നിമജ്ജനത്തിന് പ്രകൃതിയോട് ഇണങ്ങുന്ന വിഗ്രഹങ്ങള്‍ ഉപയോഗിക്കണം

തിരുവനന്തപുരം: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും പ്രകൃതിയോട് ഇണങ്ങുന്നവ മാത്രം ആയിരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. വിഗ്രഹ നിമജ്ജനത്തിനു മുന്‍പ് വിഗ്രഹത്തില്‍ അണിയിച്ചിട്ടുള്ള വസ്ത്രങ്ങള്‍, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകള്‍, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റണം.

ഇവ ജലസ്രോതസ്സുകളിലെത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. ഇവ പ്രത്യേകം സൂക്ഷിച്ച് മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത വിധം നിര്‍മ്മാര്‍ജനം ചെയ്യണം.

നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങള്‍ അപകടകാരിയായ/മാരകമായ/വിഷലിപ്തമായ പെയിന്റുകള്‍/ചായങ്ങള്‍ എന്നിവ കൊണ്ട് നിറം നല്‍കിയവ ആകരുത്. നിറം നല്‍കുന്നതിന് പ്രകൃതിദത്തവും ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ദോഷകരമല്ലാത്തതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം.

കഴിവതും ചെറിയ വിഗ്രഹങ്ങള്‍ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണം. കിണറുകള്‍, തടാകങ്ങള്‍, നദികള്‍ എന്നീ ശുദ്ധജലസ്രോതസ്സുകള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്.

നിമജ്ജനത്തിനായി പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങള്‍ മാത്രം തെരഞ്ഞെടുക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കപ്പുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, തുടങ്ങി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ ഒഴിവാക്കണം.

വലിയ ശബ്ദമുള്ള പടക്കങ്ങള്‍, അധികം പുക പുറന്തള്ളുന്ന പടക്കങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. മലിനീകരണം ഉണ്ടാക്കാതെ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ഉത്സവാഘോഷങ്ങള്‍ ക്രമീകരിച്ച് പരിപാവനമായ ഭൂമിയെ സംരക്ഷിക്കാന്‍ സഹകരിക്കണം.

വിഗ്രഹ നിമജ്ജനത്തിനായുള്ള നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഖരമാലിന്യം കത്തിക്കരുത്. താത്കാലികമായും മതിയായ സംവിധാനങ്ങളോടു കൂടിയതുമായ ജലസംഭരണികള്‍ നിമജ്ജനത്തിനായി ഉണ്ടാക്കാം. ഗണേശോത്സവ ശേഷം സംഭരണി സുരക്ഷിതമായി മാറ്റണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സഹായവുമായി വൈകോയും

അദ്ധ്യാപക അവാർഡ് ജേതാക്കൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു