്ടിയാക്കുവാൻ, പുലിയെ എലിയാക്കുവാൻ ഒരു മികച്ച കലാസൃഷ്‌ടി കാരണമായി എന്നതിൽ ഇന്നുമുണ്ട് ഈയുള്ളവൾക്ക് പരിഭവം.

ലാൽ ചിത്രങ്ങളും മോശമല്ലല്ലോ സ്ത്രീ വിരുദ്ധ ഡയലോഗുകളിൽ

മോഹൻലാൽ നായകനായ നരസിംഹത്തിലും രാവണപ്രഭുവിലുമൊക്കെ എത്ര അറപ്പുളവാക്കുന്ന ഡയലോഗുകളാണ് ചില നേരങ്ങളിൽ കഥാപാത്രങ്ങൾ പറഞ്ഞത്. ആറാം തമ്പുരാനിൽ നായകനും കൂട്ടുകാരനും ചിത്രത്തിന്റെ തുടക്കത്തിൽ കാച്ചുന്ന ആ വൃത്തികെട്ട ഡയലോഗുകൾ എത്രമാത്രം ആഭാസം നിറഞ്ഞതായിരുന്നു.

‘ഫ പുല്ലേ’ വിളിയോടെ സ്ഫോടാത്മകത സൃഷ്ടിച്ചു കൊണ്ട് സുരേഷ് ഗോപി തരംഗം സൃഷ്‌ടിച്ച ‘കമ്മീഷണർ’ എന്ന ചിത്രത്തിലും ഉണ്ടായിരുന്നുവല്ലോ സ്ത്രീ വിരുദ്ധ പരാമർശം. അതു പക്ഷേ ആ സ്ത്രീ കഥാപാത്രത്തിന്റെ സ്വഭാവ ശുദ്ധിയെ പറ്റി പ്രേക്ഷകരെ ബോധ്യപ്പെടുത്തുവാൻ നായകൻ നടത്തിയ പരിശ്രമമായി കണക്കാക്കാം.

ഹാസ്യ ചക്രവർത്തിയായ ജഗതി ഉൾപ്പെടെയുള്ളവർ അശ്ലീലച്ചുവയുള്ള വാക്കുകളിലൂടെയും ആംഗ്യ വിക്ഷേപങ്ങളിലൂടെയും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെയും സ്ത്രീ വിരുദ്ധത പ്രത്യക്ഷമായും പ്രകടിപ്പിച്ചിരുന്നു. സ്ത്രീ വിരുദ്ധതയിൽ അദ്ദേഹത്തിന്റെ പിൻഗാമികളായി ജയറാം, മുകേഷ്, ദിലീപ് എന്നിവരും ധാരാളം ചലച്ചിത്രങ്ങളിൽ ‘നന്നായി’ പ്രകടനങ്ങൾ നടത്തി. തമാശയ്ക്ക് വേണ്ടിയെന്ന നിലയിൽ സൃഷ്‌ടിക്കപ്പെട്ട പല രംഗങ്ങളും അത്യന്തം ദുരന്തങ്ങളായിരുന്നു.

അതിനീചമായ രീതിയിൽ ചിന്തിച്ചു പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടെന്ന് ഏവർക്കുമറിയാമെന്നിരിക്കെ സ്ത്രീകളെയോ പുരുഷന്മാരെയോ ഒന്നടങ്കം അധിക്ഷേപിക്കുന്ന വസ്തുതകൾ വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. സിനിമയിലെ സ്ത്രീ വിരുദ്ധത ചർച്ചയായ ഈ വേളയിൽ സമൂഹത്തിൽ സിനിമയെ പോലെ സ്വാധീനം ചെലുത്തുന്ന സീരിയലുകളെ പറ്റിയും ആരോഗ്യകരമായ ചർച്ചയും നടപടിയും ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു കൊള്ളട്ടെ.

നിർദോഷമായ കളിയാക്കൽ വേറെ മനസിനെ മുറിപ്പെടുത്തുന്ന പരിഹാസം വേറെ. ഒരാളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ ഉതകുന്ന വിമർശനം വേറെ ഒരാളെ മാനസികമായി തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന അപമാനിക്കൽ കലാപരിപാടി വേറെ. ആത്മാഭിമാനം പുരുഷന് മാത്രം അവകാശപ്പെട്ട കുത്തകയല്ലെന്നും ആത്മനിന്ദ സദാ സമയവും സ്ത്രീകൾ എടുത്തണിയേണ്ട ആഭരണമല്ലെന്നും കുറഞ്ഞ പക്ഷം ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ബോധ്യം വരുത്താൻ നിലവിലെ ചർച്ചകൾ ഉപകാരപ്പെടുമെന്ന പ്രതീക്ഷിക്കാം.

