My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,
in , , ,

മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും.

ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്.

ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം.

സംഭവബഹുലമായ കൃതിയും ജീവിതവും

മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ ആംഗലേയ സാഹിത്യത്തിൽ ‘കമലാദാസാ’യി വിളങ്ങി. ‘നാലപ്പാട്’ തറവാട്ടിൽ ‘ആമി’യായി സന്തോഷപൂർവ്വം കളിച്ചു നടന്ന ആ പെൺകുട്ടി സംഘർഷഭരിതമായ കൗമാരവും തീക്ഷ്ണമായ യൗവ്വനവും വിവാദങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ട മധ്യ വയസും പിന്നിട്ട് ‘കമലാ സുരയ്യ’യായി.

ഒട്ടനേകം മികച്ച കൃതികളിലൂടെ മലയാളികളുടെ സ്നേഹാദരങ്ങൾ നേടിയ നാലപ്പാട് ബാലാമണിയമ്മയുടെ പുത്രിയും നാലപ്പാട് നാരായണ മേനോന്റെ അനന്തരവളുമായ മാധവിക്കുട്ടിയും മലയാളി മനസുകളിൽ അധികം വൈകാതെ ഇടം നേടുന്നതിൽ വിജയിച്ചു.

My Story, madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

എന്നാൽ 1973 ഫെബ്രുവരിയിൽ ‘എൻെറ കഥ’ എന്ന മലയാളം തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പുസ്തകം മലയാളി മനസ്സുകളിലെ സദാചാര സങ്കൽപ്പത്തിനു മേൽ പതിച്ച അപ്രതീക്ഷിതമായ ഇടിവെട്ടായിരുന്നു. ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കിയ ആ കൃതി 1977- ൽ ‘മൈ സ്റ്റോറി’ എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള വനിതാ ആത്മകഥാപുസ്തകമായി അത് മാറി.

തികഞ്ഞ സദാചാരവാദികളെന്ന് സ്വയം അവകാശപ്പെട്ട് അതിൽ അഭിമാനം കൊണ്ടിരുന്ന മലയാളി മനസുകളിൽ ചാട്ടവാറടിയായി ആ പുസ്തകം. അക്കാലത്ത് ഒരു വനിത സദാചാരസങ്കല്പങ്ങളെ സധൈര്യം ചോദ്യം ചെയ്യുക എന്നത് സങ്കല്പങ്ങൾക്കും അതീതമായിരുന്നു. അവിടെയാണ് മാധവിക്കുട്ടി എന്ന എഴുത്തുകാരി വ്യത്യസ്തയായത്.

എന്നാൽ കാലത്തിന് മുന്നേ സഞ്ചരിച്ച എഴുത്തുകാരിയെന്ന പ്രശംസ നേടിക്കൊണ്ട് മികച്ച രചനകൾ നടത്തിയ ആ മഹതി പക്ഷെ ‘മൈ സ്റ്റോറി’ എന്ന ആത്മകഥയുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെട്ടു.

ഒരു നോവലിന്റെ ഫോർമാറ്റിൽ എഴുതപ്പെട്ട ‘എന്റെ കഥ’ ഒരു ആത്മകഥയായിരിക്കുമെന്നായിരുന്നു എഴുത്തുകാരി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അതിൽ ധാരാളം സാങ്കല്പിക കഥാപാത്രങ്ങളുണ്ടെന്ന് അവർ തുറന്നു സമ്മതിച്ചു.

My Story, madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

50 അദ്ധ്യായങ്ങളുള്ള ആ കൃതിയിൽ എഴുത്തുകാരി നാലപ്പാട് തറവാട്ടിലെ തന്റെ സുന്ദരമായ ബാല്യകാലവും നഗരത്തിലെ കാലുഷ്യം നിറഞ്ഞ സംഭവങ്ങളും വിവരിച്ചിട്ടുണ്ട്. നാലാം വയസ്സിൽ കൽക്കത്തയിൽ ബ്രിട്ടീഷ് കൊളോണിയൽ മിഷണറി സ്കൂളിൽ വംശീയ വിവേചനം നേരിട്ടത് തുറന്നു പറഞ്ഞ സാഹിത്യകാരി തന്റെ വൈവാഹിക ജീവിതത്തെ പറ്റിയും വിശദമാക്കിയിരുന്നു.

തന്റെ സാഹിത്യ ജീവിതം, മക്കളുടെ ജനനം തുടങ്ങിയ വിഷയങ്ങളും പ്രതിപാദിച്ചിട്ടുണ്ടെങ്കിലും വിവാഹേതര ബന്ധങ്ങളുടെ തുറന്നു പറച്ചിലിലൂടെ സദാചാരത്തിന്റെ നിയമങ്ങൾ പിന്തുടരാത്തവളെന്ന പേരിൽ കഥാകാരി പരസ്യമായി പഴി കേട്ടു.

