പ്രളയക്കെടുതി നേരിടാൻ എൻ ഡി ആർ എഫും പ്രതിരോധ സേനയും

ഇടുക്കി അണക്കെട്ട് തുറന്ന സാഹചര്യവും പ്രളയവും മഴക്കെടുതികളും നേരിടുന്നതിന് സംസ്ഥാനത്തെ സഹായിക്കാൻ എല്ലാ വിധ സജ്ജീകരണങ്ങളുമായി ദേശീയ ദുരന്ത പ്രതികരണ സേനയും ( എൻ. ഡി. ആർ. എഫ്) പ്രതിരോധ സേനാംഗങ്ങളും രംഗത്ത്.

എൻ. ഡി. ആർ. എഫിന്റെ 14 സംഘങ്ങളാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ എത്തിയിരിക്കുന്നത്. പെരിയാറിൽ വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്.

നേരത്തെ തന്നെ ആലുവയിൽ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇടുക്കി ചെറുതോണിയിലും വത്തിക്കുടിയിലും ഓരോ ടീമുകളെ നിയോഗിച്ചിരിക്കുകയാണ്. കോഴിക്കോടു നിന്ന് മറ്റൊരു സംഘം തൃശൂരിലേക്ക് നീങ്ങിയിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റു ടീമുകൾ. ആരക്കോണത്ത് നിന്നുള്ള 90 അംഗ സംഘവും ഗുണ്ടൂരിൽ നിന്നുള്ള 15 അംഗ സംഘവും കൊച്ചി നേവൽ ബേസിലെത്തിയിട്ടുണ്ട്. എല്ലാ വിധ ആധുനിക സംവിധാനങ്ങളോടെയാണ് ഇവർ എത്തുന്നത്.
നേവിയുടെ 15 ഡൈവർമാർ ഉൾപ്പെടെയുള്ള സംഘം മലപ്പുറത്തുണ്ട്.

അഞ്ച് നേവി ഡൈവർമാരടങ്ങുന്ന 36 അംഗ സംഘത്തെ വയനാട്ടിൽ വിന്യസിച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയുടെ 60 അംഗ സംഘവും ഇവിടെയുണ്ട്. നിലമ്പൂർ ചുങ്കത്തറയിൽ ആർമിയുടെ ഒരു കോളവും ഇടുക്കി ദേവികുളത്ത് മറ്റൊരു കോളവും ഉണ്ട്. ഓഫീസർമാർ ഉൾപ്പെടെയുള്ള 105 അംഗ ടീം കണ്ണൂരിൽ നിലയുറപ്പിച്ചിട്ടുണ്ട്.

എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ സേവനം വിനിയോഗിക്കുന്നുണ്ട്. മൂന്ന് എ. എൽ. എച്ച് ഹെലികോപ്റ്ററുകളും രണ്ട് എം. ഐ 17 വി ഹെലികോപ്റ്ററുകളും നാല് എ. എൻ 32 ഉം, രണ്ട് ആർട്ടിലറി യൂണിറ്റുകളും ഒരു മദ്രാസ് റെജിമെന്റ് യൂണിറ്റും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ബാംഗ്‌ളൂരിൽ നിന്നുള്ള മിലിട്ടറി എൻജിനിയറിംഗ് ഗ്രൂപ്പിന്റെ 37 അംഗ സംഘം മലപ്പുറത്തുണ്ട്. 37 അംഗങ്ങളുള്ള മറ്റൊരു സംഘത്തെ ഇടുക്കിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈദരാബാദിൽ നിന്നുള്ള 32 ഓഫീസർമാരുടെ സംഘത്തെ ആലുവയിലെത്തിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക: മുഖ്യമന്ത്രി

മരണം 29; നാലു പേരെ കാണാതായി