ഉത്ഥാന്‍ 2018: ദേശീയ സെമിനാര്‍ ഒക്ടോബർ 13 ന് മണ്ണുത്തിയില്‍

തൃശൂര്‍: ഇസാഫിന്‍റെ ആഭിമുഖ്യത്തില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ, മണ്ണുത്തി, ഡോണ്‍ ബോസ്കോ കോളേജ്, സ്ഫിയര്‍ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ ഡിസാസ്റ്റര്‍ റിസ്ക്‌ റിഡക്ഷന്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍  (ഉത്ഥാന്‍ 2018) സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ദുരന്തനിവാരണ ദിനമായ ഒക്ടോബര്‍ 13ന് മണ്ണുത്തി ഡോണ്‍ ബോസ്കോ കോളേജില്‍ നടക്കുന്ന ദേശീയ സെമിനാര്‍ മുന്‍ റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും  സി. ഇ. ഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷനായിരിക്കും.  ദേശീയ ദുരന്ത നിവാരണ അഥോറിറ്റി മുന്‍ അംഗം പ്രൊഫ. വിനോദ് ചന്ദ്ര മേനോന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ്‌ ജോണ്‍ തൂവല്‍, മണ്ണുത്തി ഡോണ്‍ ബോസ്കോ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. രാജു ചക്കനാട്ട് എന്നിവര്‍ പ്രസംഗിക്കും. വീട് നിര്‍മാണത്തിലെ അടിസ്ഥാന ഘടകങ്ങള്‍, കാലാവസ്ഥ വ്യതിയാനം, ദുരന്താനന്തര വികസനം – സാമ്പത്തിക പുനഃപ്രാപ്തി തുടങ്ങിയ വിഷയങ്ങളില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍റര്‍നാഷണല്‍ ഏഷ്യ പസഫിക് ഓഫീസര്‍ അന്ന കൊനോട്ചിക്, ജിയോ ഹസാര്‍ഡ്‌സ്  ഇന്‍റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍  ഹരികുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ വിന്‍സന്‍ കുര്യന്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സീനിയര്‍ മാനേജര്‍ സന്ധ്യ സുരേഷ്, ഡോ. ഷിബു കെ. മാണി, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ സാമുവല്‍, യുഎന്‍ഡിപി മുന്‍ എമര്‍ജന്‍സി അഡ്വൈസര്‍ ജി. പത്മനാഭന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ സാമുവല്‍, ദുരന്തനിവാരണ വിദഗ്ധന്‍ കെ. ജി. മത്തായിക്കുട്ടി, ഡോ. ഫിലിപ് സാബു, ക്രിസ് അലോഷ്യസ്, ജോബി ജേക്കബ് എന്നിവര്‍ മോഡറെട്ടര്‍മാരായിരിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഡ്വ. കെ. രാജന്‍ എം എല്‍ എ മുഖ്യാതിഥി ആയിരിക്കും. ഇസാഫിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വോളന്‍റിയര്‍മാരെ ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ മെറീന പോള്‍ ആദരിക്കും. ഇസാഫ് ഡയരക്ടര്‍മാരായ ജേക്കബ് സാമുവല്‍, കെ. വി. ക്രിസ്തുദാസ് പ്രസംഗിക്കും.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും ജില്ലാ ഭരണകൂടത്തിന്‍റേയും മറ്റു സാമൂഹിക സംഘടനകളുടേയും സഹകരണത്തോടെയാണു ഉത്ഥാന്‍ 2018സംഘടിപ്പിക്കുന്നത്. സുരക്ഷിത കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള വിപുലമായ പദ്ധതി രേഖ തയാറാക്കുക, കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങളുടെ പ്രതിരോധം, വീടുകളുടെ പുനര്‍നിര്‍മാണം, ഭാഗികമായ ശരിയാക്കല്‍ എന്നീ വിഷയങ്ങളില്‍  ഉരിത്തിരിയുന്ന ആശയങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും കൈമാറുമെന്ന് ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്റ്റര്‍ ജേക്കബ് സാമുവല്‍  പറഞ്ഞു. പ്രവേശനം സൗജന്യമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു:  രമേശ് ചെന്നിത്തല

ചിരഞ്ജീവി ചിത്രത്തിൽ ഭീതിജനകമായ ലുക്കിൽ വിജയ് സേതുപതി