സിനിമയുടെ സാമൂഹിക പ്രതിബദ്ധത

സമൂഹത്തിനെ നന്നാക്കുകയല്ല സിനിമകളുടെ ഉദ്ദേശ്യമെന്ന് നേരത്തെ ചില ചലച്ചിത്ര പ്രവർത്തകർ വെളിപ്പെടുത്തിയത് ഇത്തരുണത്തിൽ ഓർത്തു പോകുന്നു. സമൂഹത്തിന്റെ പ്രതിബിംബമെന്ന പോൽ അതിലെ ഉച്ച-നീചത്വങ്ങളും അനീതികളുമൊക്കെ സിനിമകൾക്കും വിഷയീഭവിക്കാം. എന്നിരുന്നാലും ചിത്രങ്ങളിൽ അതിക്രൂരമായ ദൃശ്യങ്ങളോ ആഭാസ രംഗങ്ങളോ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യപ്പെടുവാൻ സെൻസർ ബോർഡിനെ ചുമതലപ്പെടുത്തിയതിലൂടെ പിന്നെ എന്താണ് വ്യക്തമാകുന്നത്.

സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്നും അത് കണ്ടിട്ടാരും മാറാറില്ലെന്നും വാദിക്കുന്ന ചിലരുണ്ട്. എന്നാൽ ചലച്ചിത്ര രംഗങ്ങളിൽ സിഗരറ്റോ മദ്യമോ കാട്ടുമ്പോൾ എന്തിനാണ് താഴെ മുന്നറിയിപ്പ് മുടങ്ങാതെ പ്രത്യക്ഷപ്പെടുന്നത്? ആ ദൃശ്യങ്ങൾ യുവതയിൽ സ്വാധീനം ചെലുത്തിയാലുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി നല്ല ബോധ്യമുള്ളതു കൊണ്ടല്ലേ വിജയ് ചിത്രമായ ‘സർക്കാർ’ എന്ന ചിത്രത്തിൻറെ പോസ്റ്ററിൽ അദ്ദേഹം സിഗരറ്റ് വലിക്കുന്ന ദൃശ്യം ഉൾപ്പെടുത്തിയതിയതിനെ മുൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായ അൻപുമണി രാമദോസ് ഉൾപ്പെടെയുള്ള പ്രമുഖർ വിമർശിച്ചത്.

അപ്പോൾ ചിത്രങ്ങൾക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന കാര്യം വ്യക്തമല്ലേ? പണവും പ്രശസ്തിയും മാത്രം കൊയ്യുവാനുള്ള ഉപാധിയല്ല സിനിമകൾ എന്നത് ചുരുക്കം ചില ചലച്ചിത്ര പ്രവർത്തകരെങ്കിലും ചിന്തിക്കുന്നതിനാലല്ലേ വല്ലപ്പോഴുമെങ്കിലും നാം പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ ലഭിക്കുന്നത്.

അപ്പോൾ പിന്നെ ചലച്ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധതയെ ചൊല്ലി ഇപ്പോൾ അതി രൂക്ഷമായി വിവാദങ്ങളും ചർച്ചകളും നടക്കുന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. കാരണം വിഷയം ഇത്രയും ചർച്ചയായ സ്ഥിതിക്ക് ഇനി നമ്മുടെ ചലച്ചിത്ര പ്രവർത്തകർ ഒരു പക്ഷേ സ്ത്രീ വിരുദ്ധതയ്ക്കു തുനിയും മുൻപ് രണ്ടു പ്രാവശ്യമെങ്കിലും ചിന്തിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു.

ശാലിനി വി എസ് നായർ 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Navigant , smart classrooms,  Mahila Mandiram, Poojappura, Suresh Gopi MP

നാവിഗൻറ് സഹായിച്ചു; പുതിയ സ്മാർട്ട് ക്‌ളാസ്സ്‌ റൂമുകളൊരുങ്ങി

ഏൺസ്റ്റ് ആൻഡ് യംഗ് ആഗോള പ്രതിനിധികൾ ടെക്നോപാർക്കിലെത്തി ചർച്ച നടത്തി