ലൈംഗികതയെ സംബന്ധിച്ച ഒരു സ്ത്രീയുടെ തുറന്നു പറച്ചിലുകൾ ഉൾക്കൊള്ളാൻ പലർക്കും കഴിഞ്ഞില്ല. യാഥാർഥ്യമോ അതോ സാങ്കൽപ്പികമോ എന്ന് തീർച്ചയില്ലാത്ത വിവരങ്ങൾ വായനക്കാരിൽ അസ്വസ്ഥത സൃഷ്‌ടിച്ചു.

അധിക്ഷേപ വാക്കുകളാലുള്ള കൂരമ്പുകളേറ്റെങ്കിലും; പ്രസിദ്ധീകരണത്തെ തടയാൻ ആഗ്രഹിച്ച അടുത്ത ബന്ധുക്കളുടെ കോപം പോലും നേരിടേണ്ടി വന്നെങ്കിലും കമല ധീരമായി നിലകൊണ്ടു എന്ന് പിൽക്കാലത്ത് ‘മലയാള നാട്’ എഡിറ്റർ വി. ബി. സി. നായർ വെളിപ്പെടുത്തിയിരുന്നു.

My Story, madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

സാഹിത്യകാരിയുടെ കുടുംബത്തിന്റെ സമ്മർദ്ദത്താൽ പ്രസിദ്ധീകരണം തത്കാലം നിർത്തേണ്ടി വന്നുവെങ്കിലും രണ്ടാഴ്ചക്കകം തന്നെ ആഴ്ച തോറും 50,000 പകർപ്പുകൾ പ്രചരിപ്പിക്കുന്നതിൽ അവർ വിജയിച്ചു. കൂടാതെ ‘മേരി കഹാനി’ എന്ന പേരിൽ ഹിന്ദി തർജ്ജിമ ഹിന്ദി പോക്കറ്റ് ബുക്കുകൾ പ്രസിദ്ധീകരിച്ചു.

സ്‌നേഹവും സ്നേഹഭംഗവും ഭോഗവും ഭക്തിയുമൊക്കെ വിഷയീഭവിച്ച ‘എന്റെ കഥ’ ഇന്ത്യൻ എഴുത്തുകാരുടെ ആത്മകഥകളുടെവിഭാഗത്തിൽ ഏറ്റവും പ്രചാരമുള്ളതും വിവാദപരവുമായ ഒന്നായി ഇപ്പോഴും ജൈത്ര യാത്ര തുടരുന്നു.

‘ആമി’യും വിവാദങ്ങളും ചലച്ചിത്രത്തിലും

‘ആമി’ എന്ന പേരിൽ സാഹിത്യകാരിയുടെ ഒരു ജീവചരിത്ര ചിത്രം 2018 ഫെബ്രുവരി 9-ന് പുറത്തിറങ്ങി. സാഹിത്യകാരിയെ മഞ്ജു വാര്യർ അവതരിപ്പിച്ച ചിത്രം കമൽ സംവിധാനം ചെയ്‌തു. ആ ചിത്രവും കുറച്ചു നാൾ വിവാദത്തിൽപ്പെട്ടിരുന്നു.

ആദ്യം വിദ്യാ ബാലൻ നായികയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുന്നതായി അറിയിച്ചു. തീയേറ്ററുകളിലെ ദേശീയ ഗാന വിവാദത്തോടനുബന്ധിച്ച് കേരളാ ചലച്ചിത്ര മേളയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമലിനെതിരെ ചില രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിരുന്നു.

ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ചില ഡെലിഗേറ്റുകൾ എഴുന്നേറ്റ് നില്‍ക്കാത്തതിനെ പറ്റി പോലീസിൽ പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പിന്നീട് വ്യക്തമാക്കിയെങ്കിലും പ്രതിഷേധം അടങ്ങിയില്ല.

ആ വിവാദം കൊഴുക്കവെയാണ് നടിയുടെ പിന്മാറ്റമുണ്ടായത്. കുറച്ചു നാളത്തെ അനിശ്ചിതത്വത്തിന് ശേഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നടൻ പൃഥ്വി ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായെങ്കിലും പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയിരുന്നു.

ചിത്രം തീയേറ്ററിലെത്തുമ്പോൾ തടയുമെന്ന വെല്ലുവിളികളും അങ്ങിങ്ങായി ഉയർന്നിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി സമർപ്പിച്ചിരുന്നു.

കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്നും അതിനാൽ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ കടമ്പകൾ അതിജീവിച്ച് ചിത്രം തീയേറ്ററുകളിലെത്തി.

‘മൈ സ്റ്റോറി’യും ഡിസ് ലൈക്ക് മേളയും

ഇനി ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിലേക്കു വരാം. ആ പേരിലൊരു മലയാള ചലച്ചിത്രം പുറത്തിറങ്ങാനിരിക്കവെ അതിന്റെ വിജയത്തെ ചൊല്ലിയും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ പറ്റി വിമർശിച്ചതിന്റെ പേരിൽ നടി പാർവതി ‘ഇക്ക ഫാൻസ്‌’ എന്ന് അവകാശപ്പെടുന്നവരുടെ കൂട്ട അക്രമങ്ങൾക്ക് വിധേയയായിട്ട് അധിക കാലമായിട്ടില്ല.

ഇരുപത്തിരണ്ടാമത് ചലച്ചിത്രോത്സവത്തോടനുബന്ധിച്ച നടന്ന ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി നായകനായ ‘കസബ’യിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്കെതിരെ വിവാദങ്ങൾ ഉടലെടുത്തത്. മലയാള ചലച്ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധതയെ പറ്റി പരാമർശിക്കവെ വളരെ യാദൃശ്ചികമായി ഒരു ഉദാഹരണമെന്നോണം നടി ‘കസബ’യുടെ പേര് സൂചിപ്പിക്കുകയായിരുന്നു.

എന്നാൽ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നടന്ന സൈബർ പോരാട്ടം മലയാളി മനസുകളുടെ പൊള്ളത്തരം തുറന്നു കാട്ടി. അത്യധികം വിവേചനാശൂന്യമായി പ്രതികരിച്ച സൈബർ പോരാളികൾ യഥാർത്ഥ വിഷയത്തിൽ നിന്ന് അകന്നു പോയി.

നടി പറഞ്ഞതിനെ മനസിലാക്കാൻ ശ്രമിക്കാതെ അതിനെ കുറിച്ച് ആരോഗ്യപരമായ ചർച്ച നടത്താതെ അവരിൽ പലരും പാർവതിയുടെ വാക്കുകളെ വളച്ചൊടിച്ച് അലങ്കോലമാക്കി. തെറി വിളികളും ഭീഷണികളും രൂക്ഷമായപ്പോൾ നടി പരാതിപ്പെട്ടതിനെ തുടർന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനെ തുടർന്നും സൈബര്‍ ഇടങ്ങളിൽ നടിക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. സൈബർ കടന്നൽക്കൂട്ടം അറസ്റ്റിലായ ആൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും മറ്റൊരു പ്രമുഖൻ അയാൾക്ക് സഹായം വാഗ്ദാനം ചെയ്യുന്നതു വരെയെത്തി കാര്യങ്ങൾ. നടിയെ അപമാനിക്കുന്ന ട്രോളുകൾ അനുസ്യൂതം പ്രവഹിച്ചു.

അതിനിടെയാണ് ‘മോങ്ങാനിരുന്ന ശ്വാനന്റെ തലയിൽ നാളികേരം നിപതിച്ചത്’. ഈ ചിത്രത്തിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയും ടീസറും അണിയറപ്രവർത്തകർ ആ വേളയിലാണ് പുറത്തുവിട്ടത്.

പിന്നെ സൈബർ ലോകത്ത് ആകെ ഉത്സവമായി. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്കും ഗാനത്തിനും ഡിസ്‌ലൈക്കുകള്‍ നല്‍കിയാണ് മമ്മൂട്ടി ഫാൻസ്‌ എന്ന പേരിൽ ചിലർ സൈബർ ആക്രമണം നടത്തിക്കൊണ്ട് തങ്ങളുടെ പോരാട്ടം തുടർന്നത്.

കൂടുതല്‍ പേരെ ഡിസ്‌ലൈക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടർന്നു. സൈബര്‍ ഇടങ്ങളിൽ ഒരു ദിവസം രണ്ടായിരം ലൈക്കുകൾ നേടിയ വീഡിയോയ്ക്ക് പക്ഷേ റെക്കോർഡ് ഡിസ്‌ലൈക്കുകളാണ് ലഭിച്ചത്.

വീഡിയോയ്ക്ക് താഴെയും പാര്‍വതിക്കെതിരെയുള്ള അശ്ലീല പദപ്രയോഗങ്ങളും മറ്റും ചിലർ രേഖപ്പെടുത്തി. സൈബർ ബുള്ളിയിംഗിനെതിരെ കേസെടുക്കാൻ വകുപ്പുണ്ടെങ്കിലും ഡിസ്‌ലൈക്കുകൾ നൽകുന്നതിനെതിരെ നടപടിഎടുക്കാൻ വകുപ്പില്ലെന്നതും സൈബർ ആക്രമണകാരികൾക്ക് അനുകൂല ഘടകമായി.

ഡിസ് ലൈക്കുകള്‍ ഒന്നും ചിത്രത്തിനുള്ളതല്ലെന്നും പാര്‍വതി എന്ന നടിക്കെതിരെയാണെന്നും കമന്റ് രേഖപ്പെടുത്തിയവർ വ്യക്തമാക്കിയിരുന്നു. പാര്‍വതി അഭിനയിച്ചതിനാല്‍ ഈ ചിത്രം കാണില്ലെന്നും അതിനാല്‍ പൃഥ്വിരാജിനോട് ക്ഷമ ചോദിക്കുന്നു എന്നും ചിലർ പ്രതികരിച്ചിരുന്നു.

‘മൈ സ്റ്റോറി’യുടെ റിലീസ്; ആകാംക്ഷയോടെ ചലച്ചിത്ര ലോകം

ഒടുവിലിതാ നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ‘മൈ സ്റ്റോറി’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദവും വിമര്‍ശനവും ‘മൈ സ്റ്റോറി’യുടെ റിലീസിനെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം. ‘അമ്മ’യും ‘ഡബ്ല്യുസിസി’യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ചലച്ചിത്ര താരങ്ങളിക്കിടയിൽ നിലപാടുകളുടെ കാര്യത്തിൽ ഏറെ വ്യത്യസ്തത പുലര്‍ത്തി മുന്നേറുന്ന പൃഥ്വിരാജും പാര്‍വതിയും
‘എന്ന് നിന്റെ മൊയ്തീനു’ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയവരാണ് പാർവതിയും പൃഥ്വിയും.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ‘താൻ ഇനി മുതൽ സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകൾ പറയില്ലെന്നും അത്തരം ചിത്രങ്ങൾ ഇനി തന്റേതായി പുറത്തുവരില്ലെന്നും’ പൃഥ്വി പ്രഖ്യാപിച്ചിരുന്നു.

പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്നി ദിനകറാണ്’മൈ സ്റ്റോറി’യുടെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈ വനിത ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു. ഒട്ടേറെ പ്രതീക്ഷകളോടെ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന് വിവാദങ്ങൾ വില്ലനാകില്ലെന്ന് സംവിധായിക ഉൾപ്പെടെയുള്ളവർ നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

പ്രതീക്ഷയും യാഥാർഥ്യവും

വിവാദങ്ങളും വിമര്‍ശനവും ഒരുപോലെ തുടർന്ന സമയത്ത് റിലീസ് ചെയ്ത ചിത്രങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമുണ്ട്. തീയേറ്റര്‍ ഉപരോധം നിലനില്‍ക്കുന്നതിനിടയില്‍ റിലീസ് ചെയ്തിട്ടും മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങൾ പോലും മലയാളത്തിലുണ്ടെന്നിരിക്കെ നടിയോടുള്ള ചിലരുടെ കഴമ്പില്ലാത്ത പകയുടെ പേരിൽ ‘മൈ സ്റ്റോറി’യ്ക്കും തീയേറ്ററുകളിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

നല്ല ചിത്രമാണെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യുമെന്നാണ് ചലച്ചിത്ര നിരീക്ഷകരുടെ ശുഭാപ്തി വിശ്വാസം.

‘ഉദയനാണ് താരം’ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രം പറയുന്നത് പോലെ ‘ഒട്ടനേകം പേരുടെ ചോരയിലും വിയർപ്പിലും കണ്ണീരിലും കെട്ടിപ്പടുത്ത സിനിമ’യെ വ്യക്‌തി വൈരാഗ്യങ്ങളുടെ പേരിൽ തകർക്കാൻ ശ്രമിക്കുന്ന ചില കുബുദ്ധികളുടെ കുത്സിത പ്രവർത്തികളെ യഥാർത്ഥ ചലച്ചിത്ര പ്രേമികൾ പരാജയപ്പെടുത്തുമെന്നു തന്നെ നമുക്ക് ആശിക്കാം.

നല്ല ചിത്രങ്ങൾക്ക് എക്കാലവും പിന്തുണയും പ്രേരണയും നൽകി പ്രേക്ഷകർ ഒപ്പമുണ്ടാകുമെന്ന് വീണ്ടും കാലം തെളിയിക്കട്ടെ.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൗരോർജ്ജ പ്രഭയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടിയുമാകണം: മന്ത്രി