തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിർമിതിക്കുമുള്ള ധനസമാഹരണത്തിനായി ഭാഗ്യക്കുറി വകുപ്പു നടപ്പാക്കുന്ന നവകേരള ലോട്ടറിയുടെ പ്രചാരണത്തിന് തെരുവു നാടകവുമായി കുടുംബശ്രീ. ലോട്ടറിയുടെ പ്രചാരണാർഥം ഇന്നലെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു.
മഹാപ്രളയത്തിൽനിന്നുള്ള കേരളത്തിന്റെ അതിജീവനവും നവകേരളം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ നടപടികളുമാണു നാടകത്തിന്റെ ഇതിവൃത്തം. ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ട തീർഥപാദ മണ്ഡപത്തിനു മുന്നിൽ അവതരിപ്പിച്ച നാടകത്തോടെ തിരുവനന്തപുരം ജില്ലയിലെ പ്രചാരണത്തിനു സമാപനമായി. കുടുംബശ്രീയുടെ സാംസ്കാരിക വിഭാഗമായ രംഗശ്രീയുടെ പത്തനംതിട്ട ജില്ലാ യൂണിറ്റാണ് നാടകവുമായി നവകേരള ലോട്ടറി പ്രചാരണത്തിനെത്തിയത്.
ഒക്ടോബർ മൂന്നിനാണ് നവകേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 90 പേർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 100800 പേർക്ക് 5000 രൂപയും ലഭിക്കും. 250 രൂപയാണു ടിക്കറ്റ് വില.
ജില്ലയിലെ തെരുവ് നാടക പ്രചാരണ പരിപാടികൾക്ക് ജില്ലാ ലോട്ടറി ഓഫിസർ സുചിത്ര കൃഷ്ണൻ, അസിസ്റ്റന്റ് ലോട്ടറി ഓഫിസർ മിത്ര, വി. സുരേഷ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർമാരായ കെ.എസ്. അനു, സൂര്യ തുടങ്ങിയവർ നേതൃത്വം നൽകി.
Comments
0 comments